ADVERTISEMENT

തിരുവനന്തപുരം∙ ഇന്ത്യന്‍ മണ്ണില്‍ കടന്നുകയറിയ പാക്കിസ്ഥാന്‍ സൈന്യത്തെ നേര്‍ക്കുനേര്‍ പോരാടി തുരത്തിയ കാര്‍ഗില്‍ യുദ്ധത്തിന്റെ കാല്‍നൂറ്റാണ്ട് ആചരിക്കുമ്പോള്‍ രണവീര്യത്തിന്റെയും ദേശസ്‌നേഹത്തിന്റെയും ജ്വലിക്കുന്ന ഓര്‍മയാണ് വെങ്ങാനൂര്‍ സ്വദേശി ക്യാപ്റ്റന്‍ ജെറി പ്രേംരാജ്. മരണാനന്തര ബഹുമതിയായി വീരചക്ര നല്‍കി രാജ്യം ആദരിച്ച ധീരജവാന്റെ സ്മരണകളുമായി ജെറിയുടെ അമ്മ ചെല്ലത്തായിയും സഹോദരന്‍ റജിനാള്‍ഡ് ആര്‍. പവിത്രനും കാര്‍ഗിലിലെ ദ്രാസില്‍ നടക്കുന്ന കാര്‍ഗില്‍ അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കുകയാണ്. ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് ജെറിയുടെ അമ്മ ഉള്‍പ്പെടെയുള്ളവരെ ആദരിക്കും. ഇന്നു നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കും. 

1999 ജൂലൈ ഏഴിന് പുലര്‍ച്ചെ 4.15നാണ് കാര്‍ഗിലിലെ ടൈഗര്‍ കുന്നുകളില്‍ ജെറിക്കു വെടിയേറ്റത്. പരുക്കേറ്റിട്ടും പിന്മാറാതെ പാക്കിസ്ഥാന്‍ സൈന്യത്തിനു കനത്ത നാശം വിതച്ചാണു ജെറി വീരമൃത്യു വരിച്ചത്. പാക്ക് നുഴഞ്ഞുകയറ്റക്കാരെ തുരത്തുന്നതിനിടെ ഒപ്പമുണ്ടായിരുന്ന സൈനികരായ രാജയ്യയെയും അശോക് കുമാറിനെയും രക്ഷപ്പെടുത്താന്‍ ശ്രമിക്കുമ്പോഴാണ് ജെറിക്കു വെടിയേല്‍ക്കുന്നത്. 

കാർഗിലിൽ വീരമൃത്യ വരിച്ച ധീരജവാന്മാർക്ക് ആദരമർപ്പിച്ചപ്പോൾ. ചിത്രം∙ സ്പ‍െഷൽ അറേഞ്ച്‍മെന്റ്
കാർഗിലിൽ വീരമൃത്യ വരിച്ച ധീരജവാന്മാർക്ക് ആദരമർപ്പിച്ചപ്പോൾ. ചിത്രം∙ സ്പ‍െഷൽ അറേഞ്ച്‍മെന്റ്

