ADVERTISEMENT

ന്യൂഡൽഹി∙ നീറ്റ് യുജിയുമായി ബന്ധപ്പെട്ട ഹർജികളിൽ ഇന്നത്തെ വാദം പൂർത്തിയായി. തിങ്കളാഴ്ച രാവിലെ 10.30നു വാദം തുടരും. ഉച്ചയ്ക്കു മുൻപായി വാദം തീർക്കാൻ ശ്രമിക്കുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. നഗരാടിസ്ഥാനത്തിലും പരീക്ഷാകേന്ദ്രത്തിന്റെ അടിസ്ഥാനത്തിലും തരംതിരിച്ചുള്ള നീറ്റ് യുജി പരീക്ഷാഫലം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാൻ കേന്ദ്ര സർക്കാരിനോടു സുപ്രീം കോടതി നിർദേശിച്ചു. വിദ്യാർഥികളുടെ പേര് മറച്ചുകൊണ്ടായിരിക്കും ഫലം പ്രസിദ്ധീകരിക്കുക. കേന്ദ്രം എതിർത്തെങ്കിലും ശനിയാഴ്ചയ്ക്കകം ഇതു പ്രസിദ്ധീകരിക്കാൻ കോടതി നിർദേശിക്കുകയായിരുന്നു. 2023–ൽ നിന്നു 2024ലേക്ക് എത്തുമ്പോൾ വിവിധ നഗരങ്ങളിൽനിന്ന് ആദ്യ 100 പേരുടെ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവരുടെ എണ്ണത്തിൽ കാര്യമായ വർധനയുണ്ടായിട്ടില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. 

ഉച്ചയ്ക്ക് ശേഷമുണ്ടായ  പ്രധാനവാദങ്ങളും നിർദേശങ്ങളും: 

വിവിധ കേന്ദ്രങ്ങൾ തമ്മിൽ നടത്തിയ താരതമ്യത്തിലും അപാകതയുണ്ട്. പരീക്ഷ ക്രമക്കേട് ഉണ്ടായിട്ടില്ലെന്നു വാദിക്കാൻ ഐഐടി മദ്രാസിന്റെ റിപ്പോർട്ടിൽ പ്രശ്നമുണ്ട്. നീറ്റ് യുജിയിൽ 550 മുതൽ 720 (മുഴുവൻ മാർക്ക്) വരെ നേടിയവരുടെ എണ്ണം മുൻ വർഷത്തെക്കാൾ ഇക്കുറി 5 മടങ്ങാണെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ നരേന്ദ്ര ഹൂഡ വാദിച്ചു. എന്നാൽ അതു ചോദ്യപ്പേപ്പർ ചോർച്ചയുടെ ലക്ഷണമാണോ എന്നു ചീഫ് ജസ്റ്റിസ് ചോദിച്ചു. അത് അപകടമാണെന്നായിരുന്നു ഹൂഡയുടെ മറുപടി. ചോദ്യപ്പേപ്പറിന്റെ അച്ചടി മുതൽ അതു പരീക്ഷാകേന്ദ്രത്തിൽ എത്തുന്നതു വരെയുള്ള വിവധ ഘട്ടങ്ങളെക്കുറിച്ചു സിബിഐ അന്വേഷണം നടത്തിയതാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ചോദ്യപ്പേപ്പർ അച്ചടിയേയും വിതരണത്തെയും കുറിച്ചു സോളിസിറ്റർ ജനറൽ വിശദീകരിച്ചു. അതേക്കുറിച്ചു സത്യവാങ്മൂലത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നരേന്ദർ ഹൂഡയും ചൂണ്ടിക്കാട്ടി. 

