മകന്റെ വിയോഗ വാർത്തയറിഞ്ഞത് പള്ളിയിൽവച്ച്, പിന്നാലെ മാതാപിതാക്കൾക്ക് ദേഹാസ്വാസ്ഥ്യം; നൊമ്പരമായി നെവിൻ
Mail This Article
കൊച്ചി∙ ഡൽഹിയിൽ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിലുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ച നെവിൻ ഡാൽവിന്റെ മരണവാർത്ത മാതാപിതാക്കൾ അറിഞ്ഞത് ഞായറാഴ്ച രാവിലെ പള്ളിയിൽ പ്രാർഥനയ്ക്ക് എത്തിയപ്പോൾ. മകന്റെ മരണവിവരം അറിഞ്ഞ ഇരുവർക്കും ദേഹാസ്വാസ്ഥ്യമുണ്ടായി. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച വൈകിട്ട് 3.30നുള്ള വിമാനത്തിൽ നെവിന്റെ അമ്മയുടെ സഹോദരൻ ഡൽഹിയിലേക്ക് പോകും. അതിനുശേഷമാകും പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടികൾ. തിരുവനന്തപുരം സ്വദേശികളാണ് ഇവർ. കാലടി സർവകലാശാലയിലെ ജ്യോഗ്രഫി വകുപ്പ് മുൻ മേധാവിയായ നെവിന്റെ മാതാവ് ഡോ.ടി.എസ്.ലാൻസ്‌ലെറ്റിന്റെ ജോലിയാവശ്യത്തിനാണ് ഇവർ കാലടിയിലേക്ക് താമസം മാറിയത്. റിട്ട. ഡിവൈഎസ്പി ഡെൽവിൻ സുരേഷാണ് നെവിന്റെ പിതാവ്.
വെസ്റ്റ് ഡൽഹി കരോൾബാഗിനു സമീപം രാജേന്ദ്ര നഗറിലെ ബഡാ ബസാർ 11 ബിയിലെ റാവൂസ് ഐഎഎസ് സ്റ്റഡി സെന്ററിൽ ശനിയാഴ്ച രാത്രിയോടെയുണ്ടായ വെള്ളപ്പൊക്കത്തിൽ മലയാളി വിദ്യാർഥി അടക്കം മൂന്നു പേരാണ് മരിച്ചത്. നെവിനു പുറമേ തെലങ്കാന, യുപി സ്വദേശികളായ ടാനിയ സോണി(25), ശ്രേയ യാദവ്(25) എന്നിവരാണ് മരിച്ചത്.