ADVERTISEMENT

മാലി ∙ മാലദ്വീപിന്റെ കടം തിരിച്ചടവ് ലഘൂകരിച്ചതിനും സാമ്പത്തിക പിന്തുണയ്ക്കും ഇന്ത്യയ്ക്കും ചൈനയ്ക്കും നന്ദി അറിയിച്ച് പ്രസിഡന്റ് മുഹമ്മദ് മുയിസു. മാലദ്വീപിന്റെ സ്വാതന്ത്ര്യദിന ചടങ്ങിലാണ് മുയിസുവിന്റെ പ്രഖ്യാപനം. ഇന്ത്യയുമായി ശക്തമായ ബന്ധം സ്ഥാപിക്കുമെന്നും ഇരുരാജ്യങ്ങളും തമ്മിൽ സ്വതന്ത്രവ്യാപാര കരാറിൽ ഉടൻ ഒപ്പുവയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

കടക്കെണിയുമായി ബന്ധപ്പെട്ട് അപകടസാധ്യത നേരിടേണ്ടിവരുമെന്ന് മാലദ്വീപിനു രാജ്യാന്തര നാണയ നിധി മുന്നറിയിപ്പ് നൽകിയിരുന്നു. പിന്നാലെയാണ് ഇന്ത്യയുമായി മുയിസു സർക്കാർ അനുരഞ്ജന നയം സ്വീകരിച്ചത്. നേരത്തേ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ഇടക്കുവച്ച് മോശമായിരുന്നു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ മുയിസു പങ്കെടുത്തതോടെ മഞ്ഞുരുകി. ഇന്ത്യാവിരുദ്ധ പ്രചാരണം ശക്തിപ്പെടുത്തിയാണു മുയിസു അധികാരത്തിലെത്തിയത്. ഇന്ത്യൻ സേനയെ ദ്വീപിൽനിന്ന് ഒഴിപ്പിക്കുമെന്ന് അധികാരത്തിൽ എത്തിയതിനു പിന്നാലെ മുയിസു പ്രഖ്യാപിച്ചു. ഈ വർഷം മേയിലാണ് ഇന്ത്യൻ സൈനികർ മാലദ്വീപിൽനിന്ന് പൂർണമായും പിൻവാങ്ങിയത്.

മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന്റെ ചിത്രങ്ങളെച്ചൊല്ലി മാലദ്വീപിലെ മന്ത്രിമാർ ഇന്ത്യയ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ബാധിച്ചത്. സംഭവത്തിൽ മാലദ്വീപ് പ്രതിനിധിയെ ഇന്ത്യ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. പരാമർശം നടത്തിയ സഹമന്ത്രിമാരെ പിന്നീട് മുയിസു സസ്‌പെൻഡ് ചെയ്തു. നയതന്ത്ര ബന്ധം മോശമായതിന് പിന്നാലെ മാലദ്വീപ് സന്ദർശിക്കുന്ന ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ഇടിവു വന്നിട്ടുണ്ട്.

English Summary:

Maldives President Muizzu Praises India for Debt Relief and Eyes Free Trade Deal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com