ADVERTISEMENT

ന്യൂഡൽഹി∙ സുപ്രീംകോടതി നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ നീറ്റ് പരീക്ഷയുടെ പുതുക്കിയ മെറിറ്റ് പട്ടിക 2 ദിവസത്തിനകം പ്രസിദ്ധീകരിക്കുമെന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. നീറ്റ് പരീക്ഷയിൽ തെറ്റായ ഉത്തരത്തിനു നൽകിയ മാർക്ക് റദ്ദാക്കണമെന്നു സുപ്രീംകോടതി നിർദേശിച്ചിരുന്നു. തുടർന്നാണു റാങ്ക് ലിസ്റ്റ് ഭേദഗതി ചെയ്യാൻ ദേശീയ പരീക്ഷ ഏജൻസി (എൻടിഎ) തീരുമാനിച്ചത്. ഇതോടെ പ്രവേശന നടപടികളിൽ കാലതാമസം നേരിട്ടേക്കുമെന്ന് ആശങ്കയുയർന്നു.

4 ലക്ഷത്തോളം വിദ്യാർഥികളുടെ 5 മാർക്ക് വീതം റദ്ദാക്കിയാണു റാങ്ക് ലിസ്റ്റ് പുതുക്കുക. നീറ്റ് പരീക്ഷയിലെ 19–ാം ചോദ്യത്തിനു വ്യത്യസ്തമായ 2 ഓപ്ഷനുകൾ ശരിയുത്തരമായി രേഖപ്പെടുത്തിയവർക്കു മാർക്ക് നൽകിയിരുന്നു. ഇക്കാര്യം ഹർജിക്കാർ ചോദ്യം ചെയ്തപ്പോൾ എൻസിഇആർടിയുടെ പഴയ സിലബസ് അനുസരിച്ച് ഒരു ഉത്തരവും പുതിയ സിലബസ് അനുസരിച്ച് മറ്റൊരു ഉത്തരവും ശരിയാണെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം. സുപ്രീംകോടതി നിർദേശപ്രകാരം ഡൽഹി ഐഐടി സമർപ്പിച്ച റിപ്പോർട്ടിൽ ഓപ്ഷൻ നാലാണു ശരിയുത്തരമെന്ന് വ്യക്തമാക്കി. ഓപ്ഷൻ നാലിനു മാത്രം മാർക്ക് നൽകിയാൽ മതിയെന്ന് കോടതി നിർദേശിച്ചു.

ഉത്തരമായി ഓപ്ഷൻ 2 രേഖപ്പെടുത്തിയ 4 ലക്ഷത്തോളം വിദ്യാർഥികൾക്ക് ഇതോടെ 5 മാർക്ക് നഷ്ടപ്പെടും. ഇവർക്ക് നെഗറ്റീവ് മാർക്ക് നൽകേണ്ടെന്നു സുപ്രീംകോടതി അഭിപ്രായപ്പെട്ടു. കോടതി നിർദേശമനുസരിച്ച് മാർക്ക് പുനർനിശ്ചയിക്കുമ്പോൾ നിലവിൽ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിലും മാറ്റം വരും. പുതിയ റാങ്ക് അനുസരിച്ചുള്ള പട്ടിക തയാറാക്കിയ ശേഷമേ എൻടിഎയ്ക്കു പ്രവേശന നടപടികൾ ആരംഭിക്കാനാകൂ. ബുധനാഴ്ച കൗൺസിലിങ് ആരംഭിക്കുമെന്നാണ് കഴിഞ്ഞയാഴ്ച എൻടിഎ സുപ്രീംകോടതിയെ അറിയിച്ചത്. ഓഗസ്റ്റ് പകുതിയോടെ ആരംഭിച്ചിരുന്ന ഒന്നാം സെമസ്റ്റർ മെഡിക്കൽ അധ്യയനം ഇത്തവണ സെപ്റ്റംബറിലേക്ക് നീളാനും സാധ്യതയുണ്ട്.

അതേസമയം, ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷ നീറ്റ്–യുജിയുടെ ഫലം റദ്ദാക്കില്ല. ചോദ്യച്ചോർച്ചയും ക്രമക്കേടുകളും വ്യാപകമല്ലെന്നു ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായുള്ള സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു. 23 ലക്ഷം വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുന്ന കാര്യമാണെന്നു ചൂണ്ടിക്കാട്ടിയാണു പുനഃപരീക്ഷാ ആവശ്യം കോടതി തള്ളിയത്. ജാർഖണ്ഡിലെ ഹസാരിബാഗിലും ബിഹാറിലെ പട്നയിലും ചോദ്യച്ചോർച്ചയുണ്ടായെന്നതിൽ തർക്കമില്ല. എന്നാൽ, വ്യാപകമായി ചോർച്ചയുണ്ടായെന്നതിനോ പരീക്ഷയുടെ പവിത്രതയെ ബാധിക്കുന്നതരത്തിൽ പിഴവുണ്ടായതിനോ തെളിവില്ലെന്നു കോടതി വിലയിരുത്തി.

English Summary:

Revised NEET-UG Merit List To Be Out In Two Days, Says Education Minister After SC Cancels Re-Test

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com