ഫയർ എൻജിന്റെ അലാമിനൊപ്പം മുഴങ്ങും നൈലയുടെ ‘മ്യാവൂ’ ശബ്ദം; ദുരിത ഭൂമിയിലെ ‘മിണ്ടാപൂച്ച’ ഫയർ ഫോഴ്സിന്റെ ദത്തുപുത്രി
Mail This Article
മേപ്പാടി∙ കുഞ്ഞിക്കണ്ണുകളിൽ വരെ ചെളി. ചുറ്റും മനുഷ്യരുടെ തേങ്ങലും നിലവിളികളും. കുത്തിയൊലിച്ച് ഒഴുകിയ മണ്ണിനൊപ്പം പെട്ടു പോയതാണ്. എവിടെയാണ് അഭയം പ്രാപിക്കേണ്ടതെന്ന് അറിയാതെ ശരീരമാസകലം ചെളിയുമായി ചൂരൽമലയിൽ പതുങ്ങി പതുങ്ങി നടക്കുകയായിരുന്നു അവൾ. പ്രകൃതി കലിതുള്ളിയപ്പോൾ പകച്ചുപോയ പൂച്ചയ്ക്ക് ഒടുവിൽ അഭയമായത് അഗ്നിശമന സേനാ ഉദ്യോഗസ്ഥർ.
ഉരുൾപൊട്ടലുണ്ടായി ആദ്യത്തെ ഒരു പകലും രാത്രിയും പിന്നിട്ട ശേഷമാണ് ചൂരൽമലയിൽ പേടിച്ചു വിറച്ചു ചെളിയിൽ പുതഞ്ഞു കിടന്ന പൂച്ചയെ കൊച്ചിയിൽ നിന്നെത്തിയ അഗ്നിശമന സേനയുടെ സ്കൂബാ സംഘം കണ്ടെത്തിയത്. ചത്തെന്നു കരുതിയാണ് അടുത്തേക്ക് ചെന്നത്. പക്ഷെ അവരെ ഞെട്ടിച്ചു പൂച്ചയ്ക്ക് ജീവന്റെ തുടിപ്പ്. സ്കൂബ ഡൈവേഴ്സിന്റെ സംഘത്തിൽപ്പെട്ട ഒരാൾ പൂച്ചയെ എടുത്തു പുഴയിൽ മുക്കി കുളിപ്പിച്ചു. ശരീരത്തിലെ ചെളി അപ്പാടെ കഴുകി കളഞ്ഞു. കണ്ണുകളടച്ചു പൂച്ച ആ കൈകളിൽ സുരക്ഷിതമായി ഇരുന്നു. തുടർന്ന് സ്കൂബ സംഘം അഗ്നിശമന സേനയുടെ കൺട്രോൾ റൂമിലേക്ക് പൂച്ചയെ കൈമാറി.
കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥർ ആവോളം ഭക്ഷണം നൽകി. ഒരു ദിവസം മുഴുവൻ ഒന്നും കഴിക്കാത്തതിന്റെ വിശപ്പ് ഉണ്ടായിരുന്നിട്ടും ആഹാരം കണ്ടവൾ ചാടി വീണില്ല. ഉറ്റവരെയോ ഉടമസ്ഥരെയോ ആരെയൊക്കെയോ നഷ്ടപ്പെട്ട വേദനയിൽ അവൾ മൗനിയായി ഇരുന്നു. അഗ്നിശമന സേനാ ഉദ്യോഗസ്ഥർക്ക് ആകട്ടെ പൂച്ചയെ അവിടെ ഉപേക്ഷിച്ചിട്ടു പോകാൻ തോന്നിയില്ല. കൽപറ്റ അഗ്നിശമന സേനാ നിലയത്തിലെ ഉദ്യോഗസ്ഥർ മടങ്ങിയപ്പോൾ പൂച്ചയേയും ഒപ്പം കൂട്ടി.
അവിടെ എത്തിയപ്പോഴും പൂച്ചയുടെ സ്വഭാവത്തിൽ മാറ്റമൊന്നും ഉണ്ടായിരുന്നില്ല. പതിയെ പതിയെ ചെറിയ മാറ്റങ്ങൾ വന്നുതുടങ്ങി. രണ്ടു ദിവസത്തിനു ശേഷം ഇന്നലെ അവൾ ‘മ്യാവൂ’ എന്ന് നീട്ടി വിളിക്കാൻ തുടങ്ങി. ഉദ്യോഗസ്ഥരുടെ കളിചിരികൾക്കൊപ്പം കൂടി. ഓടി കളിക്കാനും ചാടാനുമൊക്കെ തയാറായി. ഇപ്പോൾ ആഹാരവും നല്ലതുപോലെ കഴിക്കുന്നു. പൂച്ചയെ വഴിയിൽ ഉപേക്ഷിക്കാനോ മൃഗ സംരക്ഷണ വകുപ്പിനു നൽകാനോ ഉദ്യോഗസ്ഥർക്കു താൽപര്യമില്ല. ‘‘ഇവളെ ഞങ്ങൾ ദത്ത് എടുത്തിരിക്കുകയാണ്. ഫയർ സ്റ്റേഷനിൽ എല്ലാ സ്നേഹവും നൽകി ഇവളെ വളർത്തും’’– കൽപറ്റ സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ബേസിൽ മനോരമ ഓൺലൈനിനോട് പറഞ്ഞു.
ദത്തുപുത്രിയ്ക്കു നല്ലൊരു പേരിടുകയായിരുന്നു പിന്നീടുള്ള ദൗത്യം. ദുരന്തത്തെ അതിജീവിച്ചവളായതിനാൽ അത്തരമൊരു പേരു വേണമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ കൂട്ടായ തീരുമാനം. വിജയമെന്ന് അർഥം വരുന്ന നൈല എന്ന പേര് ഒരു ഉദ്യോഗസ്ഥൻ നിർദേശിച്ചു. ഇന്നലെ രാത്രി 11 മണിയോടെ അവൾക്ക് നൈലയെന്ന പേരു നൽകാൻ തീരുമാനമായി. ഇനി കൽപറ്റ അഗ്നിശമന സേനാ നിലയത്തിലെ അപായമണിക്കൊപ്പം നൈലയുടെ മ്യാവൂ ശബ്ദവും മുഴങ്ങും.