ADVERTISEMENT

ന്യൂഡൽഹി∙ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് ഭാരതത്തിന്റെ വികാരം ഉൾക്കൊണ്ടില്ലെന്നും കേന്ദ്രസർക്കാർ സംസ്ഥാനങ്ങളെ ഒന്നിച്ചു കൊണ്ടുപോകുന്നതിൽ പരാജയപ്പെട്ടെന്നും സഹകരണ ഫെഡറലിസം നശിപ്പിക്കുന്ന മികച്ച ഉദാഹരണമാണ് ഈ ബജറ്റെന്നും ഹൈബി ഈ‍ഡൻ എംപി. ഗ്രാമപ്രദേശങ്ങളിലെ തൊഴിലില്ലായ്മ ഏറ്റവും ഉയർന്ന നിലയിലാണെന്നും കർഷക,യുവ, ദളിത്, വനിത, ആദിവാസി വിരുദ്ധ ബജറ്റാണ് നിർമല സീതാരാമന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘‘കോൺഗ്രസിന്റെ പ്രകടനപത്രികയിൽനിന്നും പ്രചോദനം കൊണ്ട് ചില വാഗ്ദാനങ്ങൾ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യുവാക്കൾക്ക് വാർഷിക സ്റ്റൈപെൻഡോടെ ഇന്റേൺഷിപ്പ്, പുതുതായി ജോലി നിർമിക്കുന്നതിനുള്ള നികുതി ഇളവുകൾ, ഏഞ്ചൽ നികുതി ഒഴിവാക്കൽ എന്നിവ കോൺഗ്രസ് വാഗ്ദാനങ്ങളുടെ ഭാഗമായിരുന്നു. അതുൾപ്പെടുത്തിയതില്‍ വളരെയേറെ സന്തോഷമുണ്ട്. 

293 സീറ്റുകളോടെയാണു ബിജെപി അധികാരത്തിലെത്തിയത്. അധികാരത്തിലെത്തിയ സമയത്ത് ബിജെപി ഐസിയുവിലായിരുന്നു. എന്നാൽ ബജറ്റ് പ്രഖ്യാപനത്തിലൂടെ ഐസിയുവിലല്ല, 2 വെന്റിലേറ്ററുടെ സഹായത്തോടെയാണു ബിജെപി ഭരിക്കുന്നതെന്നു മനസ്സിലായി. കേരളത്തിന് യാതൊരു പ്രാതിനിധ്യവും ബജറ്റിൽ നൽകിയില്ല. 2 കേന്ദ്രമന്ത്രിമാരുണ്ടെങ്കിലും എയിംസിനെ പറ്റി ഒന്നും പറഞ്ഞില്ല. ആരോഗ്യമേഖലയിലെ ഉന്നമനത്തിനും ഒന്നും നൽകിയില്ല. സാമ്പത്തിക പ്രതിസന്ധി നേരിട്ട സംസ്ഥാനത്തെ സഹായിക്കാൻ പോലും തയാറായില്ല. 2018ൽ ഏറ്റവും വലിയ പ്രളയത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. ഈ ബജറ്റിൽ പ്രളയം തകർത്ത പല സംസ്ഥാനങ്ങൾക്കും സഹായം നൽകിയെങ്കിലും കേരളത്തിന് യാതൊരു സഹായവും ലഭിച്ചില്ല. 

കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തീരവാസികളോടും മത്സ്യത്തൊഴിലാളികളോടും വഞ്ചാനാപരമായ നിലപാടു തുടരുകയാണ്. തീരമേഖലാ നിയന്ത്രണം സംബന്ധിച്ചു കേരളത്തിനു ബാധകമായ തീര മാനേജ്മെന്റ് പ്ലാൻ ഇതുവരെ അംഗീകരിച്ചിട്ടില്ല. ഇതുമൂലം 2019 നെ നിയമത്തിൽ വരുത്തിയ ആനുകൂല്യങ്ങൾ ഇപ്പോഴും കേരള തീരത്തുള്ളവർക്കു ലഭിക്കുന്നില്ലെന്നു ഹൈബി ആരോപിച്ചു. 5 വർഷമെടുത്താണു സംസ്ഥാന സർക്കാർ തീര മാനേജ്മെന്റ് പ്ലാൻ പൂർത്തിയാക്കിയത്. 2019 ലെ വിജ്ഞാപന പ്രകാരം ഓരോ ദ്വീപിനും ദ്വീപ് മാനേജ്മെന്റ് പ്ലാൻ തയാറാക്കണമെന്നു നിർദേശമുണ്ടെങ്കിലും അതുണ്ടായിട്ടില്ല’–ഹൈബി ഈഡൻ ലോക്സഭയിൽ പറഞ്ഞു.

2019-ൽ ബിജെപി എംപിമാർ ചൊല്ലിയിരുന്ന “മോദി ഹേ തോ മുമ്കിൻ ഹേ” എന്ന മുദ്രാവാക്യത്തെ ഓർമിപ്പിച്ചുകൊണ്ട് മോദി സർക്കാരിന്റെ പരാജയങ്ങളെയും  ഹൈബി ചൂണ്ടിക്കാട്ടി. മണിപ്പുർ കലാപം, ജമ്മുകശ്മീർ ഭീകരാക്രമണങ്ങൾ തുടങ്ങിയ രാജ്യത്തെ പ്രശ്നങ്ങളും പരാമർശിച്ച ഹൈബി ഈഡൻ പാക്കിസ്ഥാനിൽ നവാസ് ഷെരീഫിന്റെ പിറന്നാൾ ആഘോഷിക്കാൻ പോയ മോദിക്ക് ഇതുവരെയും മണിപ്പുരിൽ പോകാൻ സാധിച്ചില്ലെന്നും വിമർശിച്ചു. 

English Summary:

Centre fails to bring states together, budget destroys federalism says Hibi Eden in Loksabha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com