ADVERTISEMENT

തിരുവനന്തപുരം ∙ എസ്എൻഡിപി യോഗത്തിനെതിരായ ഭീഷണി സിപിഎം അവസാനിപ്പിക്കുന്നതാണു നല്ലതെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ബിജെപിക്കു വോട്ട് ചെയ്തതിന്റെ പേരിൽ ആരെയും വേട്ടയാടാൻ സിപിഎമ്മിനെ അനുവദിക്കില്ല. നഗ്നമായ ന്യൂനപക്ഷ പ്രീണനമാണ് ഇടതുപക്ഷത്തിന്റെ അടിത്തറ തകർത്തത്. അതിനു ഭൂരിപക്ഷ വിഭാഗങ്ങളുടെ നെഞ്ചത്തു കയറിയിട്ടു കാര്യമില്ല. ന്യൂനപക്ഷ പ്രീണനം തുടരുമെന്നാണു സിപിഎം നൽകുന്ന സന്ദേശം. ഇതോടെ അടിസ്ഥാന ജനവിഭാഗങ്ങളും പാരമ്പര്യമായി സിപിഎമ്മിനെ പിന്തുണയ്ക്കുന്നവരും കൂടി സിപിഎമ്മിനെ കൈവെടിയും. അതിന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ആക്ഷേപിച്ചിട്ടു കാര്യമില്ല. 

വെള്ളാപ്പള്ളിയെയും കുടുംബത്തെയും വളഞ്ഞിട്ടാക്രമിക്കുകയാണു സിപിഎം. ഇത് അനുവദിച്ചു കൊടുക്കാൻ ബിജെപിക്കു സാധിക്കില്ല. ഈഴവർ എല്ലാകാലത്തും പിന്തുണയ്ക്കുമെന്ന സിപിഎമ്മിന്റെ മിഥ്യാധാരണ ലോക്സഭാ തിരഞ്ഞെടുപ്പോടെ അവസാനിച്ചു. എസ്‌സി, എസ്‌ടി വിഭാഗങ്ങളും സിപിഎമ്മുമായുള്ള ബന്ധം അവസാനിപ്പിച്ചു തുടങ്ങി. എന്നാൽ മുസ്‌ലിം വിഭാഗങ്ങളുടെ വോട്ട് ഇത്തവണ കിട്ടാതിരുന്നിട്ടും സിപിഎം അവരെ വിമർശിക്കുന്നില്ല. സമസ്തയുടെ നേതാക്കൾ ഉൾപ്പെടെ സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ശക്തമായ വിമർശനം നടത്തിയിട്ടും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഒരക്ഷരം ഉരിയാടിയില്ല.

ന്യൂനപക്ഷങ്ങളെ പോലും രണ്ടായി കാണുന്നതാണ് സിപിഎമ്മിന്റെ ശൈലി. മുസ്‌ലിം വിഭാഗത്തെ പ്രീണിപ്പിക്കുമ്പോൾ ക്രൈസ്തവരെ അവഗണിക്കുന്നതാണ് സിപിഎമ്മിന്റെയും പിണറായി സർക്കാരിന്റെയും നിലപാട്. ന്യൂനപക്ഷ ആനുകൂല്യങ്ങളുടെ കാര്യത്തിൽ 80:20 അനുപാതം തുടരാൻ നിയമനടപടി സ്വീകരിച്ചത് ഈ പക്ഷപാതത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. വോട്ട് ചെയ്യാത്തവരെ വെല്ലുവിളിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും ഫാഷിസ്റ്റ് സമീപനമാണെന്നും സുരേന്ദ്രൻ പറഞ്ഞു.

English Summary:

K. Surendran Criticizes CPM's Treatment of SNDP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com