‘വീട് നിന്നിടത്ത് ചെളിയും പാറയും, എല്ലാം പോയി: ആയുസ്സിന്റെ സമ്പാദ്യമായി ജീവൻ മാത്രം ബാക്കി’
Mail This Article
മേപ്പാടി∙ വില്ലേജ് ഓഫിസിൽനിന്നു കഴിഞ്ഞ ദിവസം മുന്നറിയിപ്പു ലഭിച്ചതുകൊണ്ടാണ് പ്രദേശത്തുനിന്നു മാറിത്താമസിച്ചതെന്ന് ഉരുൾപൊട്ടലിൽനിന്നു രക്ഷപ്പെട്ട വെള്ളാർമല നിവാസി അണ്ണയ്യൻ. വെള്ളാർമല വില്ലേജ് ഓഫിസിനു സമീപമാണു താമസിച്ചിരുന്നത്. ഇന്നലെ രാവിലെയോടെ തന്നെ വീടുകളിൽ വെള്ളം കയറിയിരുന്നു. ഇതോടെയാണ് അണ്ണയ്യൻ ബന്ധു വീട്ടിലേക്കു താമസം മാറിയത്.
രാത്രി ഒന്നര മണിയോടെ എന്തോ ഇടിഞ്ഞു വീഴുന്ന വലിയ ശബ്ദം കേട്ടു. എത്തിയപ്പോഴേക്കും പ്രദേശമാകെ ഒലിച്ചുപോയി. വീടു നിന്നിടത്ത് ചെളിയും പാറയും വന്നു മൂടിയിരിക്കുകയാണ്. ജീവൻ മാത്രമാണ് ഇനി ആയുസിന്റെ സമ്പാദ്യമായി ബാക്കിയുള്ളതെന്ന് അണ്ണയ്യൻ പറയുന്നു. 2018–19 കാലത്ത് ഇത്രയും ഭീകരത ഇല്ലായിരുന്നുവെന്നും അണ്ണയ്യൻ ഓർമിക്കുന്നു. ഓരോ നിമിഷവും മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർക്കു ലഭിച്ചുകൊണ്ടിരിക്കുകയാണെന്നും അണ്ണയ്യൻ പറഞ്ഞു.
ഉരുൾപൊട്ടലിന്റെ പ്രഭവ കേന്ദ്രമെന്നു സംശയിക്കുന്ന മുണ്ടക്കൈ പുഞ്ചിരിവട്ടത്ത് ഒന്നും അവശേഷിക്കുന്നില്ലെന്നാണു പ്രദേശവാസിയായ ശ്രീനിവാസൻ പറയുന്നത്. പുഞ്ചിരിവട്ടത്തെ ലയത്തിൽ പാടികൾ ഉണ്ടായിരുന്നു. ലയത്തിൽ ജോലി ചെയ്തിരുന്ന അന്യസംസ്ഥാന തൊഴിലാളികളാണ് അതിൽ ഉണ്ടായിരുന്നത്. ഇപ്പോൾ ഇവിടെ ഒന്നും അവശേഷിക്കുന്നില്ലെന്നും ശ്രീനിവാസൻ പറയുന്നു.
അതേസമയം, വെള്ളാർമല സ്കൂളിലെ 19 വിദ്യാർഥികളെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്ന് വെള്ളാർമല വിഎച്ച്എസ്എസിലെ പ്രിൻസിപ്പൽ ഭവ്യ അറിയിച്ചു. 552 കുട്ടികളാണ് സ്കൂളിൽ ഉണ്ടായിരുന്നത്. ഇതിൽ 533 കുട്ടികളെയും ബന്ധപ്പെട്ടു. ഇവർ സുരക്ഷിതരാണ്. ബാക്കി വിദ്യാർഥികളെ കുറിച്ച് ആശങ്കയുണ്ടെന്നും പ്രിൻസിപ്പൽ പറഞ്ഞു.