‘വടക്കൻ കേരളത്തിൽ ‘മിനി ക്ലൗഡ് ബേസ്റ്റ്’; ഭീതി നിറച്ച് 2019ലെ അതേ സാഹചര്യം’
Mail This Article
കൊച്ചി ∙ കേരളത്തെ നടുക്കിയ കവളപ്പാറ, പുത്തുമല ദുരന്തങ്ങൾക്കു സമാനമായ സാഹചര്യമാണ് ചൂരൽമല ഉരുൾപൊട്ടലിന് കാരണമെന്ന് കാലാവസ്ഥാ വിദഗ്ധരുടെ നിരീക്ഷണം. 2019ൽ കവളപ്പാറയിലും പുത്തുമലയിലും ഉരുൾപൊട്ടലുണ്ടായതിനു സമാനമായ സാഹചര്യമാണ് വടക്കൻ കേരളത്തിൽ ഇപ്പോൾ ഉള്ളതെന്നും ഇതാണ് മേപ്പാടിയിലെ ഉരുൾപൊട്ടലുകൾക്ക് കാരണമായതെന്നും കൊച്ചി സർവകലാശാല കാലാവസ്ഥാ ശാസ്ത്രവിഭാഗം അസോഷ്യേറ്റ് പ്രഫസർ ഡോ. എസ്. അഭിലാഷ് പറഞ്ഞു. ഉരുൾപൊട്ടൽ എങ്ങനെ ഉണ്ടായി, അഭിലാഷ് വിശദീകരിക്കുന്നു.
∙ ഗുജറാത്തിൽ ന്യൂന മർദപ്പാത്തി, ഇന്നലെ അതിതീവ്രമഴ
കഴിഞ്ഞ രണ്ടാഴ്ചക്കാലമായി ഗുജറാത്ത് തീരം മുതൽ വടക്കൻ കേരളം വരെ സജീവമായി നിലനിന്നിരുന്ന ന്യൂനമർദപാത്തി കാരണമാണ് കൊങ്കൺ മേഖലയുൾപ്പെടെ വടക്കൻ കേരളത്തിൽ ശക്തമായ മഴ ലഭിച്ചത്.
∙ കേരളത്തിൽ അതിതീവ്രമഴ
കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് മേഖലകളില്‍ ഒരാഴ്ച ശരാശരി ലഭിക്കേണ്ട മഴയേക്കാൾ 50 മുതൽ 70% വരെ മഴയാണ് കഴിഞ്ഞയാഴ്ച അധികം ലഭിച്ചത്. അതിനൊപ്പമാണ് കഴിഞ്ഞ രാത്രി അതിതീവ്ര മഴയും പെയ്തത്. 24 സെന്റീമീറ്ററിനു മുകളിലാണ് ഇന്നലെ പെയ്ത മഴ.
∙ ഈ മേഖല പ്രധാനം
2019ൽ ഉരുൾപൊട്ടലുണ്ടായ കവളപ്പാറ, പുത്തുമല മേഖലകൾക്ക് മൂന്നു കിലോമീറ്റർ മാത്രം അകലെയാണ് മുണ്ടക്കൈയും ചൂരൽമലയും. പൊതുവേ മണ്ണിടിച്ചിൽ സാധ്യതയുള്ള അതീവ പരിസ്ഥിതി ലോല മേഖലയാണിത്. അതിനൊപ്പം കനത്തമഴ കൂടിയായതാണ് ഉരുൾ പൊട്ടലിന് കാരണം.
∙ കേരളത്തിൽ 2019 പ്രളയ സമാന സാഹചര്യം
2019ൽ കവളപ്പാറ ദുരന്തത്തിന് പിന്നാലെ നടത്തിയ പഠനത്തിൽ തെക്കുകിഴക്കൻ അറബിക്കടലിനു മുകളിൽ മേഘങ്ങളുടെ കട്ടി കൂടുന്നതാണ് കനത്തമഴയ്ക്കും തുടർന്ന് ഉരുൾപൊട്ടലിനും പ്രധാന കാരണങ്ങളിൽ ഒന്നെന്ന് പഠനങ്ങളിൽ കണ്ടെത്താനായിരുന്നു. 2019ലെ ദുരന്തത്തിന്റെ കാരണങ്ങളിൽ ഒന്ന് ഇതായിരുന്നു. അന്ന് ചക്രവാതച്ചുഴിയും രൂപപ്പെട്ടിരുന്നു.
∙ വടക്കൻ കേരളത്തിൽ മിനി ക്ലൗഡ് ബേസ്റ്റ്
ഇതിനു തുല്യമായ സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. രണ്ട് മൂന്നു മണിക്കൂർ കൊണ്ട് വ്യാപകമായി 15 മുതൽ 20 സെന്റീമീറ്റർ വരെ മഴ കിട്ടുന്നതുകൊണ്ടാണ് ഇതിനെ മീസോസ് സ്കെയിൽ മിനി ക്ലൗഡ് ബേസ്റ്റ് എന്നു പറയുന്നത്. ഇതാണ് വടക്കൻ കേരളത്തിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതും അദ്ദേഹം പറഞ്ഞു.