ADVERTISEMENT

ന്യൂഡൽഹി∙ രാഷ്ട്രീയ പാർട്ടിയുമായി രംഗത്തിറങ്ങാൻ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. സമൂഹത്തിന്റെ അടിത്തട്ടിൽ നടത്തുന്ന പ്രചരണ ക്യാംപെയ്നായ ജൻ സൂരജ് അഭിയാൻ രാഷ്ട്രീയപാർട്ടിയായി മാറ്റാനാണു നീക്കം. ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടു മുതൽ ജൻ സൂരജ് അഭിയാൻ രാഷ്ട്രീയപാർട്ടിയാകും. ബിഹാർ കേന്ദ്രീകരിച്ചാണ് നിലവിൽ പ്രവർത്തനം.

ജൻ സൂരജ് ക്യാംപെയ്നിൽ പങ്കെടുത്ത ഒന്നര ലക്ഷത്തോളം ആളുകൾ പാർട്ടി അംഗങ്ങളാകുമെന്നാണ് കണക്കുകൂട്ടൽ. പാർട്ടി പ്രഖ്യാപനത്തിനു മുന്നോടിയായി 8 യോഗങ്ങൾ ബിഹാറിൽ വിളിച്ചുകൂട്ടും. നേതൃത്വത്തിൽ ആരൊക്കെയാകും ഉണ്ടാവുക, പാർട്ടി ഭരണഘടന എങ്ങനെ, മുന്‍ഗണനകള്‍ എന്തൊക്കെയാകണം എന്നിവയെല്ലാം ചര്‍ച്ചയാകും. വൈകാതെ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് വിവരം. പ്രശാന്ത് കിഷോർ പാർട്ടി പ്രഖ്യാപിച്ചാൽ അത് ജെഡിയുവിനും ആർജെഡിക്കും ഭീഷണിയാകുമെന്നാണു രാഷ്ട്രീയ നിരീക്ഷകരുെട വിലയിരുത്തൽ. 

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി മത്സരിക്കും. മുഖ്യമന്ത്രി നിതീഷ് കുമാറിനും അദേഹത്തിന്റെ പാർട്ടിയായ ജെഡിയുവിനുമെതിരെ ഭരണവിരുദ്ധ വികാരം ബിഹാറിൽ ശക്തമാണ്. പരമ്പരാഗത വോട്ടുകൾക്ക് അപ്പുറം പിടിച്ചെടുക്കാൻ ആർജെഡിക്കു കഴിയുന്നുമില്ല. ഈ സാഹചര്യത്തില്‍ പുതിയ പാർട്ടിക്ക് ബിഹാറിൽ പ്രസക്തിയുണ്ടെന്നാണ് പ്രശാന്ത് കിഷോറിന്റെ നിഗമനം. ദേശീയ പാർട്ടികളായ കോൺഗ്രസും ബിജെപിയും പ്രശാന്ത് കിഷോറിന്റെ നീക്കത്തെ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. 

വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ എന്നീ വിഷയങ്ങൾ ചര്‍ച്ചയാക്കി സമൂഹത്തിന്റെ താഴേക്കിടയിലേക്കുള്ളവരിലേക്ക് ഇറങ്ങിച്ചെന്നാണ് പ്രശാന്ത് കിഷോര്‍ ക്യാംപെയ്ൻ നടത്തുന്നത്. ബിഹാറിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രശാന്തിന്റെ നീക്കം ദേശീയ രാഷ്ട്രീയത്തിലും ചലനങ്ങൾ സൃഷ്ടിച്ചേക്കും.

English Summary:

Prashant Kishor’s Jan Suraaj Set to Become Political Party on Gandhi Jayanti

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com