ADVERTISEMENT

ഷിരൂർ∙ മണ്ണിടിച്ചിലെ തുടർന്ന് കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. കുന്ദാപുരയിൽ നിന്നെത്തിയ ഈശ്വർ മൽപെയുടെ നേതൃത്വത്തിലുള്ള പ്രാദേശിക മുങ്ങൽ വിദഗ്ധരുടെ സംഘവും നാവികസേനയും സംയുക്തമായാണ് പുഴയിൽ തിരച്ചിൽ നടത്തിയത്. മണ്ണിടിച്ചിലിനെ തുടർന്ന് നദിയുടെ മധ്യത്തിൽ രൂപപ്പെട്ട മൺതിട്ടയിൽനിന്നു നദിയിലിറങ്ങിയാണ് പരിശോധന നടത്തിയത്.

മൽപെ നിരവധി തവണ പുഴയിലിറങ്ങി. ഒരു തവണ മൽപെയെ ബന്ധിച്ചിരുന്ന വടംപൊട്ടി നൂറുമീറ്ററോളം അദ്ദേഹം ഒഴുകിപ്പോയിരുന്നു. ശക്തമായ അടിയൊഴുക്ക് രക്ഷാപ്രവർത്തനത്തിന് കനത്ത വെല്ലുവിളിയാണ് ഉയർത്തിയതെങ്കിലും ആത്മവിശ്വാസത്തോടെയാണ് മൽപെയും സംഘവും ഗംഗാവലിയിലിറങ്ങിയത്. നദിയിലിറങ്ങി ട്രക്കിന്റെ അടുത്തെത്തി അതിനകത്ത് അർജുൻ ഉണ്ടോ എന്നുറപ്പിക്കാനാണ് ശ്രമിച്ചതെങ്കിലും സാധിച്ചില്ല.

ആദ്യരണ്ടുതവണ ശ്രമം ഒന്നും കണ്ടെത്താനാകാതെ മൽപെ തിരിച്ചുകയറി. മൂന്നാംതവണ മൽപെയെ ബന്ധിപ്പിച്ചിരുന്ന വടംപൊട്ടി അദ്ദേഹം നൂറുമീറ്ററോളം ഒഴുകിപ്പോയിരുന്നു. നാവികസേനയുടെ ദൗത്യസംഘം അദ്ദേഹത്തെ രക്ഷപ്പെടുത്തി. തുടർന്ന് വീണ്ടും മൽപെ പുഴയിലിറങ്ങി പരിശോധന തുടർന്നു. ഏഴു നോട്ടിന് മുകളിലാണ് ഗംഗാവലിപ്പുഴയിലെ അടിയൊഴുക്ക്. ‌ഇതിനെ വെല്ലുവിളിച്ച് ഈശ്വർ മൽപെയും സംഘവും നദിയിലിറങ്ങിയെങ്കിലും പ്രതീക്ഷിച്ച ഫലം കണ്ടില്ല.

ഐബോഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തിയ ഡ്രോൺ പരിശോധനയിൽ നാല് പോയിന്റുകൾ കണ്ടെത്തിയിരുന്നു. അതിൽ ട്രക്ക് ഉണ്ടെന്ന് കരുതിയ നാലാം പോയിന്റ് കേന്ദ്രീകരിച്ചായിരുന്നു ഇന്ന് പരിശോധന. എന്നാൽ നാലാംപോയിന്റിൽ ട്രക്ക് കണ്ടെത്താനായില്ല. മൽപെ അവിടെ ആഴത്തിൽ മുങ്ങിപരിശോധിച്ചെന്ന് ഉത്തര കന്നഡ കലക്ടർ ലക്ഷ്മി പ്രിയ അറിയിച്ചു. ചെളിയും പാറയും മാത്രമാണ് ഇവിടെ കണ്ടെത്താനായത്. ട്രക്ക് ചെളിയിൽ പുതഞ്ഞതിനുള്ള സാധ്യതയുണ്ടെന്നും കലക്ടർ അറിയിച്ചു.

മൽപെയ്ക്ക് ചെളി മാത്രമാണ് കണ്ടെത്താൻ സാധിച്ചതെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു. ഞായറാഴ്ചയും പരിശോധന തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. സാധ്യമായ എല്ലാ മാർഗങ്ങളും സ്വീകരിച്ചിട്ടും അടിയൊഴുക്ക് ശക്തമായതിനാൽ പ്രതീക്ഷിച്ച രീതിയിൽ രക്ഷാപ്രവർത്തനം നടത്താൻ സാധിക്കാത്തതിൽ അദ്ദേഹം നിരാശ പങ്കുവച്ചു. രക്ഷാപ്രവർത്തനം സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ ഈശ്വർ മൽപെയുമായി ചർച്ച ചെയ്യുമെന്നും അതിനുശേഷം തിരച്ചിലുമായി ബന്ധപ്പെട്ട അടുത്തപടിയെ കുറിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

English Summary:

Shirur Landslide: Search for Missing Arjun Enters Day 12, Rescuers Battle Strong Currents

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com