എൻടിഎ നൽകിയ സത്യവാങ്മൂലത്തിൽ വസ്തുതാപിശകുകൾ ഉണ്ടെന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചു. ഹസാരിബാഗിലെ ചോർച്ചവിവാദം ചൂണ്ടിക്കാട്ടി, പരീക്ഷയ്ക്ക് 2 ദിവസം മുൻപു തന്നെ ചോദ്യപ്പേപ്പർ ചോർച്ചയുണ്ടായെന്നും സുരക്ഷ പോലുമില്ലാതെ ഇ–റിക്ഷയിലാണു ചോദ്യപ്പേപർ കൊണ്ടുപോയതെന്നും വാദമുണ്ടായി. എന്നാൽ ചോദ്യപേപ്പർ അല്ല ഒഎംആർ ഷീറ്റുകളാണ് ചോർന്നതെന്നു തുഷാർ മേത്ത തിരുത്തി. നീറ്റ് പേപ്പറുകൾ കൊണ്ടുപോകാൻ സ്വകാര്യ ഏജൻസിയെ ആണോ സമീപിക്കുന്നതെന്ന് സർക്കാരിനോട് കോടതിയുടെ ചോദിച്ചു. തന്റെ വാദത്തിൽ ഇക്കാര്യത്തിൽ വിശദമായ മറുപടി നൽകാമെന്നും തുഷാർ മേത്ത. പരീക്ഷയ്ക്ക് തലേദിവസം മുൻപു തന്നെ ചോദ്യപ്പേപ്പർ ചോർച്ച ടെലിഗ്രാം ചാനലിലൂടെ സംഭവിച്ചിട്ടുണ്ടെന്ന വാദം നരേന്ദർ ഹൂഡ ആവർത്തിച്ചു. എന്നാൽ ചോദ്യപ്പേപ്പർ ചോർച്ച സ്ഥാപിക്കാൻ ടെലിഗ്രാമിൽ വിഡിയോ ചമച്ചതാണെന്ന വാദം കോടതി തള്ളി. ബിഹാർ പൊലീസിന്റെ അന്വേഷണ വിവരങ്ങളും ചൂണ്ടിക്കാട്ടി. രാവിലെ 8നും 9.23നും ഇടയിലാണു ചോദ്യപ്പേപ്പർ ചോർച്ചയുണ്ടായതെന്നു കേന്ദ്ര സർക്കാർ പറഞ്ഞു.

പട്നയിലും ഹസാരിബാഗിലും സംഭവിച്ചതിനു സമാനമായ ക്രമക്കേട് മറ്റെവിടെയെങ്കിലും നടന്നിട്ടുണ്ടോ എന്നു വിശദീകരിക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടപ്പോൾ ഗോധ്‌രയിലെ എൻട്രൻസ് കോച്ചിങ് സെന്റർ കേന്ദ്രകീരിച്ചു നടന്ന തട്ടിപ്പ് ഹർജിക്കാർ വിശദീകരിച്ചു. ഉദ്യോഗ്ഥരുടെ സമയോചിതമായ ഇടപെടൽ മൂലം ഈ തട്ടിപ്പ് തടയാൻ കഴിഞ്ഞുവെന്നും സോളിസിറ്റർ ജനറൽ. ഗോധ്‌രയിലെ 2 കേന്ദ്രങ്ങളിലായി 2513 വിദ്യാർഥികളുണ്ടായിരുന്നുവെന്ന് ഹർജിക്കാർ. അതിൽ 18 വിദ്യാർഥികൾ യോഗ്യത നേടിയെന്ന് മറുപടി. 

