എട്ടാം ദിവസവും അർജുനെ കണ്ടെത്തിയില്ല; നാളെ ‘ഐബോഡ്’ ഉപയോഗിച്ച് തിരച്ചിൽ
Mail This Article
ബെംഗളൂരു∙ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനു വേണ്ടിയുള്ള എട്ടാം ദിവസത്തെ തിരച്ചിലും അവസാനിച്ചു. പുഴയിൽ നിന്നും അർജുനെയും ലോറിയെയും കണ്ടെത്താനായില്ല. തിരച്ചിലിനായി നാളെ ‘ഐബോഡ്’ സാങ്കേതിക സംവിധാനം ഉപയോഗിക്കും. ആകാശത്ത് നിന്നും നിരീക്ഷിച്ച് ചെളിക്കടിയിൽ പൂഴ്ന്നു പോയ വസ്തുക്കളുടെ സിഗ്നലുകൾ കണ്ടെത്തുന്ന ഉപകരണമാണ് ‘ഐബോഡ്’. ക്വിക് പേ എന്ന സ്വകാര്യ കമ്പനിയുടെ പക്കൽ നിന്നാണ് ഈ ഉപകരണം വാടകയ്ക്ക് എടുക്കുന്നത്. വെള്ളത്തിലും മഞ്ഞിലും പർവതങ്ങളിലും തിരച്ചിൽ നടത്താൻ ഈ ഉപകരണം ഉപയോഗിക്കാമെന്നാണ് കമ്പനി പറയുന്നത്. 2.4 കിലോമീറ്ററാണ് നിരീക്ഷണപരിധി.
റോഡിൽ മണ്ണിനടിയിൽ ലോറിയില്ലെന്ന് സൈന്യം ഇന്നലെ തന്നെ സ്ഥിരീകരിച്ചിരുന്നു. പുഴയിലെ ശക്തമായ അടിയൊഴുക്ക് കാരണം സൈന്യം വൈകുന്നേരത്തോടെ തിരച്ചിൽ നിർത്തി. നാവികസേനയുടെ മുങ്ങൽ വിദഗ്ധർക്ക് അടിയൊഴുക്ക് കാരണം വെള്ളത്തിൽ ഇറങ്ങാൻ കഴിയാത്തതാണ് തിരിച്ചടിയായത്.
അതേസമയം, അർജുനു വേണ്ടി നല്ല രീതിയിൽ തിരച്ചിൽ നടക്കുന്നുവെന്ന് സഹോദരി അഞ്ജു പറഞ്ഞു. തിരച്ചിലിൽ തൃപ്തരാണ്. അർജുനെ കിട്ടുന്നതു വരെ തിരയണം. ഇവിടുന്നു പോയ സന്നദ്ധ പ്രവർത്തകരോട് നന്ദിയുണ്ടെന്നും അർജുന്റെ സഹോദരി പറഞ്ഞു. സാധ്യമായ എല്ലാ യന്ത്രങ്ങളും തിരച്ചിലിന് ഉപയോഗിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.