വിദേശ സഹകരണം: കേന്ദ്ര തീരുമാനം അത്ഭുതപ്പെടുത്തിയെന്ന് ടി.പി.ശ്രീനിവാസൻ
Mail This Article
തിരുവനന്തപുരം∙ കെ.വാസുകിക്ക് ‘വിദേശ സഹകരണ’ത്തിന്റെ ചുമതല നല്‍കിയ സംസ്ഥാന സര്‍ക്കാര്‍ നടപടിയെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം വിമര്‍ശിച്ചത് അത്ഭുതപ്പെടുത്തിയെന്ന് മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥനായിരുന്ന ടി.പി.ശ്രീനിവാസന്‍ പറഞ്ഞു. രാജ്യാന്തര ബന്ധങ്ങള്‍ രൂപീകരിക്കുന്നതില്‍ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തിരുന്നത്. പ്രത്യേകിച്ച് സംസ്ഥാനങ്ങള്‍ക്കു കൂടുതല്‍ സ്വാധീനവും താല്‍പര്യവുമുള്ള മേഖലകളില്‍. ഇപ്പോള്‍ സംസ്ഥാനങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ വിദേശകാര്യമന്ത്രാലയത്തില്‍ ഡിവിഷന്‍ ഓഫ് സ്‌റ്റേറ്റ്‌സ് പോലുമുണ്ട്. വേണു രാജാമണി ഉള്‍പ്പെടെയുള്ളവരെ ഇതിനായി സംസ്ഥാനം നിയോഗിക്കുകയും ചെയ്തിരുന്നു. വാസുകിയുടെ നിയമനവും സ്വാഭാവിക നടപടി മാത്രമായാണ് തനിക്കു തോന്നുന്നതെന്നും ടി.പി.ശ്രീനിവാസൻ പറഞ്ഞു.
വിദേശവിഷയങ്ങള്‍ വിദേശകാര്യമന്ത്രാലയത്തിന്റെ അധികാരപരിധിയില്‍ ആണെന്നത് നിസ്തര്‍ക്കമാണ്. കേരള രാഷ്ട്രീയവുമായി ബന്ധപ്പെട്ട ഒരു സംഭവത്തില്‍ ഒരു വിദേശരാജ്യം ഉള്‍പ്പെട്ടത് വിദേശകാര്യമന്ത്രാലയത്തിന് പ്രശ്‌നമുണ്ടാക്കിയിരുന്നു. സാധാരണ വിഷയങ്ങളില്‍ ഒഴിച്ച് സംസ്ഥാനങ്ങളുമായി ഇടപാടുകള്‍ നടത്താന്‍ ഒരു വിദേശ എംബസിക്കും അധികാരമില്ല. എന്നാല്‍ വീണ്ടും വീണ്ടും അത് ലംഘിക്കപ്പെടാറുണ്ട്. ഇപ്പോഴത്തെ വിഷയം സംസ്ഥാനവും കേന്ദ്ര വിദേശകാര്യമന്ത്രാലയവും തമ്മില്‍ ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ കഴിയുന്നതാണെന്നും വിയന്ന, സ്ലൊവേനിയ എന്നിവിടങ്ങളില്‍ ഇന്ത്യന്‍ അംബാസഡറായി പ്രവര്‍ത്തിച്ചിട്ടുള്ള ടി.പി.ശ്രീനിവാസന്‍ പറഞ്ഞു. യുഎന്നില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായും അദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു.