എകെജി സെന്റർ ആക്രമണം: യൂത്ത് കോൺഗ്രസ് നേതാവിനു ജാമ്യം
Mail This Article
കൊച്ചി∙ എകെജി സെന്റർ ആക്രമണ കേസിലെ രണ്ടാം പ്രതിയും യൂത്ത് കോൺഗ്രസ് നേതാവുമായ സുഹൈൽ ഷാജഹാന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഈ മാസം മൂന്നിന് ഡൽഹിയിൽനിന്ന് അറസ്റ്റിലായശേഷം ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു. ജസ്റ്റിസ് വിജു ഏബ്രഹാമിന്റെ ബെഞ്ചാണ് ഉപാധികളോടെ പ്രതിക്കു ജാമ്യം അനുവദിച്ചത്. മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് സുഹൈൽ ഹൈക്കോടതിയെ സമീപിച്ചത്.
ഈ കേസിൽ ഉൾപ്പെടുത്തിയതു രാഷ്ട്രീയ പ്രതികാരം തീർക്കുന്നതിന്റെ ഭാഗമാണെന്നു സുഹൈൽ ജാമ്യഹർജിയിൽ പറയുന്നു. നിയമവ്യവസ്ഥയെ അംഗീകരിക്കുന്ന ആളാണെന്നും ഒരിക്കലും ഒളിച്ചോടിയിട്ടില്ല. ഏതുവിധത്തിലുള്ള അന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്നും ഹർജിക്കാരൻ പറഞ്ഞിരുന്നു. എകെജി സെന്ററിനുനേരെ ബോംബെറിഞ്ഞ ഒന്നാം പ്രതിക്കും ബോംബും സ്കൂട്ടറും കൈമാറിയ നാലാം പ്രതിക്കും ജാമ്യം ലഭിച്ചുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
ഈ മാസം മൂന്നിന് അറസ്റ്റിലായി 4 മുതൽ ജൂഡീഷ്യൽ കസ്റ്റഡിയിലാണെന്ന് ഹർജിക്കാരൻ ജാമ്യ ഹർജിയിൽ ചൂണ്ടിക്കാട്ടി. ‘‘പ്രോസിക്യൂഷൻ ആരോപിച്ചിരിക്കുന്ന കാര്യങ്ങൾ തെറ്റും വാസ്തവവിരുദ്ധവുമാണ്. എകെജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് എന്റെ ചിത്രങ്ങൾ സിസിടിവിയിൽ പതിഞ്ഞതു തെളിവായുണ്ടെന്നു പൊലീസ് പറയുന്നത് കളവാണ്. ഞാൻ ഹെൽമെറ്റ് ധരിച്ചിരുന്നില്ല എന്ന് ആദ്യം പറഞ്ഞ പൊലീസിന്റെ ഒടുവിലെ റിപ്പോർട്ട് ഹെൽമെറ്റ് ധരിച്ചിരുന്നു എന്നാണ്. ആക്രമണസമയം പ്രതി കറുത്ത ഫുൾ സ്ലീവ് ഷർട്ടും ചാര നിറമുള്ള ഷൂവും ധരിച്ചിരുന്നു എന്നു പൊലീസ് പറയുമ്പോൾ സിസിടിവി ക്യാമറയിലുള്ള ദൃശ്യത്തിലുള്ളത് വെളുത്ത ഷർട്ട് ധരിച്ചിരിക്കുന്നു എന്നാണ്’’ – ജാമ്യ ഹർജിയിൽ പറയുന്നു. ഇത്തരത്തിൽ പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പ്രോസിക്യൂഷൻ തന്നെ കേസിൽ ഉൾപ്പെടുത്താനായി ഉൾക്കൊള്ളിച്ചിരിക്കുന്നത് എന്നു കാണിച്ചാണ് സുഹൈൽ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.