ഗോധ്‌രയിലെ 2513 പേരിൽ കേന്ദ്രം മാറിയെത്തിയവരുടെ എണ്ണം 14 ആണെന്നും അവരാരും യോഗ്യത നേടിയിട്ടില്ലെന്നും തുഷാർ മേത്ത പറഞ്ഞു. പട്നയ്ക്കും ഹസാരിബാഗിനും പുറമേ, ഗോധ്‌രയിലും സമാന പ്രശ്നങ്ങളുണ്ടായത് ചോർച്ച വ്യാപകമായിരുന്നുവെന്നതിന്റെ തെളിവാണെന്ന് ഹർജിക്കാർ വാദിച്ചു. എന്നാൽ ഗോധ്‌രയിലെ സംഭവം വ്യാപക ക്രമക്കേടിന്റെ സൂചനയായി കരുതാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ്. 61 കുട്ടികളിൽ 44 പേർക്ക് ഗ്രേസ് മാർക്കിന്റെ ആനുകൂല്യമുള്ളതു കൊണ്ടായിരുന്നു മുഴുവൻ മാർക്ക് കിട്ടിയത്. അതിന്റെ പേരിൽ മാത്രം 23 ലക്ഷം പേർ എഴുതിയ പരീക്ഷ റദ്ദാക്കാൻ കഴിയുമോ എന്നും ചീഫ് ജസ്റ്റിസ്. പട്നയിലും ഹസാരിബാഗിലും ചോദ്യപ്പേപ്പർ ചോർച്ചയുണ്ടായെന്ന കാര്യം വ്യക്തമാണെന്നു കോടതി ആവർത്തിച്ചു. ഇവിടങ്ങളിൽ മാത്രമേ ഈ പ്രശ്നമുണ്ടായിട്ടുള്ളോ എന്നതാണ് അറിയേണ്ടത്. ചോദ്യപ്പേപ്പർ ചോർച്ചയുടെ വ്യാപ്തിയും വ്യക്തമാക്കേണ്ടതുണ്ട്. 

ഇന്നു രാവിലെ നടന്ന വാദത്തിൽനിന്ന്:

നീറ്റ് ചോദ്യപേപ്പർ ചോർച്ചാ വിഷയത്തിൽ സുപ്രീം കോടതിയിൽ വിദ്യാർഥികൾക്കു വേണ്ടിയാണ് ആദ്യ വാദം നടന്നത്. എത്ര വിദ്യാർഥികളാണ് സുപ്രീം കോടതിയിൽ ഹർജിയുമായി എത്തിയതെന്ന് അറിയിക്കാൻ സുപ്രീം കോടതി ദേശീയ പരീക്ഷ ഏജൻസിയോടു നിർദേശിച്ചു. ഉച്ചയ്ക്ക് മുൻപ് ഇക്കാര്യം അറിയിക്കാനാണ് ആവശ്യപ്പെട്ടത്. ഹർജിക്കാരായ വിദ്യാർഥികളുടെ മാർക്ക് വിവരവും അറിയിക്കണം.

ഹർജിക്കാർക്കു വേണ്ടി നരേന്ദ്ര ഹൂഡ ആദ്യം വാദമുന്നയിച്ചു. നിലവിലെ പട്ടിക പ്രകാരം മെഡിക്കൽ പ്രവേശനത്തിനു യോഗ്യത നേടിയ 1.08 ലക്ഷം വിദ്യാർഥികളിൽ പെടുന്ന 254 പേരും അതിനു പുറത്തുള്ള (പരീക്ഷയെഴുതിയ മറ്റ് 22 ലക്ഷം പേരിൽ) 131 പേരുമാണ് കോടതിയിൽ ഹർജികളുമായി ഉള്ളതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടി. 

