ADVERTISEMENT

കോഴിക്കോട്∙ കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനുവേണ്ടി തിരച്ചിൽ തുടരുന്നതിനിടെ ആശയറ്റ് കുടുംബം. രക്ഷാപ്രവര്‍ത്തനത്തില്‍ വിശ്വാസം നഷ്ടപ്പെട്ടെന്നും ഇനി ഏത് അവസ്ഥയിലാണ് അര്‍ജുനെ കിട്ടുകയെന്ന് അറിയില്ലെന്നും സഹോദരി അഞ്ജു മാധ്യമങ്ങളോടു പറഞ്ഞു.

‘‘അർജുനെക്കുറിച്ചു ചെറിയ തുമ്പെങ്കിലും കിട്ടണം. അവന്‍ ജീവനോടെ ഇല്ലെങ്കിലും ഞങ്ങളുടെ ഇത്രയും ദിവസത്തെ കാത്തിരിപ്പിന് ഒരു ഉത്തരം വേണം. ഇനി അവനെ കാണാന്‍ പറ്റുമോയെന്നറിയില്ല. ഏത് അവസ്ഥയിലാണ് അവനെ കിട്ടുകയെന്നും അറിയില്ല. കുറേപ്പേർ ഇത്രയും ദിവസം അവിടെനിന്ന് ഏറെ ബുദ്ധിമുട്ടി. മാധ്യമങ്ങളടക്കം എല്ലാവരും പ്രയത്‌നിച്ചു. അവനെക്കുറിച്ചു ചെറിയ തുമ്പെങ്കിലും കിട്ടണം. ഞങ്ങള്‍ ആരെയും കുറ്റപ്പെടുത്താനില്ല. രക്ഷാപ്രവര്‍ത്തനത്തിന്റെ വേഗതയിലൊന്നും വിശ്വാസമില്ല. വെള്ളത്തിലും കരയിലും തിരച്ചില്‍ വേണം. സൈന്യം വന്നത് കൂടുതല്‍ സംവിധാനങ്ങള്‍ ഇല്ലാതെയാണ്. കേരളത്തില്‍നിന്നും പലരും അവിടെ എത്തി വേണ്ട സഹായങ്ങള്‍ ചെയ്യുന്നുണ്ട്. ആരെയും കുറ്റപ്പെടുത്താന്‍ ഇല്ല. ഇത്രയും വൈകിയത് ഒരുപക്ഷേ ഞങ്ങളുടെ വിധികൊണ്ടായിരിക്കാം. കേരളത്തിൽനിന്നു രാഷ്ട്രീയഭേദമന്യേ എല്ലാവരും പിന്തുണച്ചു.  ഇന്നെങ്കിലും എന്തെങ്കിലും കിട്ടുമെന്നു പ്രതീക്ഷിക്കുന്നു’’ – അഞ്ജു പറഞ്ഞു. 

കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ ഏഴാം ദിവസത്തിലേക്കു കടന്നിരിക്കുകയാണ്. ഇന്നലെ സൈന്യം തിരച്ചിൽ നടത്തിയെങ്കിലും അർജുനെയും ലോറിയെയും കണ്ടെത്താനായില്ല. ഇന്നു ശക്തികൂടിയ റഡാർ ഉപയോഗിച്ചു തിരച്ചിൽ നടത്തും. പുഴയുടെ ഭാഗത്തുള്ള മൺകൂന നീക്കിയും പരിശോധന നടത്തും. കന്യാകുമാരി–പനവേൽ ദേശീയപാത 66ൽ മംഗളൂരു–ഗോവ റൂട്ടിൽ അങ്കോലയ്ക്കു സമീപം ഷിരൂരിലാണ് അർജുൻ ഓടിച്ച ലോറി മണ്ണിടിച്ചിലിൽ പെട്ടത്. ചൊവ്വാഴ്ച രാവിലെ 8.30ന് ആയിരുന്നു അപകടം.

English Summary:

Arjun Missing in Karnataka Landslide: Sister Anju Appeals for Faster Rescue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com