സംസ്ഥാനത്ത് വീണ്ടും നിപ്പ; കോഴിക്കോട്ട് ചികിത്സയിലുള്ള 14കാരന്റെ പരിശോധനാ ഫലം പോസിറ്റീവ്
Mail This Article
കോഴിക്കോട് ∙ സംസ്ഥാനത്ത് വീണ്ടും നിപ്പ സ്ഥിരീകരിച്ചു. കോഴികോട്ട് ചികിത്സയിലുള്ള മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരനാണ് നിപ്പ സ്ഥിരീകരിച്ചത്. പുണെ വൈറോളജി ലാബിലെ പരിശോധനാ ഫലം പോസിറ്റീവായി. കോഴിക്കോട് മെഡിക്കൽ കോളജിലെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലും സ്വകാര്യ ആശുപത്രിയിൽ നടത്തിയ ട്രൂനാറ്റ് പരിശോധനയിലും നിപ്പ പോസിറ്റീവാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്നാണ് വിദഗ്ധ പരിശോധനയ്ക്കായി പുണെയിലേക്ക് സാംപിൾ അയച്ചത്. ഗുരുതരാവസ്ഥയിലുള്ള മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ കുട്ടി പ്രത്യേക നിരീക്ഷണത്തിലാണ്. ഇന്നലെയാണ് കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനാ ഫലം പോസിറ്റീവായതിനാൽ മെഡിക്കൽ കോളജിലേക്ക് മാറ്റും.
മലയാളികളെ മുൾമുനയിൽ നിർത്തിയ നിപ്പ വൈറസിന്റെ ആദ്യവരവിന് ആറു വർഷം തികഞ്ഞത് കഴിഞ്ഞ മേയിലാണ്. 2018 മേയ് 17 ന് ആണ് മസ്തിഷ്കജ്വരം ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഒരാൾക്ക് നിപ്പ രോഗബാധയാണെന്ന സംശയത്തെ തുടർന്ന് ഡോക്ടർമാർ സ്രവം പരിശോധനയ്ക്ക് അയച്ചത്. സംസ്ഥാനത്ത് ആദ്യമായി നിപ്പ രോഗബാധ തിരിച്ചറിഞ്ഞത് ആ പരിശോധനയിലൂടെയാണ്. ആറു വർഷത്തിനിടെ നാലു തവണയാണ് സംസ്ഥാനത്ത് നിപ്പ സ്ഥിരീകരിച്ചത്– 2018, 2019, 2021, 2023 വർഷങ്ങളിൽ. 2023 സെപ്റ്റംബറിലാണ് ഒടുവിൽ രോഗബാധ സ്ഥിരീകരിച്ചത്.
വവ്വാലുകളിലെ വൈറസ് സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞ വർഷം പഠനം നടത്തിയിരുന്നു. 2023 ഫെബ്രുവരി, ജൂലൈ, സെപ്റ്റംബർ മാസങ്ങളിൽ ശേഖരിച്ച സ്രവങ്ങളിൽ 20.9 ശതമാനത്തിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു. പതിനാലുകാരൻ നിപ്പ പോസിറ്റീവായതോടെ വീണ്ടും ആശങ്ക പരക്കുകയാണ്. ആരോഗ്യവകുപ്പ് മുൻകരുതൽ നടപടികളെടുക്കുന്നുണ്ട് കോഴിക്കോട് മെഡിക്കൽ കോളജ് കാഷ്വാലിറ്റിയിൽ ആരോഗ്യപ്രവർത്തകർക്ക് പിപിഇ കിറ്റ് ഇന്നുമുതൽ നിർബന്ധമാക്കി.