‘അവർ സുരക്ഷിതരെന്നു കരുതി; എന്നാൽ നേരം പുലർന്നപ്പോൾ...’: സഹോദരിയടക്കം ഏഴുപേരെ തിരഞ്ഞ് യൂനുസ്
Mail This Article
മേപ്പാടി∙ചൂരൽമലയിലെ ഉരുൾപൊട്ടലിൽ യൂനുസിന് നഷ്ടമായത് കുടുംബത്തിലെ ഏഴു പേരെ. സഹോദരി, സഹോദരിയുടെ ഭർത്താവ്, സഹോദരിയുടെ മകൻ, മകന്റെ ഭാര്യ, ഇവരുടെ കുട്ടി, ഭാര്യാമാതാവ്, ഭാര്യാമാതാവിന്റെ അമ്മ എന്നിവരെയാണ് ഉരുൾപൊട്ടലിൽ കാണാതായിരിക്കുന്നത്. ഇന്നലെ അർധരാത്രി ആദ്യം ഉരുൾപൊട്ടൽ ഉണ്ടായപ്പോൾ തന്നെ യൂനുസും കുടുംബവും സമീപത്തെ റിസോർട്ടിലേക്ക് മാറി.
സഹോദരിയും കുടുംബവും സമീപത്തായാണ് താമസിച്ചിരുന്നത്. സഹോദരിയും കുടുംബവും സുരക്ഷിതരായിരിക്കുമെന്നാണ് യൂനുസ് കരുതിയത്. എന്നാൽ നേരം പുലർന്നപ്പോൾ ഇവരുടെ വീട് തകർന്നതായി അറിഞ്ഞു. ഇവരെ ഇതുവരെ കണ്ടെത്താനായില്ല. റിസോർട്ടിൽ നിന്ന് വൈകീട്ടോടെയാണ് യൂനുസും കുടുംബവും ചൂരൽമലയിലെത്തിയത്. ഇവിടെ എത്തിയ ശേഷമാണ് ബന്ധുക്കളെ നഷ്ടമായ വിവരം ബാക്കിയുള്ളവരെ അറിയിച്ചത്.
യൂനുസിനെപ്പോലെ ബന്ധുക്കളെ നഷ്ടമായവർ നിരവധിയാണ് ചൂരൽമലയിൽ. അപകടത്തിൽ അഞ്ചംഗം കുടുംബത്തിലെ മുഴുവൻ പേരും മരിച്ചു. ചൂരൽ മലയിൽ താമസിക്കുന്ന ഗഫൂറിന്റെ കുടുംബമാണ് ഇല്ലാതായത്. ഇതിൽ ഒരാളുടെ മൃതദേഹം മാത്രമാണ് കണ്ടെത്താൻ സാധിച്ചത്.