ADVERTISEMENT

കോഴിക്കോട്∙ ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശത്തെ 90 ശതമാനം മണ്ണു നീക്കിയിട്ടും അർജുനെയും ലോറിയെയും കണ്ടെത്താൻ കഴിയാത്തതോടെ ലോറി കരയിൽ ഇല്ലെന്ന നിഗമനത്തിൽ കർണാടക ദൗത്യസംഘം. ലോറി കരയിൽ ഉണ്ടായിരുന്നെങ്കിൽ ഇത്രയും മണ്ണു നീക്കിയ സ്ഥിതിക്ക് എന്തെങ്കിലും സൂചന ലഭിക്കുമെന്നാണു ദൗത്യസംഘം പറയുന്നത്. നദിയിൽ ലോറി വീണെങ്കിൽ ഇതിനകം തന്നെ കയർ പൊട്ടുകയും തടിക്കഷണങ്ങൾ വെള്ളത്തിൽ ഒഴുകുകയും ചെയ്തേനെ. എന്നാൽ ഒറ്റ തടിക്കഷണവും വെള്ളത്തിൽ കണ്ടെത്താൻ സാധിച്ചില്ല. ഇതോടെ അർജുനും ലോറിയും എവിടെയെന്ന ചോദ്യം കൂടുതൽ സങ്കീർണമാകുന്നു.  

ലോറി നിർത്തിയിട്ടിടത്തുനിന്നു നീങ്ങിപ്പോയിട്ടില്ലെന്ന നിലപാടിലാണ് ലോറി ഉടമ മനാഫ്. ലോറി നിര്‍ത്തിയിട്ട ഭാഗത്തുനിന്നു മണ്ണിടിച്ചിലിൽ തള്ളിപ്പോയെങ്കില്‍ ചായക്കടയുണ്ടായിരുന്ന ഭാഗത്ത് ഉണ്ടാകാനാണ് സാധ്യത. അങ്ങനെ വണ്ടി തള്ളിപ്പോന്നുവെങ്കില്‍ ഒന്നുരണ്ടു തവണ മറിയാനുള്ള സാധ്യതയുമുണ്ട്. ലോറി മറിഞ്ഞിരുന്നെങ്കില്‍ ലോറിയിലുളള തടിക്കഷണങ്ങളിലൊന്നെങ്കിലും പരിസരത്ത് കണ്ടെത്തിയേനെ. ഒരു തടിക്കഷണം പോലും ഇവിടെനിന്നും ഇതുവരെ കിട്ടിയിട്ടില്ല. അതുകൊണ്ടു നിര്‍ത്തിയിട്ട ഭാഗത്തുനിന്നു വണ്ടി നീങ്ങിയിട്ടില്ലെന്നു മനസിലാക്കാം. 40 ടണ്‍ ഭാരമുള്ള ലോഡാണ് വണ്ടിയിലുള്ളത്. നാനൂറിലധികം തടിക്കഷണങ്ങളുണ്ട് ലോറിയിൽ. മണ്ണിടിച്ചിലില്‍ ലോറി പുഴയിലേക്കു പോയെങ്കില്‍ ഒരു കഷണം തടിയെങ്കിലും എവിടെയെങ്കിലും കാണണ്ടേയെന്നും മനാഫ് ചോദിക്കുന്നു. 

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനുവേണ്ടി തിങ്കളാഴ്ചയും മണ്ണെടുക്കൽ പുരോഗമിക്കുകയാണ്. കരയിലെ മണ്ണ് നീക്കൽ അവസാന ഘട്ടത്തിലേക്ക് കടന്നിട്ടുണ്ട്. റഡാർ ഉൾപ്പെടെയുള്ളവ ഉപയോഗിച്ച് പരിശോധന നടത്തിയിട്ടും ലോറിയുടെ യാതൊരു സൂചനയും ലഭിച്ചില്ല. ഇതോെടയാണ് ലോറി കരയിൽ ഇല്ലെന്ന നിഗമനത്തിൽ എത്തിയത്. എന്നാൽ ലോറി വെള്ളത്തിലേക്ക് വീണെങ്കിൽ ഒരു തടിക്കഷണമെങ്കിലും പൊന്തി വരില്ലായിരുന്നോ എന്ന ചോദ്യം ഉയരുന്നു.

English Summary:

No Trace of Arjun yet says army, Rescue operation get complicated

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com