അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ താൽക്കാലികമായി നിർത്തി; പുലർച്ചെ പുനരാരംഭിക്കും, റഡാർ എത്തിക്കും
Mail This Article
ബെംഗളൂരു∙ കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനും മറ്റുള്ളർക്കും വേണ്ടിയുള്ള ഇന്നത്തെ തിരച്ചിൽ നിർത്തി. വെള്ളിയാഴ്ച രാത്രി ഒൻപത് മണിക്ക് തിരച്ചിൽ നിർത്തിവച്ചുവെന്ന് ജില്ലാ കലക്ടർ അറിയിച്ചു. കനത്ത മഴയെ അവഗണിച്ചാണ് തിരച്ചിൽ നടന്നിരുന്നത്. ലൈറ്റുകൾ അടക്കം സജ്ജമാക്കിയിരുന്നു. എന്നാൽ മേഖലയിൽ ഇപ്പോൾ മഴ അതിശക്തമായി പെയ്യുകയാണ്. കൂടുതൽ മണ്ണിടിച്ചിലിനു സാധ്യതയുള്ളതിനാലാണ് തിരച്ചിൽ നിർത്തിയത്. ശനിയാഴ്ച അതിരാവിലെ തിരച്ചിൽ പുനരാരംഭിക്കും.
പുലർച്ചെ അഞ്ചരയ്ക്ക് തിരച്ചിൽ പുനരാരംഭിക്കുമെന്നാണ് ജില്ലാ ഭരണകൂടം നൽകുന്ന വിവരം. റഡാർ ഉപയോഗിച്ചായിരിക്കും തിരച്ചിൽ നടത്തുക. ബെംഗളുരുവിൽ നിന്ന് റഡാർ ഡിവൈസ് എത്തിക്കും. വളരെ ആഴത്തിലുള്ള വസ്തുക്കൾ വരെ കണ്ടെത്താൻ കഴിയുന്ന റഡാറാണ് കൊണ്ടുവരിക. റഡാർ വഴി കൃത്യം ലോറി കണ്ടെത്താൻ കഴിഞ്ഞാൽ ആ ദിശ നോക്കി മണ്ണെടുപ്പ് നടത്തും. മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് നാവികസേനയും എൻഡിആർഎഫും തിരച്ചിൽ നടത്തിയിരുന്നു. പുഴയിലേക്ക് ലോറി ഒഴുകി പോയിട്ടില്ലെന്ന് സ്ഥിരീകരിച്ചു. നാവികസേന, എസ്ഡിആർഎഫ്, എൻഡിആർഎഫ്, പൊലീസ്, അഗ്നിശമനസേന ഇത്രയും സംഘങ്ങൾ ശനിയാഴ്ചത്തെയും രക്ഷാദൗത്യത്തിൽ പങ്കാളികളാകും.
16ന് രാവിലെ 8.30ന്, കേരള അതിർത്തിയിൽ നിന്ന് 250 കിലോ മീറ്റർ അകലെ മംഗളൂരു–ഗോവ ദേശീയപാതയിലാണ് മണ്ണിടിച്ചിലുണ്ടായത്. മംഗളൂരു– ഉഡുപ്പി– കുന്താപുരം–ബഡ്ക്കൽ–ഹൊന്നവര–കുംട്ട–ഷീറൂർ റൂട്ടിലാണ് സംഭവം. പ്രദേശത്തെ ഒരു ചായക്കടയോടു ചേർന്നാണ് മണ്ണിടിച്ചിലുണ്ടായത്. ഒരു കാറും ടാങ്കർ ലോറിയും മണ്ണിനടിയിലായി. തടി കയറ്റി വരികയായിരുന്നു ലോറി. അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി പിണറായി വിജയൻ ചീഫ് സെക്രട്ടറി കെ.വേണുവിന് നിർദേശം നൽകിയിരുന്നു. ഉത്തര കന്നഡ ജില്ലയിലെ ഡപ്യൂട്ടി കമ്മിഷണറുമായി, കാസർകോട് കലക്ടർ കെ.ഇൻപശേഖർ ആശയവിനിമയം നടത്തി. 2 കുട്ടികൾ, 2 സ്ത്രീകൾ,3 പുരുഷൻമാർ എന്നിങ്ങനെ 7 പേരുടെ മൃതദേഹം കണ്ടെടുത്തു.
