ADVERTISEMENT

ന്യൂഡൽഹി∙ ശതകോടികൾ മുടക്കി പണിത പുതിയ പാർലമെന്റ് മന്ദിരം ചോർന്നൊലിക്കുന്നതായി സമാജ്‌വാദി പാർട്ടി (എസ്പി) അധ്യക്ഷൻ അഖിലേഷ് യാദവ്. ഡൽഹിയിൽ അതിശക്തമായ മഴയാണ്. ഈ മഴയത്താണ് ഒരുവർഷം മുൻപു നിർമിച്ച പാർലമെന്റ് മന്ദിരം ചോർന്നൊലിക്കുന്നത്. ചോർച്ചയുടെ വിഡിയോ സഹിതം അഖിലേഷ് എക്സിൽ കുറിപ്പിട്ടു. പാർലമെന്റിന്റെ ലോബിയിലുള്ള ചോർച്ചയാണു വിഡിയോയിൽ കാണുന്നത്. ഈ മൺസൂൺ കാല സമ്മേളനത്തിന്റെ ബാക്കി പഴയ പാർലമെന്റ് മന്ദിരത്തിലേക്കു മാറ്റണമെന്ന ‘നിർദേശവും’ അഖിലേഷ് ഉയർത്തിയിട്ടുണ്ട്. 

‘‘പഴയ പാർലമെന്റ് മന്ദിരം ഇതിലും മികച്ചതായിരുന്നു. പഴയ എംപിമാർക്കു വന്നു കാണാനും സംസാരിക്കാനും പറ്റും. എന്തുകൊണ്ടു നമുക്കു പഴയ പാർലമെന്റിലേക്കു തിരിച്ചുപൊയ്ക്കൂടാ. ശതകോടികൾ ചെലവഴിച്ചു നിർമിച്ച ഈ മന്ദിരത്തിലെ ‘വെള്ളം ഇറ്റുവീഴുന്ന പദ്ധതി’ കഴിയുന്നതുവരെ നമുക്ക് അവിടെ സമ്മേളനം നടത്താം. ബിജെപി സർക്കാർ ഭരിക്കുമ്പോഴുണ്ടാക്കുന്ന ഏതു കെട്ടിടത്തിന്റെയും മേൽക്കൂര ചോരുന്നത് അവയുടെ മികച്ച ഡിസൈൻ കൊണ്ടാണോയെന്നാണു പൊതുജനം ചോദിക്കുന്നത്’’ – കുറിപ്പിൽ അദ്ദേഹം എഴുതി. 

വീഴുന്ന വെള്ളം ശേഖരിക്കുന്നതിനായി ബക്കറ്റ് വച്ചിരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. കോൺഗ്രസ് എംപി മാണിക്കം ടഗോറും വിഡിയോ പങ്കുവച്ചിട്ടുണ്ട്. വിഷയം അടിയന്തരപ്രമേയമായി അവതരിപ്പിക്കുമെന്നും എംപി അറിയിച്ചു. 

അതേസമയം, പുറത്തുവന്ന വിഡിയോയിൽ ഉള്ള ചോർച്ച മാത്രമേ പാർലമെന്റ് മന്ദിരത്തിനുള്ളിലുള്ളൂവെന്നു മാത്രമാണ് ഭവന, നഗരകാര്യമന്ത്രാലയ വൃത്തങ്ങൾ അനൗദ്യോഗികമായി ദേശീയമാധ്യമങ്ങളോടു പ്രതികരിച്ചത്. സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി 2023 മേയ് 28നാണു പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. അതേവർഷം സെപ്റ്റംബർ 19 മുതൽ ഇരുസഭകളും പുതിയ മന്ദിരത്തിൽ സമ്മേളനം നടത്തുന്നു. 1,200 കോടി രൂപയാണ് ചെലവു വന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com