ADVERTISEMENT

കൊച്ചി∙ വയനാട് ദുരന്തത്തിൽ അകപ്പെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നൽകുന്ന കാര്യത്തിൽ കോൺഗ്രസിൽ തർക്കങ്ങളുണ്ടെങ്കിൽ അത് അവരാണ് വ്യക്തമാക്കേണ്ടതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ആരുടെയെങ്കിലും പ്രസ്താവനയെ വിവാദത്തിലേക്കു കൊണ്ടു പോകാൻ ആഗ്രഹിക്കുന്നില്ലെന്നും ഗോവിന്ദൻ പറഞ്ഞു. ‘‘ദുരിതപൂർണവുമായ ഒരു സന്ദർഭത്തിലൂടെ കടന്നു പോകുന്ന ജനങ്ങൾക്കു ജീവിതത്തിലേക്ക് തിരികെ വരുന്നതിന് ഒരുപാട് കടമ്പകളുണ്ട്. അവരെ സഹായിക്കാൻ ഉതകുന്ന രീതിയിലുള്ള നിലപാടാണു സ്വീകരിക്കേണ്ടത്. ഫണ്ട് കൊടുക്കേണ്ടതില്ല എന്നു പറഞ്ഞു എന്നാണു പറയപ്പെടുന്നത്, ഞാൻ കേട്ടിട്ടില്ല. അങ്ങനെ പറയാൻ സാധ്യതയില്ല, ഏതെങ്കിലും ചോദ്യത്തിന്റെ മറുപടിയായി പറഞ്ഞു പോയതായിരിക്കും എന്നാണു മുഖ്യമന്ത്രി പറഞ്ഞത്. രമേശ് ചെന്നിത്തല അദേഹത്തിന്റെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ ഫണ്ടിലേക്ക് കൊടുക്കും എന്നു പറഞ്ഞിരുന്നു. ഞങ്ങളും ആ വിധത്തിൽ കൊടുക്കുന്നുണ്ട്’’– ഗോവിന്ദൻ പറഞ്ഞു. പി.ജി സ്മൃതി സാഹിത്യ പുരസ്ക്കാര സമർപ്പണം എം.കെ.സാനുവിന് നടത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദേഹം. 

സിപിഎമ്മിന്റെ ഫണ്ട് പിരിക്കുന്നതിലേക്കു കൊടുക്കേണ്ടതില്ലെന്നും അതിനു കോണ്‍ഗ്രസിന്റേതായ ഫോറമുണ്ട് എന്നാണ് കെപിസിസി പ്രസിഡന്റ് പറഞ്ഞതതെന്നു മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കു കൊടുക്കാനാണു പറയുന്നതെന്നും ഗോവിന്ദൻ പറഞ്ഞു. ‘‘കക്ഷി രാഷ്ട്രീയത്തെ അടിസ്ഥാനമാക്കി ഭിന്നിക്കേണ്ട സമയമല്ല ഇത്. വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും കക്ഷിരാഷ്ട്രീയത്തിന്റെ ധ്വനികൾ ഉണ്ടാവുന്നതു ഗുണകരമല്ല. കേരളത്തിന് ഒരു പൈതൃകമുണ്ട്. അത് തുടർന്നു കൊണ്ടു പോവുക എന്നതാണ് വയനാടിന്റെ കാര്യത്തിൽ വേണ്ടത്’’– ഗോവിന്ദൻ പറഞ്ഞു.   

നൂറുകണക്കിനു കുടുംബങ്ങളുടെ പുനരധിവാസവും നടത്തേണ്ടതുണ്ട്. ആയിരക്കണക്കിന് സന്നദ്ധ പ്രവർത്തകരാണു അവിടെ എത്തിച്ചേർന്നത്. ഒരുമയോടെ രക്ഷാ പ്രവര്‍ത്തനങ്ങളിലും പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ആശുപത്രിയിലും ക്യാംപിലുമൊക്കെ അവർ പ്രവർത്തിച്ചു വരുന്നതാണു കാണാൻ സാധിക്കുന്നത്. അതിന്റെ ഭാഗമായിട്ടു നിരവധി വ്യക്തികകളും സ്ഥാപനങ്ങളുമെല്ലാം തങ്ങളുടെ കഴിവിനപ്പുറം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കു സംഭാവന നൽകിക്കൊണ്ടിരിക്കുകയാണ്. സിപിഎം 25 ലക്ഷം നൽകിക്കഴിഞ്ഞു. ഇതു കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ഈ മാസം 10,11 തീയതികളിൽ പാർട്ടി പ്രവർത്തകർ വീടുകളും സ്ഥാപനങ്ങളും കയറിയിറങ്ങി ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നല്‍കേണ്ടതിന്റെ പ്രാധാന്യവും അതിന്റെ വിശദാംശങ്ങളും പങ്കുവയ്ക്കും. എന്നാൽ നേരിട്ട് പിരിക്കുന്നില്ലെന്നും എം വി ഗോവിന്ദൻ അറിയിച്ചു.

എൽഡിഎഫ് എംഎൽഎമാർ ഒരു മാസത്തെ ശമ്പളം നൽകാൻ തീരുമാനിച്ചിട്ടുണ്ട്. അതുപോലെ മുൻ എംപിമാരും എംഎൽഎമാരും തങ്ങളുടെ ഒരു മാസത്തെ പെൻഷൻ തുക നൽകും. തങ്ങളുടെ കഴിവിന് അനുസരിച്ച് എല്ലാവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നൽകുക എന്നതാണ് പ്രധാനപ്പെട്ട കാര്യം, എം.വി.ഗോവിന്ദൻ പറഞ്ഞു.

English Summary:

MV Govindan Urges Unity in Contributing to Wayanad Disaster Relief Fund

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com