ADVERTISEMENT

തിരുവനന്തപുരം∙ ഉത്തര കന്നഡ ജില്ലയിലെ അങ്കോല താലൂക്കിലെ ഷിരൂരിൽ മണ്ണിടിഞ്ഞ് ആറു ദിവസമായി കുടുങ്ങി കിടക്കുകയാണ് കോഴിക്കോട് സ്വദേശിയായ അർജുൻ. ഭാരത് ബെൻസിന്റെ 12 വീലുള്ള ലോറിയിൽ തടിയുമായി കേരളത്തിലേക്ക് വരുമ്പോഴാണ് മുകളിലേക്ക് മണ്ണിടിഞ്ഞു വീണത്. ലോറിയുടെ ജിപിഎസ് മണ്ണിനടിയിൽനിന്ന് കാണിക്കുന്നതും മൊബൈൽ ഫോൺ ഇടയ്ക്കിടെ ഓൺ ആയതും പ്രതീക്ഷ നൽകി. സൈന്യം ഇന്ന് രക്ഷാപ്രവർത്തനത്തിന് ഇറങ്ങുന്നതോടെ കുടുംബവും സുഹൃത്തുക്കളും ആത്മവിശ്വാസത്തിലാണ്.

വാഹനത്തിന്റെ ബാറ്ററി പ്രവർത്തിക്കുന്നുണ്ടെങ്കിൽ ജിപിഎസ് ലൊക്കേഷൻ കാണിക്കുമെന്ന് വാഹനമേഖലയിലുള്ളവർ പറയുന്നു. ലോറിയുടെ കാബിൻ ആധുനിക രീതിയിലുള്ളതാണ്. ഉള്ളിൽ നല്ല സ്ഥല സൗകര്യമുണ്ട്. മണ്ണും ചെളിയും മൂടിയാൽ വാഹനം സ്റ്റാർട്ട് ചെയ്യാൻ സാധാരണ നിലയിൽ കഴിയില്ല. രാജ്യാന്തര നിലവാരത്തിലുള്ള ശക്തിയുള്ള കാബിനാണ്. ക്രാഷ് ടെസ്റ്റിങ് നടത്തിയ കാബിനായതിനാൽ അതിന്റേതായ ഗുണമുണ്ട്. മണ്ണ് വന്നു മൂടിയാൽ കാബിന്‍ തകരില്ല. മലയിടിഞ്ഞപ്പോൾ എത്ര ശക്തിയിലാണ് മണ്ണ് വീണതെന്നോ പാറകൾ ഉണ്ടായിരുന്നോ എന്നുള്ള കാര്യം വ്യക്തമല്ല. ഇഗ്നിഷ്യൻ ഓണാണെങ്കിലും എസി കിട്ടില്ല. എസി കിട്ടണമെങ്കിൽ വാഹനം ഓണാകണം. കാബിബിലെ ഓക്സിജന്റെ അളവ് പ്രധാനമാണെന്നും വിദഗ്ധർ പറയുന്നു.

വാഹനത്തിൽ വെള്ളമുണ്ടായിരുന്നതും പ്രതീക്ഷ നൽകുന്നു. വീട്ടുകാർ പ്രതിഷേധവുമായി എത്തിയതോടെയാണ് കർണാടക അധികൃതർ രക്ഷാപ്രവർത്തനം ഊർജിതമാക്കിയത്. അർജുന്റെ ബന്ധുക്കളും സുഹൃത്തുക്കളും ലോറി ഉടമയും അർജുൻ തിരിച്ചുവരുന്നതും കാത്ത് ഷിരൂരിലുണ്ട്. കന്യാകുമാരി–പനവേൽ ദേശീയപാത 66ൽ മംഗളൂരു–ഗോവ റൂട്ടിൽ അങ്കോളയ്ക്കു സമീപം ഷിരൂരിലാണ് അർജുൻ ഓടിച്ച ലോറി വൻ മണ്ണിടിച്ചിലിൽ പെട്ടത്. ചൊവ്വാഴ്ച രാവിലെ 8.30ന് ആയിരുന്നു അപകടം.

English Summary:

Modern Lorry Cabin Offers Hope in Shirur Landslide; Arjun's Rescue Imminent

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com