ADVERTISEMENT

ന്യൂഡൽഹി∙ കരോൾബാഗിനു സമീപം രാജേന്ദ്ര നഗറിലെ റാവൂസ് സിവിൽ സർവീസ് കോച്ചിങ് സെന്ററിലുണ്ടായ വെള്ളപ്പൊക്കത്തിൽ മലയാളി വിദ്യാർഥിയുൾപ്പെടെ 3 പേർ മരിച്ചതിൽ പ്രതിഷേധിച്ച വിദ്യാർഥികളെ അറസ്റ്റ് ചെയ്തു.‍ ഡൽഹി പൊലീസാണ് വിദ്യാർഥികളെ അറസ്റ്റ് ചെയ്ത് നീക്കുന്നത്. ഇന്നലെ രാത്രി 10ന് ആരംഭിച്ച പ്രതിഷേധത്തിൽനിന്നു  പിന്മാറില്ലെന്നാണ് വിദ്യാർഥികളുടെ നിലപാട്. ഡൽഹി പൊലീസിനെതിരെ വലിയ രീതിയിലാണ് വിദ്യാർഥികൾ മുദ്രാവാക്യം വിളിക്കുന്നത്.

നിലവിൽ കരോൾബാഗ് മെട്രോ സ്റ്റേഷന്‌ താഴെ പ്രതിഷേധിക്കുന്ന വിദ്യാർഥികളെയാണ് അറസ്റ്റ് ചെയ്തു നീക്കുന്നത്. കരോൾബാഗിൽ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. ഡൽഹി പൊലീസിന് പുറമെ, അർധസൈനിക വിഭാഗം, ദ്രുതകർമ വിഭാഗം എന്നിവർ മേഖലയിൽ നിലയുറപ്പിച്ചിട്ടുണ്ട്. നീതി ലഭിക്കുമെന്ന ഉറപ്പ് കിട്ടും വരെ പിന്മാറില്ലെന്നാണ് വിദ്യാർഥികൾ അറിയിച്ചു. നഗരത്തിൽ താമസിക്കുന്നവർക്ക് എന്തു സുരക്ഷയാണ് ഉള്ളതെന്നും വിദ്യാർഥികൾ ചോദിക്കുന്നു.

കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്ന് വലിയ വീഴ്ചയാണ് സംഭവിച്ചതെന്നും വിദ്യാർഥികൾ ആരോപിച്ചു. ഞങ്ങൾക്ക് രാഷ്ട്രീയമില്ലെന്നും ഒരു രാഷ്ട്രീയക്കാരനും വക്കാലത്ത് പറയാൻ വരേണ്ടതില്ലെന്നും വിദ്യാർഥികൾ പറഞ്ഞു. നേരത്തേ പ്രതിഷേധത്തിന് പിന്തുണയുമായി എത്തിയ ‍ഡൽഹി പിസിസി അധ്യക്ഷൻ ദേവേന്ദർ യാദവിനെ വിദ്യാർഥികൾ കൂവി ഓടിപ്പിച്ചിരുന്നു. തുടർന്ന് കോൺഗ്രസ് പ്രവർത്തകരും വിദ്യാർഥികളും തമ്മിൽ നേരിയ സംഘർഷമുണ്ടായി.

വിദ്യാർഥികളുടെ മരണത്തിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അനുശോചിച്ചു. വിദ്യാർഥികളുടെ മരണം ദൗർഭാഗ്യകരമാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു. അടിസ്ഥാന സൗകര്യങ്ങളുടെ തകർച്ചയാണ് അപകടത്തിന് കാരണമെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം, സർക്കാർ തലത്തിൽ വലിയ പരാജയമാണ് സംഭവിച്ചതെന്നും ആരോപിച്ചു. സുരക്ഷിതമല്ലാത്ത നിർമാണ പ്രവർത്തികളുടെയും മോശം നഗരാസൂത്രണത്തിന്റെയും ഫലമായാണ് വിദ്യാർഥികൾക്ക് ജീവൻ നഷ്ടപ്പെട്ടതെന്നും രാഹുൽ കുറ്റപ്പെടുത്തി.

കരോൾബാഗിലെ റാവൂസ് ഐഎഎസ് സ്റ്റഡി സെന്ററിൽ ശനിയാഴ്ച രാത്രിയുണ്ടായ അപ്രതീക്ഷിത വെള്ളപ്പൊക്കത്തിൽ എറണാകുളം സ്വദേശി നെവിൻ ഡാൽവിൻ അടക്കം 3 വിദ്യാർഥികളാണ് മരിച്ചത്. ജെഎൻയുവിലെ ഗവേഷക വിദ്യാർഥിയായിരുന്ന നെവിനു പുറമെ, യുപി സ്വദേശിനി ശ്രേയ യാദവ്, തെലങ്കാന സ്വദേശിനി ടാനിയ സോണി എന്നിവരാണ് മരിച്ചത്. മരിച്ച വിദ്യാർഥികളുടെ പോസ്റ്റുമോർട്ടം തിങ്കളാഴ്ച നടക്കുമെന്ന് അധികൃതർ അറിയിച്ചു. 

English Summary:

Chaos in Karol Bagh: Student Arrest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com