നീറ്റ് പരീക്ഷാഫലം സംബന്ധിച്ചു ഐഐടി മദ്രാസ് നടത്തിയ പഠനം കോടതി പരിശോധിച്ചു. ഹർജിക്കാരിൽനിന്ന് അതേക്കുറിച്ചു വ്യക്തത തേടി. ജില്ലാതലത്തിലും പരീക്ഷാകേന്ദ്ര തലത്തിലും കഴിഞ്ഞ 2 വർഷത്തെ പരീക്ഷാഫലം പരിശോധിച്ചു. ഇക്കാര്യങ്ങളിൽ വലിയ തോതിൽ ക്രമക്കേടിന്റെ സൂചനയില്ലെന്നാണ് ഐഐടിയുടെ റിപ്പോർട്ട്. അതു നരേന്ദ്ര ഹൂഡ വായിച്ചു. മദ്രാസ് ഐഐടിയുടെ അനാലിസിസിന്റെ രീതിയിൽ യഥാർഥ പ്രശ്നം കണ്ടെത്താൻ കഴിയില്ലെന്നും നരേന്ദ്ര ഹൂഡ. 23 ലക്ഷം വിദ്യാർഥികളുടെയും കാര്യത്തിൽ പരിശോധന നടത്തിയെന്ന വാദം അംഗീകരിക്കാനാകില്ല. പ്രവേശന  പരിശോധന നടത്തിയെന്ന വാദം അംഗീകരിക്കാനാകില്ല. പ്രവേശന സാധ്യതയും യോഗ്യതയും നേടിയ 1.8 ലക്ഷം വിദ്യാർഥികളുടെ ഫലത്തിന്റെ കാര്യത്തിലാണ് ഡേറ്റ അനാലിസിസ് വേണ്ടിയിരുന്നത്.

വലിയ ഡേറ്റയുടെ അപഗ്രഥനം ആയതിനാൽ ചെറിയ പിഴവുകൾ കാണാനാകില്ലെന്നു ഹർജിക്കാർ വാദിച്ചു. നഗരാടിസ്ഥാനത്തിലുള്ള റാങ്കിന്റെ കാര്യത്തിലും വലിയ ക്രമക്കേട് കണ്ടെത്തിയിട്ടില്ലെന്നാണ് ഐഐടി മദ്രാസിന്റെ റിപ്പോർട്ടിലുമുള്ളതെന്നും വാദം. സോളിസിറ്റർ ജനറൽ ഇടപെട്ട് മദ്രാസ് ഐഐടിയുടെ കണക്കുകൾ വിശദീകരിച്ചു. ആദ്യ 100 റാങ്കുകാർ ഏതു നഗരത്തിൽനിന്നു വരുന്നവരാണെന്ന കാര്യം പട്ടികയായി നൽകാൻ കഴിയുമോയെന്ന് ചീഫ് ജസ്റ്റിസ്. അതു മറുപടി സത്യവാങ്മൂലത്തിൽ ഉണ്ടെന്ന് എൻടിയുടെ അഭിഭാഷകൻ പറഞ്ഞു. 

ആദ്യ 100 റാങ്കുകാരിൽ യുപിയിലെ ലക്നൗവിൽനിന്നു 4 വിദ്യാർഥികളുണ്ടെന്ന് സോളിസിറ്റർ ജനറൽ പറഞ്ഞു. ജയ്പുരിൽനിന്ന് മാത്രം ഒൻപതു പേർ ആദ്യ 100 റാങ്കുകരിൽ ഉണ്ടെന്നും ഹർജിക്കാർ അറിയിച്ചു. ഇക്കാര്യം എൻടിഎയ്ക്ക് സത്യവാങ്മൂലത്തിൽ നൽകാൻ കഴിയില്ലെന്നും കുറ്റപ്പെടുത്തി. ബിഹാറിൽനിന്ന് ഏഴു പേർ ആദ്യ 100 റാങ്കിലുണ്ടെന്നും ഹർജിക്കാർ പറഞ്ഞു. ആദ്യ 100 റാങ്കുകാരിൽ ഗുജറാത്തിൽനിന്ന് ആറു പേരുണ്ട്. ഹരിയാനയിൽനിന്ന് നാലു പേരാണുള്ളത്. എൻടിഎ തയാറാക്കിയ ഈ പട്ടികയിൽ പിഴവുണ്ടെന്നും ഹരിയാനയിലെ ഒരു കേന്ദ്രത്തിൽ പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക്, അതും ഒരേ ബാങ്കിലെ ലോക്കറിൽനിന്നു കൊണ്ടുവന്ന ചോദ്യപേപ്പർ എഴുതിയവർക്ക് ഉയർന്ന റാങ്ക് ലഭിച്ചെന്നും ഹർജിക്കാർ ആരോപിച്ചു. ആ വിഷയം മറ്റൊന്നാണെന്നും ഈ ഘട്ടത്തിൽ പറയേണ്ടതല്ലെന്നും സോളിസിറ്റർ ജനറലിൽ ഇടപെട്ടു. കോടതി വിലക്കാത്തതിനാൽ ഈ വാദത്തെക്കുറിച്ച് ഹർജിക്കാർ വാദം തുടർന്നു. 

