ADVERTISEMENT

ന്യൂഡൽഹി∙ ഡൽഹി കരോൾബാഗിലെ സ്വകാര്യ സിവിൽ സർവീസ് കോച്ചിങ് സെന്ററിലുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ച നെവിന്റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. രാവിലെ 10 മണിയോടെയാണ് പോസ്റ്റ്മോർട്ടം. ഇന്നലെ വൈകീട്ടോടെ ഡൽഹിയിലെത്തിയ അമ്മാവൻ ലിനു രാജ്, നെവിന്റെ മൃതദേഹം തിരിച്ചറിഞ്ഞു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം രാത്രി 8.45നുള്ള തിരുവനന്തപുരം വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക് അയയ്ക്കുമെന്ന് അധികൃതർ അറിയിച്ചു.

കരോൾബാഗിൽ വിദ്യാർഥികൾ പ്രതിഷേധം തുടരുകയാണ്. നീതി കിട്ടും വരെ സമരത്തിൽനിന്ന് പിന്മാറില്ലെന്ന് ഇവർ അറിയിച്ചു. വിദ്യാർഥികൾ കരോൾബാഗ് മെട്രോ സ്റ്റേഷന് സമീപം കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ഇന്നലെ ഗതാഗത തടസ്സം നേരിട്ടതോടെ പ്രതിഷേധക്കാരായ വിദ്യാർഥികളിൽ ചിലരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.

ഡൽഹി മുനിസിപ്പൽ കോർപറേഷന്റെ (എംസിഡി) ഭാഗത്തുനിന്ന് വലിയ വീഴ്ചയാണ് സംഭവിച്ചതെന്ന് വിദ്യാർഥികൾ ആരോപിച്ചു. ഓടകൾ വൃത്തിയാക്കാത്തതാണ് കോച്ചിങ് സെന്ററിലുണ്ടായ ദുരന്തത്തിലേക്ക് നയിച്ചതെന്ന് വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നു. കോച്ചിങ് സെന്ററിന്റെ ബേസ്മെന്റിൽ അനധികൃതമായാണ് ലൈബ്രറി പ്രവർത്തിച്ചിരുന്നതെന്ന് ഞായറാഴ്ച എംസിഡി അധികൃതർ  പറഞ്ഞിരുന്നു. എൻഒസിയിൽ സ്റ്റോർ റൂം പ്രവർത്തിക്കാൻ മാത്രമാണ് അനുമതിയുണ്ടായിരുന്നതെന്നാണ് അധികൃതരുടെ കണ്ടെത്തൽ.

നേരത്തേ ഇതേ വിഷയം ചൂണ്ടിക്കാട്ടി കോച്ചിങ് സെന്ററിലെ വിദ്യാർഥി എംസിഡിക്കു പരാതി നൽകിയിരുന്നുവെങ്കിലും അധികൃതർ നടപടിയെടുത്തില്ലെന്നും പ്രതിഷേധക്കാർ അറിയിച്ചു. സർക്കാരിന്റെ നിസംഗതയാണ് ദുരന്തത്തിന് കാരണമായതെന്നും നീതി ലഭിക്കും വരെ പ്രതിഷേധത്തിൽനിന്ന് പിന്നോട്ടില്ലെന്നുമാണ് വിദ്യാർഥികളുടെ നിലപാട്.

സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നാണ് നെവിന്റെ ബന്ധുക്കളുടെ ആവശ്യം. അഹിംസാ രീതിയിലുള്ള പ്രതിഷേധമാണ് വേണ്ടതെന്നും ഒരിക്കലും കലാപത്തിലേക്ക് കാര്യങ്ങൾ പോകരുതെന്നും ബന്ധുക്കൾ അറിയിച്ചിട്ടുണ്ട്. ഇനി ഇതുപോലെയുള്ള കാര്യങ്ങൾ ആവർത്തിക്കാതെ നോക്കണമെന്നും ആവശ്യപ്പെട്ടു. ഡൽഹിയിലെ കോച്ചിങ് സെന്ററുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തണെന്നും നെവിന്റെ ബന്ധുക്കൾ പറഞ്ഞു.

ഡൽഹിയിൽ കോച്ചിങ് സെന്ററിലെ വിദ്യാർഥികളുടെ മരണത്തിൽ ഹൈബി ഈഡൻ എംപി ലോക്സഭയിൽ അടിയന്തര പ്രമേയം ഉന്നയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ഗുരുതര വീഴ്ചയുണ്ടായിട്ടുണ്ടെന്നും  ഈ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താനും ആവശ്യപ്പെട്ടാണ് പ്രമേയം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com