മ്യാൻമറിൽ തൊഴിൽ തട്ടിപ്പിനിരയായ 11 പേർ ഇന്ത്യയിലേക്ക് മടങ്ങും; ചൂതാട്ട കേന്ദ്രങ്ങളിൽ നടക്കുന്നത് മനുഷ്യക്കടത്ത്
Mail This Article
യാങ്കൂൺ∙ മ്യാൻമറിൽ തൊഴിൽ തട്ടിപ്പിനിരയായവർ ഉടൻ രാജ്യത്തേക്കു മടങ്ങുമെന്ന് യാങ്കൂണിലെ ഇന്ത്യൻ എംബസി അറിയിച്ചു. 11 പേരാണ് ഇന്ത്യയിലേക്കു മടങ്ങുക. മ്യാൻമറിലെ മ്യാവഡിയിലുള്ള ഷ്വേ കോക്കോയിലാണ് ഇവർ തൊഴിൽ തട്ടിപ്പിനിരയായതെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. മ്യാൻമാർ അധികൃതരുടെ സഹായത്തോടെയാണ് ഇവരെ രക്ഷിച്ചതെന്ന് ഇന്ത്യൻ എംബസി എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു.
മ്യാൻമറിന് പുറമെ, കംബോഡിയ, ലാവോസ്, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിലായി നിരവധി ഇന്ത്യക്കാരാണു തൊഴിൽതട്ടിപ്പിനിരയാകുന്നത്. നേരത്തെ 13 ഇന്ത്യക്കാർ ഇത്തരത്തിൽ മ്യാൻമറിൽ പിടിക്കപ്പെട്ടിരുന്നു. അനധികൃതമായി മ്യാൻമറിൽ പ്രവേശിച്ച ഇവരെ തിരികെ രാജ്യത്ത് എത്തിക്കുന്നതു ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്. തൊഴിൽ തട്ടിപ്പിനിരയാകുന്നവരിൽ ഏറെയും തമിഴ്നാട് സ്വദേശികളാണെന്നാണു റിപ്പോർട്ടുകൾ. 2022ൽ മാത്രം ഏകദേശം 45 ഇന്ത്യക്കാരെയാണു മ്യാൻമാറില്‍നിന്നും തായ്‌ലൻഡിൽ നിന്നും എംബസികൾ മുഖേന രക്ഷപ്പെടുത്തിയത്.
വ്യാജ ഡേറ്റിങ് ആപ്പുകൾ, വ്യാജ ലോൺ ആപ്പുകൾ, ഗെയിമിങ് ആപ്പുകൾ എന്നിവയുടെ മറവിലാണു പ്രധാനമായും ഈ രാജ്യങ്ങളിൽ തൊഴിൽ തട്ടിപ്പ് നടക്കുന്നത്. മ്യാൻമാറിലെ ഷ്വേ കോക്കോ ഇത്തരം അനധികൃത കേന്ദ്രങ്ങളാൽ കുപ്രസിദ്ധമാണ്. ഇവിടം കേന്ദ്രീകരിച്ച് മനുഷ്യക്കടത്ത്, ചൂതാട്ടം, ക്രിപ്റ്റോ കറൻസി തട്ടിപ്പ് എന്നിവയാണു കൂടുതലും നടക്കുന്നത്.
കംബോഡിയയിലോ ലാവോസിലോ ജോലി വാഗ്ദാനം നൽകിയാണ് ഇന്ത്യക്കാരെ തട്ടിപ്പുകാർ എത്തിക്കുക. ഈ രാജ്യങ്ങളിൽ എത്തുന്നവരെ മ്യാൻമറിലേക്ക് അനധികൃതമായി എത്തിക്കുന്നു. അതിർത്തി കടത്തുന്നതിനു പ്രാദേശിക തലത്തിൽ തന്നെ ഇവർക്ക് പിന്തുണ കിട്ടും. തുടർന്ന് ഷ്വേ കോക്കോയിലെ കേന്ദ്രത്തിലേക്ക് എത്തിക്കുന്നതാണു രീതി.
ഇവിടെയെത്തുന്നവരെ വ്യാജ ഡേറ്റിങ് ആപ്പുകൾ, ലോൺ ആപ്പുകൾ എന്നിവയുടെ മറവില്‍ ജോലി ചെയ്യാനാണു തട്ടിപ്പുകാർ ഉപയോഗപ്പെടുത്തുക. പലപ്പോഴും ഇന്ത്യക്കാരെ ഇതിലേക്ക് ആകർഷിക്കാനും തട്ടിപ്പുകാർ ഇവരെ ഉപയോഗിക്കും. ജോലി ചെയ്യാൻ തയാറാകാത്തവെര മർദ്ദിച്ചും പട്ടിണിക്കിട്ടും ഉപദ്രവിക്കുന്നതാണ് ഇവരുടെ രീതി. പലപ്പോഴും പൊലീസ് പോലും തട്ടിപ്പുകാരുടെ ഒപ്പം നിൽക്കും. മ്യാൻമാറിൽ അനധികൃതമായി പ്രവേശിച്ചതു കൊണ്ട് തന്നെ തട്ടിപ്പിനിരയായ ഇന്ത്യക്കാർക്കു പരാതിപ്പെടാൻ പോലും സാധിക്കാറില്ല. ഷ്വേ കോക്കോയിലെ ചൂതാട്ട കേന്ദ്രങ്ങൾക്ക് ചൈനീസ് ബന്ധങ്ങളുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.