‘മലയുടെ ഇടയിലൂടെ വെള്ളം ഇറങ്ങുന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി; മലമുകളിലും മഴ പെയ്യുന്നു’
Mail This Article
കോട്ടയം∙ കർണാടകയിൽ മണ്ണിടിച്ചിലിൽ കുടുങ്ങിയ അർജുനു വേണ്ടിയുള്ള തിരച്ചിൽ തുടരുന്നെന്ന് കേരള ദുരന്ത നിവാരണ അതോററ്റി മെംബർ സെക്രട്ടറി ശേഖർ കുര്യാക്കോസ്. അപകടമുണ്ടായത്, എത്തിപ്പെടാൻ ദുഷ്കരമായ സ്ഥലത്താണെന്നും 2 യൂണിറ്റ് എന്‍ഡിആർഎഫ് സംഘം അവിടെയെത്തിയെന്നും വളരെ പതുക്കെ മാത്രമേ മണ്ണ് മാറ്റി രക്ഷാപ്രവർത്തനം നടത്താനാവൂ എന്നും ശേഖർ കുര്യാക്കോസ് മനോരമ ഓൺലൈനിനോട് പറഞ്ഞു.
‘‘വളരെ ചരിവോടെ, ഒട്ടും ശാസ്ത്രീയമല്ലാത്ത രീതിയിലാണ് മലയുടെ താഴത്തെ ഭാഗം ചെത്തിക്കളഞ്ഞത്. ഏത് സമയത്തും മണ്ണിടിച്ചിലുണ്ടാകുന്ന തരത്തിലാണ് മലയുള്ളത്. മലയുടെ മുകൾ ഭാഗത്തും മഴ പെയ്യുന്നുണ്ട്. മലയുടെ ഇടയിലൂടെ വെള്ളം ഒഴുകിവരുന്നതും പുഴയിലെ നീരൊഴുക്കും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ്’’– ശേഖർ കുര്യാക്കോസ് പറഞ്ഞു. അർജുൻ നദിയിലേക്കു വീണോ എന്നതിൽ വ്യക്തതയില്ലെന്നും അർജുനെ കണ്ടെത്താനുള്ള ശ്രമം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
‘‘ഒരു ടാങ്കർ ലോറിയും കാറും സംഭവ സ്ഥലത്തു കണ്ടെത്തിയെന്ന് എൻഡിആർഎഫ് അറിയിച്ചു. 2 കുട്ടികളും 2 സ്ത്രീകളും 3 പുരുഷൻമാരും ഉൾപ്പെടെ 7 പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. എൻഡിആർഎഫിനൊപ്പം ഫയർ ഫോഴ്സും പൊലീസും രക്ഷാപ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുന്നുണ്ട്’’– റവന്യു മന്ത്രി കെ.രാജൻ പറഞ്ഞു.