പാക്കിസ്ഥാന്‍ പിടിച്ചെടുത്ത ഭാഗങ്ങള്‍ തിരിച്ചുപിടിക്കാനുള്ള ഓപ്പറേഷന്‍ വിജയിന്റെ ഭാഗമായി ദ്രാസ് സെക്ടറിലാണ് ജെറിയെ നിയോഗിച്ചിരുന്നതെന്ന് സഹോദരന്‍ റെജിനാള്‍ഡ് പവിത്രന്‍ ഓര്‍മിച്ചു. 2 നാഗാ ബറ്റാലിയനൊപ്പം ഫോര്‍വേഡ് ഒബ്‌സര്‍വേഷന്‍ പോസ്റ്റ് ഓഫിസര്‍ ആയാണ് ജെറി പ്രവര്‍ത്തിച്ചത്. കൊച്ചുനാള്‍ മുതല്‍ തന്നെ ജെറിക്ക് നേതൃഗുണം ഉണ്ടായിരുന്നു. ആറാം മാസത്തില്‍ ബേബി ഷോയില്‍ വിജയിച്ചതു മുതല്‍, സ്‌കൂളില്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാകുന്നതു വരെ അവന്‍ മുന്നിലായിരുന്നു. സൈനികനാകണമെന്നും മികച്ച ഓഫിസര്‍ ആകണമെന്നതും അടങ്ങാത്ത ആവേശമായിരുന്നു ജെറിക്ക്. കഥപറയാന്‍ വലിയ കഴിവായിരുന്നു അവന്. മോഹന്‍ലാലിന്റെ വലിയ ആരാധകനായിരുന്നു ജെറി എന്നും റെജിനാള്‍ഡ് പറഞ്ഞു. 25 വര്‍ഷം മുന്‍പ് രാജ്യത്തിനു വേണ്ടി പൊരുതി ജെറി ജീവന്‍ ബലിയര്‍പ്പിച്ച മണ്ണിലേക്ക്, ദ്രാസ് യുദ്ധ സ്മാരകത്തിലേക്ക് ഒരു തീര്‍ഥാടനമാണ് നടത്തുന്നതെന്നും റെജിനാള്‍ഡ് പറഞ്ഞു. അവന്റെ ത്യാഗത്തിനും അവശേഷിപ്പിച്ചു പോയ നന്മയ്ക്കുമുള്ള സാക്ഷ്യമാണ് ഈ യാത്ര. - റെജിനാള്‍ഡ് പറഞ്ഞു.  

ക്യാപ്റ്റന്‍ ജെറി പ്രേംരാജിന്റെ അമ്മ ചെല്ലത്തായി
ക്യാപ്റ്റന്‍ ജെറി പ്രേംരാജിന്റെ അമ്മ ചെല്ലത്തായി. ചിത്രം∙ സ്‍പെഷൽ അറേഞ്ച്‍മെന്റ്

വിവാഹം കഴിഞ്ഞു നാല്‍പതാം നാള്‍ പുതുമോടി മാറും മുന്‍പേയാണു ജെറി യുദ്ധഭൂമിയിലേക്കു പോയത്. 1999 ജൂണ്‍ 28-ന് കാര്‍ഗിലിലെ യുദ്ധമുഖത്തുനിന്നു വീട്ടിലേക്ക് അയച്ച കത്തില്‍ ജെറി ഇങ്ങനെ എഴുതി 'ശത്രുക്കളെ വിരട്ടിയോടിച്ച് തിരികെ എത്തും വരെ അപ്പയും അമ്മയും വിഷമിക്കരുത്'. പ്രാര്‍ഥനയോടെ കാത്തിരുന്ന അവര്‍ക്കു മുന്നിലേക്ക് ദേശീയപതാകയില്‍ പൊതിഞ്ഞ മകന്റെ ദൗതികശരീരം ആണ് തിരികെ എത്തിയത്. മകന്റെ മുഖം അവസാനമായി ഒരുനോക്കാന്‍ കാണാന്‍ പോലും കഴിയാതെ പെട്ടിയില്‍ അന്ത്യചുംബനം നല്‍കാന്‍ മാത്രമാണ് കുടുംബാംഗങ്ങള്‍ക്കു കഴിഞ്ഞത്. 

കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ജെറി പ്രേംരാജിന്റെ വെങ്ങാനൂരിലെ വീട്ടിലെ സ്മൃതി കുടീരം. ചിത്രം: മനോരമ.
കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ജെറി പ്രേംരാജിന്റെ വെങ്ങാനൂരിലെ വീട്ടിലെ സ്മൃതി കുടീരം. ചിത്രം: മനോരമ.

