ADVERTISEMENT

ന്യൂഡൽഹി∙ പ്രതിരോധ രംഗത്ത് ഇന്ത്യയുടെ കുന്തമുനയായ സുഖോയ് യുദ്ധവിമാനങ്ങൾ കയറ്റുമതി ചെയ്യാൻ ധാരണ. വിമാനത്തിന്റെ ഇന്ത്യയിലെ നിർമാതാക്കളായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്കൽ ലിമിറ്റ‍ഡും റഷ്യൻ സുഖോയിസും തമ്മിൽ ഇതു സംബന്ധിച്ച് ചർച്ചകൾ നടന്നതായി യുറേഷ്യൻ ടൈംസ് റിപ്പോർട്ട് ചെയ്​തു. ഉൽപാദനത്തെ പിന്തുണയ്ക്കാൻ റഷ്യ സമ്മതിച്ചതായാണ് വിവരം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യൻ സന്ദർശന വേളയിലാണ് കയറ്റുമതി ഉൽപാദനത്തിന് ഇരുരാജ്യങ്ങളും യോജിച്ച് പ്രവർത്തിക്കാമെന്ന് ധാരണയായത്. മേക്ക് ഇൻ ഇന്ത്യ പദ്ധതിക്കു കീഴിലായിരിക്കും സുഖോയ് എസ്​യു – 30എംകെഐ വിമാനങ്ങൾ നിർമിച്ച് കയറ്റുമതി ചെയ്യുക. അടുത്തിടെ ഫിലിപ്പീൻസിലേക്ക് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈലുകൾ ഇന്ത്യ കയറ്റുമതി ചെയ്തിരുന്നു. 

ഇന്ത്യയിൽ സുഖോയ് എസ്​യു-30എംകെഐയുടെ ഉത്പാദനം പുനരാരംഭിച്ച് മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനാണ് ഇന്ത്യയും റഷ്യയും ചർച്ച നടത്തിയത്. നിലവിൽ ആവശ്യക്കാർ ഇല്ലാത്തതിനാൽ സുഖോയ് വിമാനത്തിന്റെ അസംബ്ലി ലൈൻ എച്ച്എഎൽ വൈകാതെ അവസാനിപ്പിക്കും. നാസിക്കിലെ ഡിവിഷനിൽ മിഗ് ശ്രേണിയിലുള്ള യുദ്ധവിമാനങ്ങളുടെയും സുഖോയ് എസ്​യു – 30എംകെഐ യുടെയും അറ്റകുറ്റപ്പണികളും മറ്റു ജോലികളും തുടരാനാണ് നീക്കം. കഴിഞ്ഞ 20 വർഷം കൊണ്ട് സുഖോയ് യുദ്ധവിമാനത്തിന്റെ നിർമാണത്തിനായി 2000-ലധികം ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ സഹായമാണ് എച്ച്എഎൽ ഉപയോഗപ്പെടുത്തിയത്.

നിലവിൽ വ്യോമസേനയുടെ കയ്യിലുള്ള യുദ്ധവിമാനങ്ങളിൽ ഏറ്റവും മികച്ചതാണ് സുഖോയ് എസ്​യു – 30എംകെഐ വിമാനങ്ങള്‍. വ്യോമസേനയുടെ പക്കലുള്ള സുഖോയ് യുദ്ധവിമാനങ്ങളുടെ നവീകരണം നടക്കുന്നുണ്ട്. 272 സുഖോയ് എസ്​യു – 30എംകെഐ വിമാനങ്ങളാണ്  വ്യോമസേനയ്ക്കുള്ളത് . ഇതിൽ 50 എണ്ണം റഷ്യയിലും 222 എണ്ണം എച്ച്എഎല്ലിന്റെ നാസിക്കിലെ പ്ലാന്റിലുമാണ് നിർമിച്ചത്. ഇതിൽ 40 വിമാനങ്ങൾക്ക് മാത്രമേ സൂപ്പർ സോണിക് ക്രൂസ് മിസൈലായ ബ്രഹ്മോസിനെ വഹിക്കാനുള്ള ശേഷിയുള്ളൂ.

വ്യോമസേനയ്ക്ക് ലഭിക്കാനിരിക്കുന്ന 12 സുഖോയ് വിമാനങ്ങൾ ഏറ്റവും നൂതനമായ സാങ്കേതിക വിദ്യയുടെ സഹായത്തോടെയായിരിക്കും നിർമിക്കുക. റഷ്യയുടെ സഹായത്തോടെ ഇന്ത്യയിലാകും നിർമാണം. കൂടുതൽ തദ്ദേശീയമായ ഉപകരണങ്ങളും പുതിയ സുഖോയ് എസ്​യു – 30എംകെഐ വിമാനത്തിൽ ഉണ്ടായിരിക്കും. ഇന്ത്യൻ നിർമിത ആയുധ സംവിധാനങ്ങളും റഡാറുകളും ഉപയോഗിക്കും. ഇന്ത്യയെ കൂടാതെ ചൈന, അൾജീരിയ, ഇന്തോനീഷ്യ, മലേഷ്യ, ഉഗാണ്ട, വെനസ്വേല, വിയറ്റ്നാം എന്നിവിടങ്ങളിലാണ് സുഖോയ് എസ്​യു – 30എംകെഐ യുടെ വിവിധ പതിപ്പുകൾ ഉപയോഗിക്കുന്നത്.

English Summary:

After BrahMos Missile, India, Russia Eye Partnership On Sukhoi Fighters; May Export Su-30 Flankers To Allies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com