ആദ്യ 100 റാങ്കുകാരിൽ കേരളത്തിൽനിന്ന് അഞ്ച് പേരാണുള്ളത്. മഹാരാഷ്ട്രയിൽനിന്ന് 5, തമിഴ്നാട്ടിൽനിന്ന് 8, യുപിയിൽനിന്ന് ആകെ ബംഗാളിൽനിന്ന് 5. ഫലത്തിൽ നീറ്റ് റാങ്ക് രാജ്യമാകെ വ്യാപിച്ചാണ്. ഒരിടത്തുനിന്ന് മാത്രമെന്ന് പറയാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ആദ്യ 100 റാങ്കുകാർ രാജ്യത്തെ 95 കേന്ദ്രങ്ങളിൽ നിന്നാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. 18 സംസ്ഥാനങ്ങളിൽനിന്നുള്ള വിദ്യാർഥികൾ ഈ കൂട്ടത്തിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

പരീക്ഷ എഴുതിയ ആകെ 23 ലക്ഷം പേരി‍ൽ എത്ര പേർ പരീക്ഷാകേന്ദ്രം മാറ്റിയെന്നു സുപ്രീം കോടതി ചോദിച്ചു. റജിസ്ട്രേഷൻ കഴിഞ്ഞാൽ തിരുത്തലിന് അവസരം നൽകുമ്പോഴാണു പരീക്ഷാകേന്ദ്രം മാറ്റുന്നതെന്നും ഇക്കാര്യം തങ്ങൾക്ക് അറിയില്ലെന്നും എൻടിഎ പറഞ്ഞു. അതേസമയം, തിരുത്തൽ വരുത്താനുള്ള അവസരം 15,000 പേർ ഉപയോഗിച്ചെന്നും എൻടിഎ അറിയിച്ചു. എന്നാൽ കേന്ദ്രം അനുവദിക്കുന്ന കാര്യത്തിൽ സുപ്രീം കോടതി കൂടുതൽ വ്യക്തത തേടി. ഏതു നഗരത്തിൽ കേന്ദ്രം വേണമെന്നാണ് വിദ്യാർഥികൾ അപേക്ഷിക്കുന്നതെന്നും കംപ്യൂട്ടർ സംവിധാനത്തിലൂടെയാണ് കേന്ദ്രം അനുവദിക്കുന്നതെന്നും എൻടിഎ മറുപടി നൽകി. പരീക്ഷാകേന്ദ്രം മാറ്റിയവരിൽ എത്ര പേർ ആദ്യ 1.8 ലക്ഷം പേരുടെ റാങ്ക് പട്ടികയിൽ എത്തിയെന്ന് സുപ്രീം കോടതി ചോദിച്ചു. തിരുത്തലിന്റെ അവസരം ഉപയോഗിച്ചെന്ന് എൻടിഎ ചൂണ്ടിക്കാട്ടിയ 15,000 പേരിൽ എത്ര പേർ റാങ്ക് പട്ടികയിൽ വന്നെന്നും ഉച്ചയ്ക്കു ശേഷം കോടതി ചേരുമ്പോൾ അറിയിക്കാൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എൻടിഎയോടു നിർദേശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com