വെങ്ങാനൂരിലെ രത്‌നരാജിന്റെയും ചെല്ലത്തായിയുടെയും രണ്ടാമത്തെ മകനായിരുന്നു ജെറി പ്രേംരാജ്. ബിരുദപഠനത്തിന്റെ ആദ്യവര്‍ഷം വ്യോമസേനയില്‍ അംഗമായി. രണ്ടു വര്‍ഷത്തെ പരിശീലനത്തിനു ശേഷം അംബാല വ്യോമകേന്ദ്രത്തിലായിരുന്നു പോസ്റ്റിങ്. തുടര്‍ന്ന് ഗൊരഖ്പുരിലേക്കു പോയി. അതിനിടെ പ്രൈവറ്റായി ബിരുദം നേടി. ആറു വര്‍ഷത്തെ സര്‍വീസിനു ശേഷം 1997ല്‍ കരസേനയില്‍ ചേര്‍ന്നു. മീററ്റിലായിരുന്നു ആദ്യ പോസ്റ്റിങ്. കുറഞ്ഞ സമയം കൊണ്ടു തന്നെ മിടുക്കനായ ഓഫിസറെന്ന പേരെടുത്തു ക്യാപ്റ്റന്‍ ജെറി പ്രേംരാജ്. ആര്‍ട്ടിലറിയുടെ 158-ാം മീഡിയം റജിമെന്റില്‍ ലഫ്റ്റനന്റ്ായിരുന്നു ജെറി. 1999 ഏപ്രില്‍ 29-ന് വിവാഹിതനായ ജെറി മധുവിധു ആഘോഷത്തിനിടെ ജൂണ്‍ 20-നാണ് യുദ്ധമുഖത്തേക്ക് യാത്രയായതും രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ചതും.  

കാര്‍ഗിലില്‍ വീരമൃത്യു വരിക്കും മുന്‍പ് ജെറി ഭാര്യക്കയച്ച കത്തുകള്‍ ദിവസങ്ങള്‍ക്കു ശേഷമാണ് വീട്ടില്‍ ലഭിച്ചത്. കത്തയയ്ക്കുന്ന കാര്യത്തില്‍ തനിക്കു ചിലപ്പോള്‍ ഗിന്നസ് ബുക്കില്‍ ഇടം ലഭിക്കുമെന്നായിരുന്നു 1999 ജൂലൈ നാലിന് അയച്ച് കത്തില്‍ പറഞ്ഞിരുന്നത്. ഒന്നോര്‍ത്തും വിഷമിക്കരുത്. ഇത്രയും അറിഞ്ഞാല്‍ മതി, ഞാനിവിടെ ദൈവകരങ്ങളില്‍ സുരക്ഷിതനാണ് എന്നും ജെറി എഴുതിയിരുന്നു. സ്‌നേഹംനിറഞ്ഞ വാക്കുകള്‍ക്കൊപ്പം ഒരു സൈനികന്റെ നിശ്ചയദാര്‍ഢ്യവും ശുഭാപ്തി വിശ്വാസവുമാണ് കത്തില്‍ നിറഞ്ഞിരുന്നത്. 

ജെറിയുടെ പേരില്‍ നാട്ടില്‍ ഒരു സ്മാരകം വേണമെന്ന അമ്മ ചെല്ലത്തായിയുടെ ആഗ്രഹം ഇതുവരെ നടപ്പായിട്ടില്ല. വീട്ടില്‍ മകനുവേണ്ടി സ്മൃതിമണ്ഡപം പണികഴിപ്പിച്ചിട്ടുണ്ട്. ജെറിയുടെ വീരമൃത്യുവിന് കാല്‍നൂറ്റാട്ട് പിന്നിട്ട ജൂലൈ ഏഴിന് സ്മൃതികുടീരത്തില്‍ അനുസ്മരണ ചടങ്ങ് നടന്നിരുന്നു. വീടിന് ഏറെ അകലെയല്ലാതെ ജെറിയുടെ പേരില്‍ ഒരു പള്ളിയും നിലകൊള്ളുന്നുണ്ട്. ജെറി വീരമൃത്യു വരിക്കുന്നതിന് ഒരാഴ്ച മുന്‍പ് എഴുതിയ കത്ത് ഇന്നും നെഞ്ചോടു ചേര്‍ത്തുപിടിക്കുന്ന ചെല്ലത്തായി റെജിനാള്‍ഡിന്റെ മകന് ജെറിന്‍ എന്നാണു പേരാണ് നല്‍കിയിരിക്കുന്നത്. സൈന്യത്തില്‍ ചേര്‍ന്ന് രാജ്യത്തിനായി പോരാടണമെന്ന് തന്നെയാണ് ഉറച്ച ശബ്ദത്തോടെ ആ അമ്മ കൊച്ചുമകനോടും പറയുന്നത്.

English Summary:

Kargil Vijay Diwas cherished moments family tribute jerry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com