ADVERTISEMENT

കാർവാർ (കർണാടക)∙ ഷിരൂരിൽ ദേശീയപാതയിൽ മണ്ണിടിഞ്ഞു വീണു കാണാതായ ലോറി ഡ്രൈവർ അർജുനായി തിരച്ചിൽ തുടരുന്നു. സ്ഥലത്തുനിന്നു മലയാളി രക്ഷാപ്രവർത്തകരോട് തിരികെ പോകാൻ കർണാടക പൊലീസ് നിർദേശിച്ചു. രഞ്ജിത്ത് ഇസ്രയേൽ അടക്കമുള്ള ആളുകളോടാണ് തിരികെ പോകാൻ നിർദേശിച്ചത്. സൈന്യം മാത്രം അപകട സ്ഥലത്തു മതിയെന്നും അരമണിക്കൂറിനകം മറ്റുള്ളവർ സ്ഥലത്തുനിന്ന് മാറാനുമാണ് പൊലീസ് നിർദേശം. ലോറിയോടൊപ്പം മണ്ണിനടിയിലായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ ഏഴാം ദിവസത്തിലും തുടരുകയാണ്.

ഡീപ് സെർച്ച് ഡിറ്റക്ടർ ഉപയോഗിച്ചുള്ള പരിശോധനയിൽ ലോഹസാന്നിധ്യമുണ്ടെന്ന സൂചന ലഭിച്ചതായാണ് വിവരം. നേരത്തേ അർജുന്റെ മൊബൈൽ സിഗ്നൽ ലഭിച്ച അതേ ഭാഗത്താണ് ഡിറ്റക്ടർ ഉപയോഗിച്ചുനടത്തിയ പരിശോധനയിൽ ലോഹ സാന്നിധ്യം കണ്ടെത്തിയത്. ഇതോടെ ഈ ഭാഗം കേന്ദ്രീകരിച്ച് കൂടുതൽ ആഴത്തിൽ തിരച്ചിൽ നടത്തിവരികയാണ്. രണ്ട് സ്ഥലത്ത് റഡാറിൽനിന്ന് സിഗ്നൽ ലഭിച്ചെന്നും നാലോ അഞ്ചോ ടിപ്പറുകളാണ് മണ്ണു മാറ്റാനുള്ളതെന്ന് സ്ഥലത്തുള്ള മലയാളികൾ മനോരമ ഓൺലൈനോട് പറ‍ഞ്ഞു

ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലത്തേക്ക് അർജുന്റെ വാഹനം വരുന്ന സിസിടിവി ദൃശ്യങ്ങൾ അധികൃതർക്ക് ലഭിച്ചു. ലോറി, മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലം കടന്നുപോയിട്ടില്ലെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണെന്ന് അധികൃതർ മാധ്യമങ്ങളോട് പറഞ്ഞു. വാഹനം പുഴയിലുണ്ടാകുമെന്നാണ് നിഗമനം. അർജുന്റെ വാഹനം കരയിലുണ്ടാകാൻ 99 ശതമാനവും സാധ്യതയില്ലെന്നും വാഹനം പുഴയിലുണ്ടാകാനാണ് സാധ്യതയെന്നും കലക്ടർ പറഞ്ഞു. സ്ഥലത്തിന്റെ മുൻ ചിത്രങ്ങൾ ഐഎസ്ആർഒയിൽനിന്ന് ലഭിക്കും. പുഴയിലെ പരിശോധനയ്ക്ക് കൂടുതൽ ഉപകരണങ്ങൾ നാവികസേന എത്തിച്ചു.

ഷീരൂരിൽ ഇന്നു മുതൽ വീണ്ടും മഴ കനക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മണ്ണിടിച്ചിൽ ഉണ്ടായ ദിവസങ്ങൾക്ക് സമാനമായ മഴ വരും ദിവസങ്ങളിൽ ഉണ്ടാവാൻ‌ ഇടയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കന്യാകുമാരി–പനവേൽ ദേശീയപാത 66ൽ മംഗളൂരു–ഗോവ റൂട്ടിൽ അങ്കോളയ്ക്കു സമീപം ഷിരൂരിലാണ് അർജുൻ ഓടിച്ച ലോറി വൻ മണ്ണിടിച്ചിലിൽ പെട്ടത്. ചൊവ്വാഴ്ച രാവിലെ 8.30ന് ആയിരുന്നു അപകടം. കോഴിക്കോട് കിണാശേരി സ്വദേശി മുബീന്റെ ഉടമസ്ഥതയിലുള്ളതാണ് ലോറി. തടി കൊണ്ടുവരാനാണ് കർണാടകയിലേക്ക് പോയത്.

English Summary:

Shirur Landslide: Arjun Rescue Operation Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com