പൊലീസ് സ്റ്റേഷന് മുന്നിലൂടെ സിനിമാ സ്റ്റൈൽ മണൽക്കടത്ത്, പിന്നാലെ റീൽസാക്കി മാഫിയ– വിഡിയോ
Mail This Article
നിലമ്പൂർ (മലപ്പുറം)∙ പൊലീസ് സ്റ്റേഷന് മുൻപിലൂടെ ടിപ്പറിൽ മണൽ കടത്തുന്ന വിഡിയോ ചിത്രീകരിച്ച ശേഷം റീൽസ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത് മാഫിയാ സംഘം. തങ്ങളെ തന്നെ വെല്ലുവിളിക്കുന്ന രീതിയിലുള്ള വിഡിയോ വൈറലായതോടെ പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ് നിലമ്പൂർ പൊലീസ്. വണ്ടി ഭ്രാന്തൻ കെഎൽ 71 എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് വിഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്.
ചാലിയാർ പുഴയുടെ മമ്പാട് ടാണ കടവിൽ നിന്ന് ജൂലൈ 24ന് രാത്രിയാണ് നിലമ്പൂർ സ്റ്റേഷനു മുമ്പിലൂടെ ഓടായിക്കൽ, വടപുറം സ്വദേശികളായ 2 പേർ മണൽ കടത്തിയത്. നിലമ്പൂർ സ്റ്റേഷനു മുന്നിലൂടെ മണലുമായ ടിപ്പർ കടന്നുപോകുന്ന വിഡിയോ പിന്നീട് സിനിമാ ഡയലോഗുകൾ കൂടി ചേർത്ത് റീൽസായി പേജിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. റീൽസിൽ പൊലീസ് സ്റ്റേഷന്റെ അടഞ്ഞുകിടക്കുന്ന ഗേറ്റും ജീപ്പും വ്യക്തമായി കാണാമായിരുന്നു.
അതേസമയം റീൽസ് വിവാദമായതോടെ ഇത് ഇൻസ്റ്റാഗ്രാം പേജിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ലോറിയിലുണ്ടായിരുന്ന ആളുകളെയും ടിപ്പറിന്റെ നമ്പറും തിരിച്ചറിയാൻ കഴിയുന്ന സൂചനകൾ റീൽസിൽ ഉണ്ടായിരുന്നില്ല. 5 മാസം മുൻപ് മമ്പാട് ടൗൺ കടവിൽ മണൽ കോരി തോണിയിൽ കയറ്റുന്നത് ചിത്രീകരിച്ച് റീൽ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിയെങ്കിലും ആരെയും പിടികൂടിയിരുന്നില്ല.
തോണികളിൽ പകൽ മണൽ വാരിയ ശേഷം അർധരാത്രി ടിപ്പറുകളിൽ കടത്തുന്നതാണ് സംഘത്തിന്റെ രീതി. മാഫിയയുടെ കൈവശമുള്ള ടിപ്പറുകളിൽ ഭൂരിഭാഗത്തിനും രേഖകളില്ലാത്തതിനാൽ ഇത് പിടിച്ചെടുത്താലും നടപടി പലപ്പോഴും നിസാര പിഴയിലൊതുക്കും. ജില്ലാ പൊലീസ് മേധാവിയുടെ മണൽ സ്ക്വാഡിൻ്റ പ്രവർത്തനം നിലച്ചതും മണൽ മാഫിയക്ക് വളമായിട്ടുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്.