പൂജ ഖേദ്കറിന്റെ ഐഎഎസ് റദ്ദാക്കും; കടുത്ത നടപടിക്ക് യുപിഎസ്‍സി
Mail This Article
പുണെ ∙ സിവിൽ സർവീസ് പരീക്ഷാ അപേക്ഷയിൽ തട്ടിപ്പു നടത്തിയതിനു പൂജ ഖേദ്കറിന്റെ ഐഎഎസ് റദ്ദാക്കാനൊരുങ്ങി യുപിഎസ്‍സി. കാഴ്ചാപരിമിതിയുണ്ടെന്നു വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയതിനും പരീക്ഷാ അപേക്ഷയിൽ മാതാപിതാക്കളുടെ പേരുമാറി രേഖപ്പെടുത്തിയതിനുമാണു നടപടി. ഐഎഎസ് റദ്ദാക്കാതിരിക്കാനുള്ള കാരണം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് പൂജയ്ക്ക് യുപിഎസ്‍സി വെള്ളിയാഴ്ച നോട്ടിസ് അയച്ചു. മറുപടി ലഭിച്ച ശേഷമായിരിക്കും തുടർ നടപടി. ഇനി യുപിഎസ്‍സി പരീക്ഷകളിൽനിന്ന് പൂജയെ വിലക്കുമെന്നും അധികൃതർ അറിയിച്ചു.
സിവിൽ സർവീസ് പരീക്ഷയിൽ ദേശീയ തലത്തിൽ പൂജയ്ക്ക് 841–ാം റാങ്കുണ്ടായിരുന്നു. കഴിഞ്ഞ ദിവസം പൂജയെ വാഷിമിൽനിന്ന് മുസൂറിയിലെ ഐഎഎസ് ട്രെയിനിങ് അക്കാദമിയിലേക്ക് അധികൃതർ വിളിപ്പിച്ചിരുന്നു.
സ്വകാര്യ കാറിൽ അനധികൃതമായി ബീക്കൺ ലൈറ്റ് ഘടിപ്പിച്ചതിനും അധികാര ദുർവിനിയോഗം നടത്തിയതിനുമാണു നേരത്തെ കേന്ദ്ര പഴ്സനൽ മന്ത്രാലയം പൂജയ്ക്കെതിരെ നടപടിയെടുത്തത്. പ്രൊബേഷനറി കാലഘട്ടത്തിൽ ബീക്കൺ ലൈറ്റ് അനുവദനീയമല്ല. വിവാദമുണ്ടായതിനു ശേഷം പൂജയെ പുണെയിൽനിന്ന് വാഷിമിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണു വ്യാജ ഒബിസി സർട്ടിഫിക്കറ്റും കാഴ്ചാപരിമിതിയുണ്ടെന്നു തെളിയിക്കാൻ വ്യാജ മെഡിക്കൽ രേഖയും ഹാജരാക്കിയതിന് കേന്ദ്ര സർക്കാരിന്റെ ഏകാംഗ കമ്മീഷൻ പൂജയ്ക്ക് എതിരെ അന്വേഷണം നടത്തിയത്.
അതിനിടെ, പുണെയിൽ കർഷകനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പൂജയുടെ അമ്മ മനോരമ ഖേദ്കറിനെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. പൂജയുടെ അച്ഛൻ ദിലീപ് ഖേദ്‍കർ അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസിന്റെ അന്വേഷണം നേരിടുകയാണ്.