നിപ്പയിൽ ആശ്വാസം, സമ്പർക്കപ്പട്ടികയിലെ 9 പേരുടെ സാംപിളുകൾ നെഗറ്റീവ്
Mail This Article
മലപ്പുറം∙ നിപ്പ ബാധിച്ചു മരിച്ച കുട്ടിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട 9 പേരുടെ സാംപിളുകൾ നെഗറ്റീവ്. 13 പേരുടെ സാംപിളുകളാണ് പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നത്. ഇവരിൽ 9 പേരുടെ ഫലമാണു വന്നത്. കുട്ടി ചികിത്സയിൽ കഴിഞ്ഞ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞവരാണ് ഇവർ. തിരുവനന്തപുരം സ്വദേശികളായ നാലുപേരുടെ പരിശോധനാഫലമാണ് ഇനി വരാനുള്ളത്.
മരിച്ച 14കാരന്റെ സമ്പർക്കപ്പട്ടികയിൽ 406 പേരാണുളളത്. ഇവരിൽ 194 പേർ ഹൈ റിസ്ക്ക് വിഭാഗത്തിലുണ്ട്. ഇവരിൽ 139 പേർ ആരോഗ്യ പ്രവർത്തകരാണ്. നിപ്പ ബാധിച്ച് കുട്ടി മരിച്ച പ്രദേശത്തെ 7239 വീടുകളിൽ ആരോഗ്യ വകുപ്പ് സർവേ നടത്തി. 439 പേർ പനിബാധിതരാണ്. ഇതിൽ 4 പേർ കുട്ടിയുമായി സമ്പർക്കമുള്ളവരാണ്. 2023 ൽ കണ്ടെത്തിയ അതേ വൈറസ് വകഭേദമാണ് ഇപ്പോഴും സ്ഥിരീകരിച്ചതെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.