ADVERTISEMENT

കോഴിക്കോട് ∙ നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 55 ദിവസം പിന്നിട്ടിട്ടും പ്രതിയായ നടനെ പിടികൂടാതെ പൊലീസ്. കേസ് വഴിതിരിച്ചുവിടാൻ ശ്രമം നടക്കുന്നതായും ആരോപണം. കുട്ടിയിൽനിന്നു പൊലീസ് മൊഴിയെടുത്തത് മൂന്നു തവണയാണ്. കേസുമായി ബന്ധമില്ലാത്ത ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ ഇടപെടലും ഉണ്ടായിരുന്നു. പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിട്ടും പ്രതി ഒളിവിലാണെന്നാണു പൊലീസ് പറയുന്നത്. കഴിഞ്ഞ ജൂൺ എട്ടിനാണു നഗരപരിധിയിലെ ഒരു വീട്ടിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രൻ നാലു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് പോക്സോ കേസെടുത്തത്.

കുട്ടിയുടെ ബന്ധു ജില്ലാ ചൈൽഡ് പ്രൊട്ടക്‌ഷൻ യൂണിറ്റ് (ഡിസിപിയു) മുഖേന നൽകിയ പരാതി കസബ പൊലീസിൽ എത്തുകയായിരുന്നു. പൊലീസ് പോക്സോ കേസ് റജിസ്റ്റർ ചെയ്തു. തുടർന്നു കുട്ടിയിൽനിന്ന് ഇൻസ്പെക്ടർ മൊഴിയെടുത്തു. പ്രതി നഗരത്തിലെ വിവിധ സുഹൃത്തുക്കളുടെ ഫ്ലാറ്റിൽ മാറിമാറി താമസിച്ചതായി അന്വേഷണ സംഘത്തിനു സൂചന ലഭിച്ചു. ഫ്ലാറ്റുകളിൽ രാത്രി പരിശോധന നടത്തിയെങ്കിലും പിടികൂടാനായില്ല. പിന്നീട് പൊലീസിലെ ചിലർ പ്രതിക്ക് അനുകൂലമായി പ്രവർത്തിക്കുന്നതായി ആരോപണം ഉയർന്നു.

ഇതോടെ ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്ല്യുസി) ഇടപെട്ടു. കുട്ടിയെ ഹാജരാക്കാനും സംഭവത്തിന്റെ റിപ്പോർട്ട് നൽകാനും അന്വേഷണ ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടു. ഇതിനിടെ കുട്ടിയുടെ മൊഴി മാറ്റാനും ശ്രമമുണ്ടായി. അന്വേഷണ പരിധിയിലില്ലാത്ത അസിസ്റ്റന്റ് കമ്മിഷണർ കേസിൽ ഇടപെട്ടു കുട്ടിയെ ഹാജരാക്കാൻ ബന്ധുക്കളോട് ആവശ്യപ്പെട്ടു. വിവാദമായതോടെ സിഡബ്ല്യുസി കുട്ടിയെ പിതാവിന്റെ വീട്ടുകാർക്കൊപ്പം വിട്ടു. കസബ ഇൻസ്പെക്ടർ സിഡബ്ല്യുസിക്കു നൽകിയ റിപ്പോർട്ടിൽ തിരുത്തുണ്ടായ സാഹചര്യത്തിൽ റിപ്പോർട്ട് മാറ്റി നൽകാൻ സിഡബ്ല്യുസി ആവശ്യപ്പെട്ടു. ഇക്കാര്യം ജുവനൈൽ ജസ്റ്റിസ് ബോർഡിനു റിപ്പോർട്ട് നൽകി.

ഇതിനിടെ പ്രതി മുൻകൂർ ജാമ്യാപേക്ഷ നൽകിയെങ്കിലും കോടതി തള്ളി. പ്രതിയെ അറസ്റ്റ് ചെയ്യാൻ കസബ പൊലീസിനു കഴിയാത്ത സാഹചര്യത്തിൽ പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ഡപ്യൂട്ടി കമ്മിഷണറുടെയും അസിസ്റ്റന്റ് കമ്മിഷണറുടെയും നേതൃത്വത്തിലുള്ള 2 സ്ക്വാഡുകൾക്കാണ് ഇപ്പോൾ അന്വേഷണം. നടൻ വിദേശത്തേക്ക് മുങ്ങിയോ എന്നാണ് ഇപ്പോൾ പൊലീസ് അന്വേഷിക്കുന്നത്.

English Summary:

POCSO Case Against Actor Koottickal Jayachandran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com