‘എഎപിക്ക് കോഴപ്പണമായി കിട്ടിയത് 100 കോടി’; കേജ്‌രിവാളിന് ഗൂഢാലോചനയിൽ പങ്കെന്നും സിബിഐ
Mail This Article
ന്യൂഡൽഹി∙ മദ്യനയ അഴിമതി കേസിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു. ഡൽഹിയിലെ റൗസ് അവന്യുവിലെ പ്രത്യേക സിബിഐ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ കേജ്‌രിവാൾ ഗൂഢാലോചന നടത്തിയെന്നാണ് സിബിഐയുടെ ആരോപണം. അഴിമതിയിലൂടെ 100 കോടി രൂപയുടെ കോഴപ്പണം ആം ആദ്മി പാർട്ടിക്ക് ലഭിച്ചിട്ടുണ്ടെന്നും സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.
കേസിൽ പ്രതിയായ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യ ഹർജി പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവച്ചു. ഓഗസ്റ്റ് 5 ലേക്കാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്. ഹർജിയിൽ മറുപടി നൽകാൻ ഇ.ഡിക്കു കോടതി സമയം നൽകി. 16 മാസമായി താൻ കസ്റ്റഡിയിലാണെന്നും തനിക്കെതിരായ വിചാരണ നടന്നിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സിസോദിയ ജാമ്യാപേക്ഷ നൽകിയത്. സിസോദിയക്ക് പുറമെ ഭാരത് രാഷ്ട്ര സമിതി നേതാവ് കവിതാ റാവു ഉൾപ്പെടെ 18 പ്രതികൾക്കെതിരെയാണ് കേസിൽ ഇതുവരെ കുറ്റപത്രം സമർപ്പിച്ചത്.
കോഴയായി ലഭിച്ച 100 കോടി രൂപയിൽ 44.45 കോടി 2021 – 2022 കാലഘട്ടത്തിൽ ഹവാല ഇടപാടുകളിലൂടെ ഗോവയിലേക്ക് മാറ്റിയെന്നും കുറ്റപത്രത്തിൽ സിബിഐ പറയുന്നു. കേസിൽ മാർച്ച് 21നാണ് ഇ.ഡി കേജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. ഡൽഹി മദ്യനയ അഴിമതി കേസിൽ 1,100 കോടിയുടെ അനധികൃത ഇടപാട് നടന്നതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇ.ഡി എടുത്ത കേസിൽ സുപ്രീം കോടതി കേജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നെങ്കിലും വൈകാതെ സിബിഐ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കേജ്‌രിവാളിന്റെ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷ ഇന്ത്യാസഖ്യത്തിന്റെ പ്രതിഷേധം ചൊവാഴ്ച നടക്കും. തിഹാർ ജയിലിൽ കഴിയുന്ന കേജ്‌രിവാളിന്റെ ആരോഗ്യനില മോശമാകുകയാണെന്നും ജാമ്യം നിഷേധിച്ച് ജയിലിൽ ഇടാനുള്ള ഗൂഢാലോചനയാണു ബിജെപി സർക്കാർ നടത്തുന്നതെന്നും ആരോപിച്ചാണു ജന്തർ മന്തറിൽ നാളെ പ്രതിഷേധ പ്രകടനം നടത്തുക. ഇ.ഡി റജിസ്റ്റർ ചെയ്ത കേസിൽ ഈ മാസം 31 വരെയും സിബിഐ റജിസ്റ്റർ ചെയ്ത കേസിൽ ഓഗസ്റ്റ് 8 വരെയുമാണ് കേജ്‌രിവാളിനെ കോടതി കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.