ലോറിയുടെ ജിപിഎസ് അവസാനം കാണിച്ചത് മണ്ണിടിച്ചിലുണ്ടായ സ്ഥലത്താണ്. പരാതിപ്പെട്ടിട്ടും അർജുനെ തിരയാൻ അങ്കോള പൊലീസിൽ നിന്ന് സഹായം ലഭിച്ചില്ലെന്ന് പരാതി ഉണ്ടായിരുന്നു. ലോറിയുള്ള സ്ഥലം ജിപിഎസിൽ വ്യക്തമാണ്. ലോറിക്കുള്ളിൽ മണ്ണ് കയറിയില്ലെങ്കിൽ അർജുൻ ജീവനോടെ ഉണ്ടാവുമെന്നാണ് പ്രതീക്ഷ.
‘‘16–ാം തീയതിയാണ് സംഭവം. അന്ന് രാവിലെ 9 മണിക്കാണ് കർണാടക ഷിരൂരിൽ ദേശീയപാതയിൽ മണ്ണിടിച്ചിലുണ്ടായത്. ഈ സമയത്ത് അർജുൻ വണ്ടിയിൽ ഉറങ്ങുകയായിരുന്നോ അതോ വണ്ടി അവിടെ വച്ച് എവിടെയെങ്കിലും പോയതാണോ എന്നറിയില്ല. അന്ന് 11 മണിക്ക് ശേഷം അർജുന്റെ അമ്മ വിളിക്കുമ്പോൾ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണ്. സാധാരണ 11 മണിയോടെ അവിടെ നിന്ന് നാട്ടിലേക്ക് തിരിച്ചു വരുന്നതാണ്. അന്ന് പുലർച്ചെ 4 മണിയ്ക്ക് വിളിച്ചപ്പോഴും അങ്ങനെ തന്നെയാണ് പറഞ്ഞത്.
സാധാരണ ഗതിയിൽ ലോറി എവിടെയാണ് എന്നറിയാൻ ജിപിഎസ് പരിശോധിക്കാറുണ്ട്. അന്നും അങ്ങനെ ചെയ്തപ്പോഴാണ് മണ്ണിടിച്ചിലുണ്ടായ സ്ഥലത്താണ് ലോറിയുള്ളതെന്ന് മനസ്സിലായത്. അപ്പോൾ തന്നെ അങ്കോല പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. എന്നാൽ മൂന്നു ദിവസമായിട്ടും പരാതിയിൽ നടപടിയുണ്ടായിട്ടില്ല. ഇപ്പോഴും മണ്ണിനടിയിലാണ് ലോറിയുടെ ജിപിഎസ് കാണിക്കുന്നത്. അപകടമുണ്ടായതിന് പിന്നാലെ രണ്ടു ദിവസമായി ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. എന്നാൽ വ്യാഴാഴ്ച അർജുന്റെ ഭാര്യ വിളിച്ചപ്പോൾ ഫോൺ റിങ് ചെയ്തിരുന്നു. പക്ഷേ, ഫോൺ എടുത്തില്ല. പിന്നെയും സ്വിച്ച് ഓഫ് എന്നാണ് പറയുന്നത്.
റോഡിലെ മണ്ണ് വശങ്ങളിലേക്കു മാറ്റി ദേശീയപാതയിൽ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം മാത്രമാണ് അവിടെ നടക്കുന്നത്. ഇതുവരെയും മണ്ണു മാറ്റി പരിശോധന നടത്തിയിട്ടില്ല. എസി ഓൺ ചെയ്ത് ഫുൾ കവർ ചെയ്ത വണ്ടിയാണ്. അതുകൊണ്ട് മണ്ണ് ഉള്ളിലേക്ക് കയറിയിട്ടുണ്ടാവില്ല. അങ്ങനെയാണെങ്കിൽ അർജുനെ ജീവനോടെ രക്ഷിക്കാൻ കഴിയും. ഇടയ്ക്കിടയ്ക്ക് ഫോൺ സ്വിച്ച് ഓൺ ആകുന്നതിലും പ്രതീക്ഷയുണ്ട്.’’– ലോറി ഉടമ മനാഫ് പറഞ്ഞു.