ADVERTISEMENT

കോഴിക്കോട് ∙ ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഒരു കുട്ടി അമീബിക് മസ്തിഷ്ക ജ്വരത്തെ അതിജീവിച്ചിരിക്കുന്നു. ഈ രോഗബാധ മൂലം തുടരെ 3 മരണങ്ങളുണ്ടായ ശേഷമാണു പ്രതീക്ഷയുടെ തിരിതെളിച്ച് തിക്കോടി സ്വദേശിയായ പതിനാലുകാരൻ ആശുപത്രി വിട്ടത്. 9 ദിവസം ഐസിയുവിൽ കിടന്ന ശേഷമാണ് കുട്ടി ജീവിതത്തിലേക്കു തിരിച്ചുനടന്നത്. രക്ഷിതാക്കളുടെയും ആശുപത്രി ജീവനക്കാരുടെയും സമയോചിതമായ ഇടപെടലാണ് കുട്ടിയെ ജീവിതത്തിലേക്കു തിരിച്ചെത്തിച്ചത്.  ‌

ജൂൺ മുപ്പതിന് വൈകിട്ടാണു കുട്ടിക്ക് അപസ്മാരത്തിനു സമാനമായ ലക്ഷണങ്ങളുണ്ടായത്. പയ്യോളിയിലെ ഒരു ക്ലിനിക്കിലാണ് ആദ്യം കുട്ടിയെ പ്രവേശിപ്പിച്ചത്. കുട്ടി കുളത്തിൽ കുളിച്ച കാര്യം ഡോക്ടറോട് പറഞ്ഞു. ഇതോടെയാണു ഡോക്ടർക്ക് സംശയം തോന്നിയത്. 14 വയസ്സുകാരന് ആദ്യമായി അപസ്മാര സമാനമായ ലക്ഷണം ഉണ്ടായതു മറ്റെന്തെങ്കിലും കാരണം കൊണ്ടാകാമെന്നായിരുന്നു ഡോക്ടറുടെ നിഗമനം. തുടർന്നാണു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച‌ു 2 കുട്ടികൾ ഇതേ ആശുപത്രിയിൽ നേരത്തേ ചികിത്സയിലുണ്ടായിരുന്നതിനാൽ ലക്ഷണങ്ങൾ പെട്ടെന്നു തിരിച്ചറിയാനായി. (രണ്ടു കുട്ടികളുടെയും ജീവൻ രക്ഷിക്കാനായിരുന്നില്ല). ആശുപത്രിയിൽ എത്തിച്ച അന്നുതന്നെ കുട്ടിക്ക് അമീബിക് മസ്തിഷ്ക ജ്വരത്തിന് നൽകുന്ന മരുന്നുകൾ നൽകിത്തുടങ്ങി. അതിന് ശേഷമാണു രോഗം സ്ഥിരീകരിച്ചു പരിശോധനാ ഫലം പോലും വന്നത്.  

തുടക്കത്തിൽത്തന്നെ രോഗം കണ്ടെത്തി മരുന്നു നൽകാൻ സാധിച്ചു എന്നതാണ് ഏറ്റവും വലിയ നേട്ടമായത്. മസ്തിഷ്കത്തെ കാർന്നു തിന്നുന്ന രോഗാണു ബാധിച്ചാൽ മരണം ഉറപ്പെന്നായിരുന്നു ഇതുവരെയുള്ള ഫലം. എന്നാൽ തിക്കോടിയിലെ പതിനാലുകാരൻ അതു തിരുത്തിക്കുറിച്ചു ചരിത്രത്തിന്റെ ഭാഗമായി. അതേസമയം, 26 ലക്ഷത്തിൽ ഒരാൾക്കു മാത്രം വരുന്ന അത്യപൂർവ രോഗം ഇടയ്ക്കിടെ കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്നത് ആശങ്കയേറ്റുകയാണ്. രണ്ടു മാസത്തിനിടെ മൂന്നു കുട്ടികളാണ് കോഴിക്കോട്ടെ ആശുപത്രികളിൽ ഈ അസുഖം ബാധിച്ച് മരിച്ചത്. കോഴിക്കോടും കൊച്ചിയിലുമായി രണ്ടു കുട്ടികൾ കൂടി ചികിത്സയിലുണ്ട്. കൊച്ചിയിൽ ചികിത്സയിലുള്ള തൃശൂർ സ്വദേശിയായ കുട്ടിയുടെ നില ഭേദപ്പെട്ടു. എന്നാൽ കോഴിക്കോട്ട് ചികിത്സയിലുള്ള കുട്ടിയുടെ നില ഗുരുതരമാണ്.

English Summary:

Historical Milestone: First Child in India Survives Amebic Meningoencephalitis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com