കണ്ണൂരിൽ സുധാകരൻ, കോഴിക്കോട് ചെന്നിത്തല; കോർപറേഷനുകൾ പിടിക്കാൻ കോൺഗ്രസ്
Mail This Article
തിരുവനന്തപുരം ∙ വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ കോർപറേഷനുകളുടെ ഭരണം പിടിക്കാൻ സംസ്ഥാനത്തെ മുതിർന്ന നേതാക്കളെ കോൺഗ്രസ് രംഗത്തിറക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് കൊച്ചിയിലും എഐസിസി പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തലയ്ക്കു കോഴിക്കോട്ടും കെപിസിസി പ്രസിഡന്റ് കെ.സുധാകരനു കണ്ണൂരിലും ചുമതല നൽകി. തിരുവനന്തപുരം കോർപറേഷൻ ഭരണം പിടിക്കാനുള്ള ചുമതല എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥിനെയും തൃശൂർ എഐസിസി സെക്രട്ടറി റോജി എം.ജോണിനെയും ഏൽപിച്ചു. കൊല്ലത്തു രാഷ്ട്രീയകാര്യ സമിതിയംഗം വി.എസ്.ശിവകുമാറിനാണു ചുമതല.
2 ദിവസമായി വയനാട്ടിൽ ചേർന്ന നേതൃക്യാംപിലാണു തീരുമാനം. നിലവിൽ കണ്ണൂർ കോർപറേഷനിൽ മാത്രമാണു കോൺഗ്രസിനു ഭരണം. തൃശൂരും കൊച്ചിയും കഴിഞ്ഞ തവണ ചെറിയ വ്യത്യാസത്തിനാണു നഷ്ടമായത്. അരനൂറ്റാണ്ടായി ഭരണം ലഭിക്കാത്ത കോഴിക്കോട് കോർപറേഷനിൽ ഏറ്റവും പ്രധാനപ്പെട്ട നേതാവ് തന്നെ വേണമെന്ന തീരുമാനമാണു ചെന്നിത്തലയെ ചുമതലക്കാരനാക്കാൻ കാരണം. സംസ്ഥാന ഭരണം പിടിക്കാൻ മുന്നിൽ നിൽക്കേണ്ട നേതാക്കളെ കോർപറേഷൻ പിടിക്കാൻ ഇറക്കുന്നതിലൂടെ കോൺഗ്രസിന്റെ സന്ദേശം വ്യക്തമാണ്. തീരുമാനം പ്രവർത്തകരിൽ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഗൗരവം വർധിപ്പിക്കുമെന്നും അവരെ സജീവമാക്കുമെന്നും നേതൃത്വം കരുതുന്നു. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ യോഗത്തിൽ വച്ച നിർദേശം നേതാക്കൾ മടി കൂടാതെ ഏറ്റെടുക്കുകയായിരുന്നു.
ഒപ്പം,തദ്ദേശഭരണ തിരഞ്ഞെടുപ്പിനായി ജില്ലകളുടെ ചുമതലക്കാരെയും നിശ്ചയിച്ചു. തിരുവനന്തപുരം– തിരുവഞ്ചൂർ രാധാകൃഷ്ണൻ, കൊല്ലം–അടൂർ പ്രകാശ്, പത്തനംതിട്ട–ഷാനിമോൾ ഉസ്മാൻ, കോട്ടയം–ബെന്നി ബഹ്നാൻ, ഇടുക്കി– ജോസഫ് വാഴയ്ക്കൻ, എറണാകുളം– ആന്റോ ആന്റണി, തൃശൂർ– എ.പി.അനിൽകുമാർ, പാലക്കാട്– ടി.എൻ.പ്രതാപൻ, മലപ്പുറം– എം.കെ.രാഘവൻ, കോഴിക്കോട്– രാജ്മോഹൻ ഉണ്ണിത്താൻ, വയനാട്– സണ്ണി ജോസഫ്, കണ്ണൂർ– ടി.സിദ്ദീഖ്, കാസർകോട്– ഷാഫി പറമ്പിൽ എന്നിവർ ജില്ലകളുടെ ചുമതല വഹിക്കും. ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറിയുമായി ബന്ധപ്പെട്ടു തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ഏകോപിപ്പിക്കാനാണു നിർദേശം. മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും പ്രധാന നേതാക്കൾ ചുമതലക്കാരായി വരും. ഇക്കാര്യത്തിൽ ഡിസിസി പ്രസിഡന്റും ജനറൽ സെക്രട്ടറിമാരും ചർച്ച നടത്തി തീരുമാനിക്കണം.
ജില്ലകളെ 5 ക്ലസ്റ്ററുകളായി തിരിച്ചു സംഘടനാ പ്രശ്നങ്ങൾ പരിഹരിക്കാൻ നേരത്തേ തീരുമാനിച്ചിരുന്നെങ്കിലും ഓരോ ജില്ലകളിലെയും പ്രശ്നങ്ങൾ പ്രത്യേകമായി പരിഹരിക്കാൻ നേതൃയോഗം തീരുമാനിച്ചു. ജില്ലകളുടെ ചുമതല നൽകിയിട്ടുള്ള നേതാക്കൾ നേതൃത്വം വഹിക്കും. കെപിസിസി വർക്കിങ് പ്രസിഡന്റുമാർ മുൻപുണ്ടായിരുന്ന രീതിയിൽ മേഖലകളുടെ ചുമതല വഹിക്കണമെന്നു യോഗം നിർദേശിച്ചു. കൊടിക്കുന്നിൽ സുരേഷ് തെക്കൻ മേഖലയുടെയും ടി.എൻ.പ്രതാപൻ മധ്യമേഖലയുടെയും ടി.സിദ്ദീഖ് വടക്കൻ മേഖലയുടെയും ചുമതല വഹിക്കും.