‘ഒന്നും നമ്മുടെ കയ്യിലല്ല, എല്ലാത്തിനും പരിധിയുണ്ട്; ലോറിയെങ്കിലും കണ്ടെടുക്കാനായെങ്കിൽ...’
Mail This Article
കോഴിക്കോട്∙ കണ്ണാടിക്കൽ സ്വദേശി അർജുനെ കാണാതായിട്ട് ചൊവ്വാഴ്ച 15 ദിവസമാകും. വെള്ളത്തിലും കരയിലും വ്യാപക തിരച്ചിൽ നടത്തിയിട്ടും അർജുൻ എവിടെയെന്ന് സൂചന പോലും ലഭിച്ചില്ല. ഗംഗാവലി നദിയിൽ ചെളിയിൽ പൂണ്ട് ലോറി ഉണ്ടെന്ന് കണ്ടെത്തി. എന്നാൽ അർജുൻ ഉണ്ടോ എന്ന് ഉറപ്പിക്കാനായില്ല. കർണാടക സർക്കാർ തിരച്ചിൽ ഏറെക്കുറെ അവസാനിപ്പിച്ച മട്ടാണ്. 16ന് പുലർച്ചെയാണ് അർജുന്റെ അവസാന ഫോൺ കോൾ വീട്ടിലേക്ക് വന്നത്. അന്നു തുടങ്ങിയ കാത്തിരിപ്പ് ഇന്നും തുടരുകയാണ് വീട്ടുകാർ. ലോറിയെങ്കിലും കണ്ടെടുക്കാനായെങ്കിൽ അൽപമെങ്കിലും ആശ്വാസമായേനെ എന്ന് അർജുന്റെ സഹോദരി അഞ്ജു ‘മനോരമ ഓൺലൈനോട്’ പറഞ്ഞു. എല്ലാത്തിനും പരിധിയുണ്ടെന്നും ഒന്നും നമ്മുടെ കയ്യിലല്ലെന്നും അവർ പറഞ്ഞു.
‘‘ഷിരൂരിൽ തിരച്ചിൽ മന്ദഗതിയിലാണ് നടക്കുന്നത്. അനിശ്ചിതത്വം നിലനിൽക്കുകയാണ്. തിരച്ചിൽ നിർത്തരുതെന്ന് കർണാടകയോട് അഭ്യർഥിച്ചെങ്കിലും അവർ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. തന്റെ ഭർത്താവ് ജിതിൻ അവിടെയുണ്ട്. പ്രത്യേകിച്ചൊന്നും നടക്കുന്നില്ലെന്നാണ് അറിയാൻ സാധിച്ചത്. റോഡിലെ മണ്ണ് നീക്കി ഗതാഗതം ആരംഭിക്കാനുള്ള പ്രവർത്തനമാണ് നടക്കുന്നത്. തൃശൂരിൽ നിന്ന് ഡ്രഡ്ജിങ് നടത്തുന്ന ഒരു സംഘം അവിടേക്ക് പോകുന്നുണ്ടെന്ന് അറിയാൻ സാധിച്ചു. നാളെ അവർക്ക് എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ എന്നാണ് നോക്കുന്നത്.
അർജുനെ കണ്ടെത്തുന്നതുവരെ ആരെയും കുറ്റം പറയാൻ ഇല്ല. വലിയ രീതിയിലുള്ള വീഴ്ച സംഭവിച്ചിട്ടുണ്ട്. ആദ്യത്തെ നാലു ദിവസം രക്ഷാപ്രവർത്തനം നടത്തി എന്ന് പറഞ്ഞാലും എന്താണ് സംഭവിച്ചതെന്ന് എല്ലാവർക്കും അറിയാം. അതേസമയം, കേരളത്തിന്റെ ഭാഗത്തു നിന്നും വലിയ പിന്തുണ ലഭിച്ചിട്ടുണ്ട്. രാഷ്ട്രീയമായി എല്ലാ പിന്തുണയും ലഭിച്ചുവെന്നാണ് കരുതുന്നത്. മറ്റൊരു സ്ഥലത്താണ് അപകടം സംഭവിച്ചത്. അവിടെ അവരുടേതായ രീതികളുണ്ടാകും. എന്നാൽ ജില്ലാ ഭരണകൂടത്തിന്റെ വീഴ്ചകളും പ്രശ്നങ്ങളും എല്ലാവരും കണ്ടതും കേട്ടതുമാണ്’’–അഞ്ജു പറഞ്ഞു.
