ട്രെയിനിൽ സ്ത്രീകളെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്തു; യാത്രക്കാരന് സ്‌ക്രൂഡ്രൈവര്‍ കൊണ്ട് കുത്തേറ്റു
Mail This Article
കോഴിക്കോട്∙ ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ (16307) യാത്രക്കാരനു കുത്തേറ്റു. കോച്ചിനുള്ളില്‍ സ്ത്രീകളെ ശല്യംചെയ്തത് ചോദ്യംചെയ്തപ്പോഴാണ് സ്‌ക്രൂഡ്രൈവര്‍ കൊണ്ട് നെറ്റിയില്‍ കുത്തേറ്റത്. വെള്ളിയാഴ്ച രാത്രി 11.25ന് പയ്യോളിക്കും വടകരയ്ക്കും ഇടയിൽ ട്രെയിനിന്റെ ജനറൽ കോച്ചിലായിരുന്നു സംഭവം.
ശല്യംചെയ്ത യാത്രക്കാരനോട് മാറിനില്‍ക്കാന്‍ സ്ത്രീകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇയാള്‍ ഇത് അനുസരിച്ചില്ല. മാറിനില്‍ക്കാനായി അടുത്തുണ്ടായിരുന്ന യാത്രക്കാരനും ഇയാളോട് സംസാരിച്ചു. ഇതോടെയാണ് ഇയാൾ സ്‌ക്രൂഡ്രൈവറെടുത്ത് കുത്തിയത്. വടകര സ്റ്റേഷനിൽ വച്ച് ആര്‍പിഎഫ് അക്രമിയെ കസ്റ്റഡിയിലെടുത്തു. വടകരയിൽ ഇറക്കി ഇയാളെ ചോദ്യം ചെയ്തെങ്കിലും ആർക്കും പരാതിയില്ലാത്തതിനെ തുടർന്ന് വിവരങ്ങൾ ശേഖരിച്ചശേഷം വിട്ടയച്ചു. മദ്യലഹരിയിലായിരുന്നു അക്രമിയെന്ന് യാത്രക്കാർ പറഞ്ഞു.