തമിഴ്നാട്ടിൽ 24 മണിക്കൂറിനിടെ 3 കൊലപാതകം; മരിച്ചത് ബിജെപി, അണ്ണാ ഡിഎംകെ പ്രവർത്തകർ
Mail This Article
ചെന്നൈ∙ തമിഴ്നാടിനെ വീണ്ടും അശാന്തിയിലാക്കി രാഷ്ട്രീയ കൊലപാതകങ്ങൾ തുടർക്കഥയാകുന്നു. ബിഎസ്പി സംസ്ഥാന അധ്യക്ഷൻ ആംസ്ട്രോങ്ങിന്റെ കൊലപാതകം നടന്ന് ഒരു മാസം തികയും മുൻപാണ് തമിഴ്നാട്ടിലെ വിവിധ ഇടങ്ങളിലായി ശനിയാഴ്ച 3 കൊലപാതകങ്ങൾ കൂടി നടന്നത്. ഇതിൽ രണ്ടെണ്ണത്തിന് രാഷ്ട്രീയ ബന്ധമുണ്ടെന്നാണ് സൂചന.
തമിഴ്‌നാട്ടിലെ ശിവഗംഗയിലാണ് ആദ്യത്തെ കൊലപാതകം. ബിജെപിയുടെ ശിവഗംഗാ ജില്ലാ സെക്രട്ടറി സെൽവകുമാറിനെ ശനിയാഴ്ച രാത്രിയോടെ ഒരു സംഘം ആളുകൾ ചേർന്ന് വെട്ടിക്കൊല്ലുകയായിരുന്നു. സെൽവകുമാറിന്റെ ഉടമസ്ഥതയിലുള്ള ഇഷ്ടിക ചൂളയിൽനിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഘം ചേർന്നുള്ള ആക്രമണം. വടിവാൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയ ശേഷം സെൽവകുമാറിനെ റോഡരികിൽ ഉപേക്ഷിച്ച് അക്രമികൾ കടന്നുകളഞ്ഞു. കൊലപാതകത്തിൽ ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു.
തമിഴ്‌നാട് കൊലപാതകങ്ങളുടെ തലസ്ഥാനമായെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ ആരോപിച്ചത്. കൊലപാതകത്തിനു രാഷ്ട്രീയ പശ്ചാത്തലമില്ലെന്ന് ശിവഗംഗ എംപി കാർത്തി ചിദംബരം പറഞ്ഞു. മേഖലയിൽ വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. അതിനിടെ, കടലൂരിനു സമീപം അജ്ഞാതർ ചേർന്ന് അണ്ണാ ഡിഎംകെ പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി. അണ്ണാ ഡിഎംകെയുടെ തിരുപ്പാപുലിയൂര്‍ വാർഡ് സെക്രട്ടറി പത്മനാഭനെയാണ് ശനിയാഴ്ച രാത്രിയോടെ പുതുച്ചേരി അതിർത്തിയിൽ അജ്ഞാതർ വെട്ടിക്കൊന്നത്. ബാഗുരിലേക്ക് ഇരുചക്ര വാഹനത്തിൽ പോകുകയായിരുന്ന പത്മനാഭനെ കാറിൽ എത്തിയ സംഘം ആദ്യം ഇടിച്ചു വീഴ്ത്തി. തുടർന്ന് വടിവാൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
പത്മനാഭൻ മറ്റൊരു കൊലപാതകക്കേസിലെ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിൽ അണ്ണാ.ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി അപലപിച്ചു. സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങൾ നിയന്ത്രിക്കുന്നതിൽ സ്റ്റാലിൻ സർക്കാർ പരാജയപ്പെട്ടുവെന്നാണ് ഇപിഎസിന്റെ ആരോപണം.
മറ്റൊരു കൊലപാതകം നടന്നത് ധർമപുരിയിലാണ്. ഹോട്ടൽ ജീവനക്കാരനായ ആഷിക്കിനെയാണ് (25) ശനിയാഴ്ച രാത്രി ആളുകൾ നോക്കിനിൽക്കെ മൂന്നംഗ സംഘം വടിവാൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത്. ഹോട്ടലിനുള്ളിൽ നിൽക്കുകയായിരുന്ന ആഷിക്കിനെ അക്രമികൾ കൊലപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.
3 ആഴ്ചയ്‌ക്കിടെ തമിഴ്നാട്ടിൽ നാല് രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നത്. ജൂലൈ 5നായിരുന്നു ബിഎസ്പി സംസ്ഥാന അധ്യക്ഷൻ കെ.ആംസ്ട്രോങിനെ ചെന്നൈ പെരമ്പൂരിൽ അക്രമി സംഘം ആളുകൾ നോക്കിനിൽക്കെ വെട്ടിക്കൊന്നത്. ആംസ്ട്രോങ് വധക്കേസിലെ പ്രതികളിലൊരാൾ പിന്നീട് മാധാവാരത്ത് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. പിന്നീട് നാം തമിഴർ കക്ഷിയുടെ മധുരൈ ജില്ലാ നേതാവിനെ പ്രഭാതനടത്തത്തിനിടെ ആക്രമി സംഘം വെട്ടിക്കൊന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്തെ അശാന്തിയിലാക്കി ശനിയാഴ്ച മൂന്ന് കൊലപാതകങ്ങൾ കൂടി നടന്നത്. ക്രമസമാധാന നില പരിപാലിക്കുന്നതിൽ ഡിഎംകെ സർക്കാരിന് വീഴ്ച സംഭവിച്ചുവെന്ന പ്രതിപക്ഷ കക്ഷികളുടെ ആരോപണത്തിന് ഇതോടെ ശക്തി കൂടി.