ചിന്നിച്ചിതറിക്കിടക്കുന്ന മൃതദേഹങ്ങള്‍, ഇല്ലാതായി ചൂരൽമല അങ്ങാടി; 2018നു ശേഷം കേരളം കണ്ട ഏറ്റവും വലിയ ദുരന്തം
Mail This Article
മേപ്പാടി (വയനാട്)∙ 2018ലെ പ്രളയത്തിന് ശേഷം കേരളം കണ്ട ഏറ്റവും വലിയ ദുരന്തമായി ചൂരൽമല ഉരുൾപൊട്ടൽ. ചിന്നിച്ചിതറിക്കിടക്കുന്ന മൃതദേഹങ്ങൾ എവിടെയൊക്കെയാണെന്ന് പോലും അറിയില്ല. ചൂരൽമല അങ്ങാടി തന്നെ ഇല്ലാതായി. എത്ര വീടുകൾ നശിച്ചുവെന്ന് കൃത്യമായ കണക്കില്ല. മുണ്ടക്കൈയിലേക്ക് രക്ഷാപ്രവർത്തകരിൽ ചുരുക്കം ചിലർക്കേ എത്താൻ സാധിച്ചുള്ളു.
മുണ്ടക്കൈയിൽ പല വീടുകളുടേയും തറ മാത്രമാണ് ബാക്കിയുണ്ടായത്. മൃതദേഹങ്ങൾ പല ഭാഗത്തായി കിടക്കുകയാണ്. നിരവധി മൃതദേഹങ്ങൾ മുണ്ടക്കൈയിൽ കൂട്ടിയിട്ടിരിക്കുകയാണ് എന്നാണ് വിവരം. ഇവ മേപ്പടിയിലേക്ക് എത്തിക്കാൻ സാധിച്ചിട്ടില്ല. തകർന്ന കെട്ടിടങ്ങളുടെ മുകളിൽ ഉൾപ്പെടെ മൃതദേഹങ്ങൾ കിടക്കുന്നതായി മുണ്ടക്കൈയിൽനിന്ന് വിവരം ലഭിച്ചു. ഇക്കരെ എത്തിക്കാൻ യാതൊരു മാർഗവുമില്ല. മുണ്ടക്കൈയിൽ ഉണ്ടായിരുന്ന ചില വാഹനങ്ങളിൽ മൃതദേഹങ്ങൾ എത്തിച്ച് സ്ട്രച്ചറിൽ കയറിൽ കെട്ടിത്തൂക്കിയാണ് ഇക്കരെ കടത്തുന്നത്.
ഇതിനിടെ പുഴയിൽ അപ്രതീക്ഷിമായി വെള്ളം ഉയരുന്നതോടെ രക്ഷാപ്രവർത്തനം നിർത്തേണ്ടി വരുന്നു. മുണ്ടക്കൈയിൽനിന്നും എങ്ങനെയെങ്കിലും ഞങ്ങളുടെ കുട്ടികളെയെങ്കിലും രക്ഷിക്കണമെന്നാണ് അവിടെയുള്ളവർ ഫോണിൽ വിളിച്ചു കരയുന്നത്. വീടുകൾ തകർന്നതോടെ ഭക്ഷണം വെള്ളവുമില്ലാത വലയുകയാണ്. വൈദ്യുതിയില്ലാതെ 12 മണിക്കൂർ കഴിഞ്ഞതോടെ പലരുടെയും ഫോണുകൾ സ്വിച്ച് ഓഫ് ആയതും രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്.