ADVERTISEMENT

തിരുവനന്തപുരം∙ എസ്എൻഡിപിയെ കാവിവത്കരിക്കാൻ അനുവദിക്കില്ലെന്നും മുസ്‌ലിം ലീഗിന്റെ വര്‍ഗീയത തുറന്നുകാട്ടുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാൻ ചേര്‍ന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് എം.വി. ഗോവിന്ദന്റെ പ്രതികരണം.

ശ്രീനാരായണ ഗുരു സ്ഥാപിച്ച എസ്എൻഡിപിയുടെ നേതാക്കൾ സിപിഎം വിമർശനം നടത്തുകയാണ്. എസ്എൻഡിപി നേതാക്കൾ വ്യക്തിപരമായ വിമർശനങ്ങൾ പോലും നടത്തുന്നു. ബിഡിജെഎസിനെ ഒരു ഉപകരണമാക്കി ആർഎസ്എസ് അജണ്ട നടപ്പാക്കുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്ന് പ്രചരിപ്പിച്ചു. ബിഡിജെഎസ് വഴി ബിജെപി അജണ്ട നടപ്പാക്കുന്നതിൽ വിമർശനം തുടരും. എസ്എൻഡിപിയെ കാവിവത്കരിക്കാൻ അനുവദിക്കില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

ബിജെപിയുടെ മതരാഷ്ട്ര വാദ നിലപാടിനെതിരെ ശക്തമായ ആശയ പ്രചരണം വേണം. ക്ഷേത്രങ്ങൾ കയ്യടക്കാൻ ആർഎസ്എസ് ശ്രമിക്കുകയാണ്. ക്ഷേത്രമുറ്റത്ത് ശാഖകൾ അടക്കം നടത്തുന്നു. വിശ്വാസികളാരും വര്‍ഗീയവാദികളല്ല. വിശ്വാസികളുടെ കേന്ദ്രങ്ങളിൽ വർഗീയ വാദം അനുവദിച്ച് കൊടുക്കാൻ പറ്റില്ല. ആരാധനാലയങ്ങളിൽ ആർക്കും പോകാം. പാർട്ടി അംഗങ്ങളിൽ വിശ്വാസികളുണ്ട്. അക്കാര്യം തുറന്നു പറയുന്നതിൽ അവർക്ക് ആശങ്ക വേണ്ട. പാർട്ടി അംഗങ്ങളെ ആരാധനയിൽനിന്നും വിശ്വാസത്തിൽനിന്നും വിലക്കാൻ തീരുമാനിച്ചിട്ടില്ല. പാലക്കാട് പ്ലീനം കഴിഞ്ഞശേഷം പല പ്രമേയങ്ങളിലൂടെ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടുണ്ട്.

വിശ്വാസികളെ അടക്കം വര്‍ഗീയവത്കരിക്കാനാണ് ബിജെപിയുടെ നീക്കം. ആർഎസ്എസിന്റെ ശാഖാ പ്രവർത്തനം ശരിയായ ഗുണ്ടാ പ്രവർത്തനമാണ്. എവിടെ കുത്തിയാലാണ് എതിരാളി എളുപ്പം ചാവുക എന്നാണ് അവർ ശാഖകളിൽ പഠിപ്പിക്കുന്നത്.  ബിജെപിയുടെ എല്ലാ ശ്രമങ്ങളെയും ശക്തമായി പ്രതിരോധിക്കാൻ സംസ്ഥാന സമിതി യോഗത്തിൽ തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

നവമാധ്യമ കടന്നാക്രമണങ്ങൾ കൂടുകയാണ്. തലസ്ഥാനത്തെ മേയറെയും മുഖ്യമന്ത്രിയേയും ഉദ്യോഗസ്ഥരേയും എല്ലാം കടന്നാക്രമിക്കുന്നു. ഐഎഎസുകാരിയായ ദിവ്യ എസ്.അയ്യർക്കെതിരെ നടക്കുന്ന ആക്രമണം അവർ സ്ത്രീയായത് കൊണ്ടാണ്. കോൺഗ്രസ് നേതാവിന്റെ ഭാര്യയായത് കൊണ്ട് ഔദ്യോഗികമായ പദവികളെ പോലും വിമർശിക്കുന്നു. ദിവ്യയെ ആക്രമിച്ചതിനു മുന്നിൽ നിന്നത് മുൻനിര കോൺഗ്രസ് നേതാക്കൾ തന്നെയാണ്. അന്ധ വിശ്വാസവും സ്ത്രീ വിരുദ്ധതയും ആണ് കോൺഗ്രസിൽ നടക്കുന്നത്. 

മുസ്‌ലിം ലീഗ് മതരാഷ്ട്രവാദികളുമായി യോജിച്ചു പ്രവർത്തിക്കുകയാണ്. മുസ്‌ലിം ലീഗിന്റെ വർഗീയ നിലപാടിനെ തുറന്നു കാണിക്കും. വർഗീയ ശക്തികൾ പരസ്പരം കുറ്റപ്പെടുത്തി ശക്തിപ്പെടുന്ന അവസ്ഥയാണ് കേരളത്തിലുള്ളത്. ന്യൂനപക്ഷങ്ങളെ പരസ്പരം ഏറ്റുമുട്ടിക്കാനും ആർഎസ്എസ് ശ്രമിക്കുന്നുണ്ട്. ന്യൂനപക്ഷ പരിരക്ഷക്ക് പ്രാധാന്യം നൽകും. ഇടതുപക്ഷം പ്രധാന ചുമതലയായി ന്യൂനപക്ഷ പരിരക്ഷ ഏറ്റെടുക്കും.  വികസന മുരടിപ്പ് എന്ന വിമർശനത്തിന് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.

തെറ്റുതിരുത്തൽ പാർട്ടി യോഗങ്ങളിലെ സ്ഥിരം അജൻഡയാണ്. തെറ്റുകൾ ആവർത്തിക്കുന്നവരെ വച്ചുപൊറുപ്പിക്കില്ല. ഇ.പി.ജയരാജനുമായി ബന്ധപ്പെട്ടുയർന്ന ബിജെപി വിവാദം സംഘടനാ കാര്യങ്ങൾക്കായി ചേരുന്ന അടുത്ത സംസ്ഥാന കമ്മിറ്റിയിൽ ചർച്ച ചെയ്യും. അടഞ്ഞ അധ്യായമല്ലാത്തതുകൊണ്ടാണു ചർച്ച ചെയ്യും എന്നു പറയുന്നത്. എല്ലാം തിരുത്തിത്തന്നെയാണു മുന്നോട്ടുപോവുക. 

കോൺഗ്രസിന്റെ ഒരു ശാസ്ത്രപരിപാടിയുടെ ഉദ്ഘാടനം കെ.സുധാകരൻ നിർവഹിക്കുന്ന ചിത്രം പത്രത്തിൽ കണ്ടു. കൂടോത്രമാണ് അപ്പോൾ ഓർമ വന്നത്. സുധാകരനെപ്പോലെയുള്ളവർ ശാസ്ത്രം കൈകാര്യം ചെയ്യാനിറങ്ങിയാൽ ശാസ്ത്രത്തിന്റെ ഗതി എന്താകുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

English Summary:

MV Govindan Criticism against SNDP and Muslim league

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com