ADVERTISEMENT

കശ്മീർ∙ കുപ്‌വാര ജില്ലയിലെ നിയന്ത്രണ രേഖയ്ക്കു സമീപം സൈന്യവും പാക്ക് സായുധ സംഘവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു. ഏറ്റുമുട്ടലിൽ മേജറടക്കം 4 സൈനികർക്കു പരുക്കേറ്റതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. ഏറ്റുമുട്ടലിൽ ഒരു പാക്കിസ്ഥാൻ പൗരനെ സൈന്യം വധിച്ചു. കാർഗിൽ വിജയ് ദിവസത്തിൽ പാക്കിസ്ഥാന് ശക്തമായ ഭാഷയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി താക്കീതു നൽകിയതിനു പിന്നാലെയാണ് അതിർത്തി മേഖലയിൽ വീണ്ടും ഏറ്റുമുട്ടലുണ്ടായത്.

ശനിയാഴ്ച പുലർച്ചെ 2.30നാണു കുപ്‌വാരയിലെ മച്ചിൽ സെക്ടറിലെ നിയന്ത്രണരേഖയിലെ (എൽഒസി) കംകാരി പോസ്റ്റിന് സമീപം തീവ്രവാദികളെന്നു സംശയിക്കുന്നവരുടെ നീക്കം സൈന്യം കണ്ടെത്തിയത്. കീഴടങ്ങാൻ സൈന്യം മുന്നറിയിപ്പു നൽകിയെങ്കിലും ഇവർ സൈനികർക്കു നേരെ വെടിയുതിർക്കുകയായിരുന്നു. രാവിലെ ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പോഴും മേഖലയിൽ പുരോഗമിക്കുകയാണ്. പരുക്കേറ്റ സൈനികരെ ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റിയതായി സൈന്യം എക്‌സിലൂടെ അറിയിച്ചു.

അതേസമയം നിയന്ത്രണ രേഖയിൽ ഇന്ത്യൻ സേനയ്‌ക്കെതിരായ ആക്രമണം നടത്തിയത് പാകിസ്ഥാൻ ബോർഡർ ആക്ഷൻ ടീം (ബിഎടി) ആണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാക്കിസ്ഥാൻ ഭീകരരും സായുധ കമാൻഡോകളും അടങ്ങുന്ന സംഘമാണിത്. നിലവിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പാക്കിസ്ഥാൻ പൗരൻ ബിഎടി അംഗമാണെന്നാണ് നിഗമനം. ആക്രമണത്തിൽ ഉൾപ്പെട്ട ബിഎടി സംഘത്തിൽ തീവ്രവാദ സംഘടനകളുമായി അടുത്ത് പ്രവർത്തിക്കുന്ന കമാൻഡോകൾ ഉൾപ്പെടെയുള്ളവർ ഉണ്ടെന്ന് സംശയിക്കുന്നതായും പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി കഴിഞ്ഞ ദിവസം കുപ്‌വാരയിലെ നിയന്ത്രണ രേഖ സന്ദർശിക്കുകയും സേനയുടെ തയാറെടുപ്പ് അവലോകനം ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം നടന്നത്.

English Summary:

Soldier Martyred in Kupwara Encounter: 4 Soldiers Injured

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com