ADVERTISEMENT

കോഴിക്കോട്∙ എംപിയെ കിട്ടിയിട്ടും കേരളത്തോട് ചിറ്റമ്മ നയം തുടർന്ന് ബിജെപി. എയിംസ് എന്ന വർഷങ്ങളായുള്ള കേരളത്തിന്റെ ആവശ്യം ഇത്തവണയും പരിഗണിച്ചില്ല. സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ടു പോകുമ്പോളും കേന്ദ്ര സർക്കാർ ഇത്തവണയും പുറം തിരിഞ്ഞു. കോഴിക്കോട്ടെ കിനാലൂരിലാണ് എയിംസ് സ്ഥാപിക്കാനുള്ള സ്ഥലം ഏറ്റെടുക്കാനുള്ള പ്രാഥമിക നടപടികളായത്. ജില്ലയിൽ രാഷ്ട്രീയപാർട്ടികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു എയിംസ്.

കേന്ദ്രമന്ത്രിയായ ശേഷം സുരേഷ് ഗോപി കോഴിക്കോട് എത്തിയപ്പോളും ഉയർന്ന പ്രധാന ചോദ്യം എയിംസ് സ്ഥാപിക്കുമോ എന്നായിരുന്നു. എന്നാൽ കൃത്യമായ മറുപടി നൽകാൻ അദ്ദേഹം തയാറായില്ല. കഴിഞ്ഞ വർഷം പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷായോജന പ്രകാരം 22 എയിംസുകൾ വിവിധ സംസ്ഥാനങ്ങളിൽ ആരംഭിക്കാൻ അംഗീകാരം നൽകിയെങ്കിലും കേരളത്തെ അവഗണിച്ചു. ബിജെപി ഉൾപ്പെടെയുള്ള പാർട്ടികൾ എയിംസിനായി മുറവിളികൂട്ടുന്നുവെങ്കിലും ഒന്നും ഫലം കാണുന്നില്ല.

കിനാലൂർ കൂടാതെ തിരുവനന്തപുരം, കോട്ടയം, എറണാകുളം ജില്ലകളിലെ സ്ഥലങ്ങളും എയിംസിനായി കേരളം മുന്നോട്ടുവച്ചിരുന്നു. എയിംസ് അനുവദിക്കപ്പെടുകയാണെങ്കിൽ അത് കിനാലൂരിൽതന്നെ സാധ്യമാക്കാനാണ്‌ സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നത്. കിനാലൂരിൽ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷന്റെ (കെഎസ്ഐഡിസി) പക്കലുള്ള വ്യവസായ വികസന കേന്ദ്രത്തിലെ 153 ഏക്കർ ഭൂമി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിനു (എയിംസ്) കൈമാറാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിനായി ഭൂമി ആരോഗ്യവകുപ്പിനു കൈമാറി വ്യവസായ വകുപ്പ് 2023ൽ ഉത്തരവിറക്കി. ഭൂമിയേറ്റെടുക്കലിന്റെ ഭാഗമായി പുനരധിവാസത്തിനും നഷ്ടപരിഹാരത്തിനുമുള്ള അവകാശനിയമം 19 പ്രകാരമുള്ള അന്തിമവിജ്ഞാപനം പുറത്തിറക്കുന്നതിന്റെ മുന്നോടിയായുള്ള നടപടികൾ വരെ തുടങ്ങിയതാണ്.

‘എയിംസ് കോഴിക്കോടിനുതന്നെ, കേരളത്തിന്റെ ചിരകാലസ്വപ്നമായ എയിംസ് യാഥാർഥ്യമാക്കുന്ന നരേന്ദ്രമോദി സർക്കാരിന് അഭിനന്ദനങ്ങൾ’ എന്ന വാചകങ്ങളോടെ ബിജെപി ജില്ലാ കമ്മിറ്റി കഴിഞ്ഞ വർഷം ജൂലൈയിൽ പോസ്റ്റർ സ്ഥാപിച്ചിരുന്നു. ഇത്തവണയും പ്രതീക്ഷ പോസ്റ്ററിൽ മാത്രം.

English Summary:

Budget 2024: No AIIMS for Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com