ഇതിനിടെ കുടുംബത്തിനെതിരെ വ്യാജ പ്രചാരണവും സൈബർ ആക്രമണവും നടന്നു. സൈന്യത്തെ കുറ്റപ്പെടുത്തി സംസാരിച്ചു എന്ന പേരിൽ വ്യാജ പ്രചാരണം നടന്നതോടെ കുടുംബത്തിന് നിയമനടപടി സ്വീകരിക്കേണ്ടതായും വന്നു. ഇക്കാര്യം ആദ്യം തള്ളിക്കളഞ്ഞതാണെന്നും പിന്നീട് വ്യാപകമായി പ്രചാരണം ആരംഭിച്ചതോടെയാണ് പൊലീസിനെ സമീപിച്ചതെന്നും അഞ്ജു പറഞ്ഞു. ‘‘പറയാത്ത കാര്യങ്ങളൊക്കെയാണ് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചത്. നമ്മുടെ അച്ഛനും പട്ടാളമാണ് എന്ന് അമ്മയോട് പറയാൻ ആന്റി പറഞ്ഞിരുന്നു. പക്ഷേ അമ്മ പറഞ്ഞത് വളച്ചൊടിക്കുകയാണുണ്ടായത്. സൈന്യത്തെ കുറ്റം പറയുന്നുവെന്ന തരത്തിലാണ് പ്രചരിച്ചത്. ആന്റി പൊലീസിൽ നർക്കോട്ടിക് സെല്ലിലാണ് ജോലി ചെയ്യുന്നത്. നൂറു പേരുണ്ടെങ്കിൽ അതിൽ 10 പേർ മോശം പറയുന്നവരായിരിക്കും. ഇത്തരം പ്രചാരണത്തെ ആദ്യം കണക്കിലെടുത്തില്ല. എന്നാൽ ശബ്ദം എഡിറ്റ് ചെയ്തു വരെ നാട്ടിലെല്ലാം പ്രചരിപ്പിക്കാൻ തുടങ്ങിയതോടെയാണ് നിയമനടപടി സ്വീകരിക്കാൻ തീരുമാനിച്ചത്’’– അഞ്ജു പറഞ്ഞു.
ലോറിയെങ്കിലും പുറത്തെടുക്കാനായെങ്കിൽ എന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ. രണ്ടാഴ്ചയായി നെഞ്ചിൽ കൊണ്ടുനടക്കുന്ന പല ചോദ്യത്തിനും ഉത്തരം ലോറിയിൽ നിന്നു ലഭിച്ചേനെയെന്നും അഞ്ജു പറഞ്ഞു. ‘‘ലോറിയെങ്കിലും കണ്ടെടുത്താൽ അൽപമെങ്കിലും ആശ്വാസമായേനെ. കുറേ ചോദ്യങ്ങൾക്കുള്ള ഉത്തരം അതിൽ നിന്നു ലഭിച്ചേനെ. വാഹനത്തിന്റെ ഉടമ വീട്ടിൽ വന്നിരുന്നു. അവർ ചെയ്യാൻ സാധിക്കുന്നതെല്ലാം ചെയ്തു. ഇനി നമ്മുടെ കയ്യിലല്ല എന്ന് മനസ്സിലായി. എന്തെങ്കിലും നടക്കണമെങ്കിൽ കർണാടക സർക്കാർ തീരുമാനിക്കണം. എല്ലാത്തിനും പരിധിയുണ്ട്. വണ്ടി കിട്ടിയിരുന്നെങ്കിൽ എന്തെങ്കിലും ഒരു സൂചന അതിൽ നിന്ന് ലഭിക്കുമെന്ന് ഒരു വിശ്വാസമുണ്ടായിരുന്നു. നീതി കിട്ടുന്നത് വരെ മുന്നോട്ട് പോകണമെന്നാണ് കരുതുന്നത്’’.– അഞ്ജു പറഞ്ഞു.