ADVERTISEMENT

മലപ്പുറം∙ നിപ്പ വൈറസിന്റെ പ്രഭവകേന്ദ്രമായ മലപ്പുറത്തെ പാണ്ടിക്കാട് മൂന്നു കിലോമീറ്റർ ചുറ്റളവിൽ നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം. രോഗം സ്ഥിരീകരിച്ച കുട്ടിയുടെ വീട് പാണ്ടിക്കാട് പഞ്ചായത്തിലാണ്. പഠിക്കുന്നത് ആനക്കയം പഞ്ചായത്തിലും. ഇരു പഞ്ചായത്തുകളിലും നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തും. 

കുട്ടിയുമായി സമ്പർക്കമുള്ളവർക്ക് ആശുപത്രിയിൽ പ്രവേശിക്കാൻ ആംബുലൻസ് സംവിധാനം ഒരുക്കും. ഹൈ റിസ്ക് വിഭാഗത്തിലുള്ളവരുടെ സാംപിൾ പരിശോധിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. ജനങ്ങൾ പുറത്തിറങ്ങുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിക്കുന്നത് പരമാവധി ഒഴിവാക്കണം. രോഗിയുമായി സമ്പര്‍ക്കമുണ്ടായ എല്ലാവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. 214 പേരാണ് നിരീക്ഷണത്തിലുള്ളത്. 60 പേർ ഹൈറിസ്ക് വിഭാഗത്തിലുണ്ട്.

നിപ്പ സ്ഥിരീകരിച്ചതിനെ തുടർന്ന് മലപ്പുറത്ത് ആരോഗ്യ വകുപ്പ് കൺട്രോൾ സെൽ തുറന്നു. മലപ്പുറം പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ സെല്ലാണ് തുറന്നത്. 0483-2732010 ആണ് കൺട്രോൾ റൂം നമ്പർ.

ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ജില്ലയില്‍ ക്യാംപ് ചെയ്ത് സ്ഥിതി ഗതികള്‍ വിലയിരുത്തുന്നുണ്ട്. രോഗചികിത്സയ്ക്കാവശ്യമായ മോണോക്ലോണൽ ആന്റി ബോഡി പുണെ വൈറോളജി ലാബില്‍നിന്ന് അയച്ചിട്ടുണ്ട്. ഞായറാഴ്ച രാവിലെ ലഭിക്കും. മരുന്നുകൾ, മാസ്ക്, പിപിഇ കിറ്റ്, പരിശോധനാ കിറ്റുകൾ തുടങ്ങിയവ എത്തിക്കുന്നതിനായി കെഎംഎസ്‌സിഎല്ലിന് നിര്‍ദേശം നല്‍കി. മഞ്ചേരി മെഡിക്കല്‍ കോളജില്‍ 30 ഐസൊലേഷന്‍ റൂമുകള്‍ ഇതിനായി സജ്ജീകരിച്ചു. ആറ് ബെഡുള്ള ഐസിയുവും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. 

ജൂലൈ 10ന് പനി ബാധിച്ച 14 കാരൻ 12ന് സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടിയിരുന്നു. 13ന് പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലും കാണിച്ചു. 15ന് ഇതേ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കും തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ഇവിടെ നിന്നും ശേഖരിച്ച സാംപിളിലാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റി.

∙ ആനക്കയത്തും പാണ്ടിക്കാട്ടും പ്രത്യേക നിയന്ത്രണങ്ങള്‍

നിപ്പ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ രോഗം സ്ഥിരീകരിച്ച 14 വയസ്സുകാരന്റെ സ്വദേശമായ പാണ്ടിക്കാട്, പഠിക്കുന്ന സ്കൂള്‍ ഉള്‍പ്പെടുന്ന ആനക്കയം ഗ്രാമപഞ്ചായത്ത് പരിധികളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദ് ഉത്തരവിട്ടു. പൊതുജനാരോഗ്യ നിയമം, ദുരന്ത നിവാരണ നിയമം എന്നിവ പ്രകാരമാണ് ഉത്തരവ്. ഗ്രാമപഞ്ചായത്ത് പരിധികളില്‍ ആള്‍ക്കൂട്ടം പൂര്‍ണ്ണമായും ഒഴിവാക്കണം. മുന്‍കൂട്ടി നിശ്ചയിച്ച വിവാഹം അടക്കമുള്ള ചടങ്ങുകള്‍ ഏറ്റവും പരിമിതമായ ആളെ മാത്രം വച്ച് നടത്തണം. മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെ കടകളും ഹോട്ടലുകളും രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ. സിനിമാ തിയറ്ററുകള്‍ പൂര്‍ണ്ണമായും അടച്ചിടും. സ്കൂളുകൾ, കോളജുകൾ, മദ്രസകൾ, അങ്കണവാടികൾ, ട്യൂഷന്‍ സെന്ററുകൾ തുടങ്ങിയവ പ്രവര്‍ത്തിക്കരുത്.

∙ മലപ്പുറം ജില്ലയിലെ പൊതുനിന്ത്രണങ്ങൾ

1. പൊതുജനങ്ങൾ കൂട്ടം കൂടുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്.
2. പുറത്തിറങ്ങുന്ന സമയത്തും, യാത്രകളിലും, മറ്റു കൂടിച്ചേരലുകളിലും നിർബന്ധമായും മാസ്ക് ധരിച്ചിരിക്കേണ്ടതാണ്.
3. സ്കൂൾ വിദ്യാർഥികൾ, അധ്യാപകർ എന്നിവർ സ്കൂൾ പ്രവൃത്തി സമയങ്ങളിൽ നിർബന്ധമായും മാസ്ക് ധരിച്ചിരിക്കേണ്ടതാണ്.
4. വിവാഹം/മരണം/മറ്റ് ആഘോഷങ്ങൾ എന്നിവയിലും കൂടിച്ചേരലുകൾ പരമാവധി കുറക്കേണ്ടതും സാമൂഹിക അകലം പാലിക്കേണ്ടതുമാണ്.
5. പനി മുതലായ രോഗ ലക്ഷണങ്ങൾ കാണുന്ന സമയത്ത് സ്വയം ചികിൽസിക്കാൻ പാടില്ലാത്തതും, ഒരു റജിസ്ട്രേഡ് മെഡിക്കൽ പ്രാക്ടീഷണറുടെ ഉപദേശം തേടേണ്ടതുമാണ്.
6. പക്ഷികൾ, വവ്വാലുകൾ, മറ്റു ജീവികൾ കടിച്ചതോ, ഫലവൃക്ഷങ്ങളിൽ നിന്നും താഴെ വീണ് കിടക്കുന്നതോ ആയ പഴങ്ങൾ യാതൊരു കാരണവശാലും കഴിക്കാൻ പാടില്ല. പഴം, പച്ചക്കറികൾ എന്നിവ നന്നായി കഴുകിയതിനു ശേഷം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.
7. പനി, ഛർദ്ദി മറ്റു ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുന്ന പക്ഷം റജിസ്ട്രേഡ് മെഡിക്കൽ പ്രാക്ടീഷണറുടെ ഉപദേശം തേടേണ്ടതും ഇവ പകരുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കിൽ 0483-2732010, 0483-2732050, 0483-2732060, 0483-2732090 എന്നീ നമ്പറുകളിൽ വിളിച്ച് അറിയിക്കേണ്ടതുമാണ്.

English Summary:

Precautionary Measures Rolled Out in Malappuram as Nipah Cases Rise

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com