ആരോഗ്യമന്ത്രി മലപ്പുറത്തേക്ക്; നിപ്പ പ്രോട്ടോക്കോൾ പ്രകാരമുള്ള നടപടികൾ തുടങ്ങി
Mail This Article
തിരുവനന്തപുരം∙ മലപ്പുറത്ത് നിപ്പ വൈറസ് സംശയിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. അന്തിമ ഫലത്തിനായി കാത്തിരിക്കുന്നുവെന്നും നിപ്പ പ്രോട്ടോകോള്‍ പ്രകാരമുള്ള നടപടികള്‍ രാവിലെ തന്നെ ആരംഭിച്ചിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. നിപ്പ നിയന്ത്രണത്തിനായി സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ആരംഭിച്ച കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
മന്ത്രി നേരിട്ട് മലപ്പുറത്തെത്തിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക. ഇതിനായിമന്ത്രി മലപ്പുറത്തേക്ക് പുറപ്പെട്ടു. വൈകിട്ട് നാലുമണിക്കാണ് മലപ്പുറത്ത് വീണ്ടും യോഗം ചേരുക. അപ്പോഴേക്കും ഫലം ലഭിക്കുമെന്നാണ് വിവരം. എന്നാൽ ഫലം വരാൻ കാത്തുനിൽക്കാതെ തന്നെ പ്രോട്ടോകോൾ പ്രകാരമുള്ള നടപടികൾ തുടങ്ങിയെന്നും മന്ത്രി അറിയിച്ചു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍എച്ച്എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, മലപ്പുറം, കോഴിക്കോട് ജില്ലാ കലക്ടര്‍മാര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍, നിപ്പ ഏകാരോഗ്യ കേന്ദ്രം നോഡല്‍ ഓഫിസര്‍, സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങള്‍, മലപ്പുറം, കോഴിക്കോട് ഡിഎംഒ.മാര്‍, ജില്ലാ സര്‍വൈലന്‍സ് ഓഫിസര്‍മാര്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍മാര്‍, സൂപ്രണ്ടുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പതിനാലുകാരനാണ് നിപ വൈറസ് ബാധ സംശയിക്കുന്നത്. പെരിന്തൽമണ്ണ സ്വദേശിയായ 14കാരനാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്.