ഷിരൂരിൽ ലോറിയുടമയും കർണാടക പൊലീസുമായി തർക്കം; എസ്പി മുഖത്തടിച്ചെന്ന് പരാതി– വിഡിയോ
Mail This Article
കാർവാർ (കർണാടക) ∙ ഷിരൂരിൽ മണ്ണിടിഞ്ഞ് ലോറിയോടൊപ്പം ഭൂമിക്കടിയിൽ കുടുങ്ങിയ കോഴിക്കോട് കണ്ണാടിക്കൽ മൂലാടിക്കുഴിയിൽ അർജുനായി രക്ഷാ ദൗത്യം പുരോഗമിക്കുന്ന സ്ഥലത്ത് ലോറിയുടമ മനാഫും കർണാടക പൊലീസുമായി തർക്കം. മനാഫിനുനേരെ കയ്യേറ്റമുണ്ടായതായും കാർവാർ എസ്പി മുഖത്തടിച്ചതായും കൂടെയുള്ളവർ ആരോപിച്ചു.
രക്ഷാപ്രവർത്തകൻ രഞ്ജിത്ത് ഇസ്രയേലിയെ തിരച്ചിലിനായി എത്തിച്ചത് സംബന്ധിച്ചായിരുന്നു തർക്കം. രഞ്ജിത്തിന്റെ സേവനം ഉപയോഗപ്പെടുത്തണമെന്ന് മനാഫ് ഉൾപ്പെടെയുള്ളവർ വാദിച്ചെങ്കിലും പൊലീസ് അപകടസ്ഥലത്തേക്ക് കടത്തിവിടാൻ തയാറായില്ല. രഞ്ജിത്ത് ഇസ്രയേലിയെ എത്തിക്കുന്ന കാര്യം ഇന്നലെ തന്നെ മനാഫ് അധികൃതരെ അറിയിച്ചിരുന്നു.
ദുർഘടമായ സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനം നടത്തി പരിചയമുള്ള ആളാണ് രഞ്ജിത്ത് ഇസ്രയേലി. മണ്ണിടിച്ചിലുണ്ടായ സ്ഥലത്തിനു മുൻപുള്ള ചെക്പോസ്റ്റിൽ മനാഫിനെ എസ്പി തടഞ്ഞു. മനാഫിനോടൊപ്പം അർജുന്റെ സഹോദരനുമുണ്ടായിരുന്നു. വാക്കുതർക്കത്തിനിടെ എസ്പി കയ്യേറ്റം ചെയ്തതായാണ് ആരോപണം. പിന്നീട് രേഖകൾ പരിശോധിച്ച് അധികൃതർ ഇവരെ കടത്തിവിട്ടു.
കന്യാകുമാരി–പനവേൽ ദേശീയപാത 66ൽ മംഗളൂരു–ഗോവ റൂട്ടിൽ അങ്കോളയ്ക്കു സമീപം ഷിരൂരിലാണ് അർജുൻ ഓടിച്ച ലോറി വൻ മണ്ണിടിച്ചിലിൽ പെട്ടത്. ചൊവ്വാഴ്ച രാവിലെ 8.30ന് ആയിരുന്നു അപകടം. മലപ്പുറം എടവണ്ണപ്പാറയിലേക്ക് തടിയുമായി വരികയായിരുന്നു. ചൊവ്വാഴ്ച രാവിലെ വരെ വീട്ടുകാരുമായി സംസാരിച്ചിരുന്നു. ഒരുവശത്ത് ചെങ്കുത്തായ മലനിരകളും മറുവശത്തു ഗംഗാവലി നദിയുമുള്ള സ്ഥലത്താണ് അപകടം.
ഇവിടെ നിരപ്പായ ഭാഗത്ത് ലോറി ഡ്രൈവർമാർ വിശ്രമിക്കുകയും ഭക്ഷണം കഴിക്കുകയും കുളിക്കുകയും ചെയ്യാറുണ്ട്. മണ്ണിടിച്ചിലിൽ ഇതിനകം 7 പേരുടെ മൃതദേഹം കണ്ടെത്തി. അർജുൻ ഉൾപ്പെടെ 3 പേർക്കായി തിരച്ചിൽ തുടരുകയാണ്. എസി ഡ്രൈവിങ് കാബിനുള്ള ലോറിയായതിനാൽ ഉള്ളിൽ അർജുൻ സുരക്ഷിതനായിരിക്കുമെന്ന പ്രത്യാശയിലാണ് കുടുംബവും സുഹൃത്തുക്കളും.