ADVERTISEMENT

തിരുവനന്തപുരം∙ വർക്കല അയിരൂരിൽ പരാതി നൽകിയ കുടുംബത്തെ ഇരുട്ടിലാക്കി വീണ്ടും കെഎസ്ഇബിയുടെ പ്രതികാരം. മദ്യപിച്ചെത്തിയ ലൈൻമാനെതിരെ പരാതി നൽകിയതിനാണ് കുടുംബത്തെ ഇരുട്ടിലാക്കിയതെന്നാണ് ആരോപണം. അയിരൂർ സ്വദേശി രാജീവിന്റെ കുടുംബത്തെയാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ പ്രതികാര നടപടിയുടെ ഭാഗമായി ഇരുട്ടിലാക്കിയത്. സംഭവം വിവാദമായതോടെ രാത്രി വൈകി കെഎസ്ഇബി ഉദ്യോഗസ്ഥർ വീട്ടിലെത്തി വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. വൈദ്യുതി മന്ത്രി ഉൾപ്പെടെ പ്രശ്നത്തിൽ ഇടപെട്ടിരുന്നു.

രാജീവന്റെ വീട്ടിലെ വൈദ്യുതി തകരാർ പരിഹരിക്കാനെത്തിയ ജീവനക്കാരൻ മദ്യപിച്ച് അശ്ലീലം പറഞ്ഞിരുന്നു. ഇതിനെതിരെ പൊലീസിൽ പരാതി നൽകിയതിന്റെ വൈരാഗ്യത്തിൽ വൈദ്യുതി തകരാർ പരിഹരിക്കാതെ ബുദ്ധിമുട്ടിക്കുകയായിരുന്നു. പരാതി പിൻവലിച്ചാൽ മാത്രം വൈദ്യുതി തരാമെന്ന് അസിസ്റ്റന്റ് എൻജീനിയർ ഭീഷണിപ്പെടുത്തിയതായി കുടുംബം ആരോപിച്ചു.

അതിനിടെ, സംഭവത്തിൽ വിശദീകരണവുമായി കെഎസ്ഇബി രംഗത്തെത്തി. ഇന്നലെ രാത്രി മീറ്റ‍ർ കത്തുന്നുവെന്ന് പരാതി ലഭിച്ചപ്പോള്‍ വീട്ടിലേക്ക് പോയ കേടാകുളം സെക്ഷനിലെ രണ്ട് ലൈൻമാൻമാരെ വളരെ മോശമായി ഭാഷയിൽ ചീത്ത വിളിക്കുകയും തിരികെ പോകാൻ സമ്മതിക്കാതെ തടഞ്ഞു നിര്‍ത്തുകയും ചെയ്തുവെന്ന് കെഎസ്ഇബി അധികൃതർ പറയുന്നു. ജീവനക്കാര്‍ ഇക്കാര്യം പൊലീസില്‍ അറിയിച്ചു. പൊലീസ് എത്തിയപ്പോൾ ജീവനക്കാര്‍ മദ്യപിച്ചാണ് വന്നിരിക്കുന്നതെന്ന രീതിയില്‍ പരാതി കൊടുക്കുകയായിരുന്നു. എന്നാൽ വൈദ്യ പരിശോധന നടത്തിയപ്പോൾ ഇവർ മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമായെന്നും കെഎസ്ഇബി അധികൃതർ പറഞ്ഞു.

മദ്യപിച്ച് എത്തിയതിനു ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. വീട്ടുടമയെ തെറി വിളിച്ചെന്നും എഫ്ഐആർ ഇട്ടിരുന്നു. ഇതിനു പിന്നാലെയാണ് വീട്ടുകാർക്കെതിരെ കെഎസ്ഇബി പരാതി നൽകിയത്. ഔദ്യോഗിക ജോലി തടസപ്പെടുത്തിയെന്നാണ് കെഎസ്ഇബി നൽകിയ പരാതിയിൽ പറയുന്നത്. കെഎസ്ഇബിയുടെ നടപടി അംഗീകരിക്കാൻ കഴിയാത്തതാണ് എന്നായിരുന്നു സ്ഥലം എംഎൽഎ കൂടിയായ സിപിഎം ജില്ലാ സെക്രട്ടറി വി.ജോയിയുടെ പ്രതികരണം.

English Summary:

KSEB Accused of Cutting Power as Revenge for Complaint in Varkala Ayiroor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com