ADVERTISEMENT

ധാക്ക∙ ബംഗ്ലദേശിൽ തൊഴിൽ സംവരണവിരുദ്ധ പ്രക്ഷോഭങ്ങളുടെ തീപ്പൊരി ആദ്യം ചിതറിയത് ധാക്ക സർവകലാശാലയിലാണ്. സ്വാതന്ത്ര്യസമര സേനാനികളുടെ കുടുംബത്തിനുള്ള തൊഴിൽ സംവരണം ബംഗ്ലദേശ് ഹൈക്കോടതി പുനഃസ്ഥാപിച്ചതിനു പിന്നാലെ ഏറെനാളിന്റെ ഇടവേളയ്ക്കുശേഷം ജൂലൈ ഒന്നിന് ധാക്ക സർവകലാശാലയിലെ വിദ്യാർഥികൾ സമരവുമായി തെരുവിലിറങ്ങി.

ആ സമരം പര്യവസാനിച്ചത് ബംഗ്ലദേശിന്റെ ഉരുക്കുവനിതയായ ഷെയ്ഖ് ഹസീനയുടെ രാജിയിലാണ്. ഇതാദ്യമായല്ല രാജ്യത്തെ വൻമാറ്റങ്ങൾക്ക് വഴിമരുന്നിടുന്ന വേദിയായി ധാക്ക സർവകലാശാല മാറുന്നത്. ബംഗ്ലദേശിന്റെ ചരിത്രത്തിലെ വലിയ നാഴികക്കല്ലുകൾക്ക് വിത്തുപാകിയത് ഈ സർവകലാശാലയും അവിടുത്തെ വിദ്യാർഥികളുമാണ്. വലിയ പോരാട്ടങ്ങളുടെ ചരിത്രം പറയാനുണ്ട് ധാക്ക സർവകലാശാലയ്ക്ക്.

1921 ജൂലൈ ഒന്നിനാണ് ബ്രിട്ടിഷ് ഇന്ത്യയിൽ ധാക്ക സർവകലാശാല സ്ഥാപിക്കുന്നത്. പി.ജെ.ഹർട്ടോഗായിരുന്നു ആദ്യ വൈസ് ചാൻസലർ. പാക്കിസ്ഥാനിൽനിന്ന് സ്വാതന്ത്ര്യം നേടുന്നതിനു മുൻപ് കിഴക്കൻ പാക്കിസ്ഥാനായിരുന്ന കാലത്ത് 1948ൽ ഉറുദുവിനെ പാക്കിസ്ഥാന്റെ ഔദ്യോഗിക ഭാഷയാക്കി അംഗീകരിക്കാനുള്ള മുഹമ്മദലി ജിന്നയുടെ ശ്രമത്തെ എതിർത്തു തോൽപ്പിച്ചത് ധാക്ക സർവകലാശാലയിലെ വിദ്യാർഥികളാണ്.

1948ൽ തുടങ്ങിയ പ്രക്ഷോഭം 1956ൽ ബംഗ്ല ഭാഷയെയും ഔദ്യോഗിക ഭാഷയായി അംഗീകരിച്ചതിനുശേഷം മാത്രമേ അവർ അവസാനിപ്പിച്ചുള്ളൂ. 1971ൽ ബംഗ്ലദേശ് വിമോചനയുദ്ധ സമയത്തും ധാക്ക സർവകലാശാല നടത്തിയ ചെറുത്തുനിൽപ്പ് ചരിത്രമാണ്. ഓപ്പറേഷൻ െസർച്ച്‌ലൈറ്റ് എന്ന പേരിൽ പാക്കിസ്ഥാൻ സൈന്യത്തിന്റെ കിഴക്കൻ കമാൻഡ് ബംഗ്ലദേശ് സ്വാതന്ത്രസമരത്തെ അടിച്ചുടയ്ക്കാൻ ആദ്യം കയറിയത് ധാക്ക സർവകലാശാലയിലാണ്. ഇരുനൂറോളം വിദ്യാർഥികളെങ്കിലും അന്ന് കൊല്ലപ്പെട്ടെന്നാണ് സ്ഥിരീകരിക്കപ്പെടാത്ത കണക്ക്.

ഹസീന സർക്കാരിനെതിരായ പ്രക്ഷോഭത്തിന്റെ നട്ടെല്ലായി ചൂണ്ടിക്കാട്ടപ്പെടുന്നത് വിവേചനവിരുദ്ധ വിദ്യാർഥി പ്രസ്ഥാനത്തിന്റെ നേതാവായ നാഹിദ് ഇസ്‌ലാമിനെയാണ്. സംവരണവിരുദ്ധ കലാപത്തിന്റെ മുൻനിരയിലുണ്ടായിരുന്നയാളാണ് നാഹിദ്. ധാക്ക സർവകലാശാലയിലെ സോഷ്യോളജി വിദ്യാർഥിയാണ് ഇദ്ദേഹം.

സമരം ചെയ്തതിന്റെ പേരിൽ ബംഗ്ലദേശ് സുരക്ഷാ ഉദ്യോഗസ്ഥർ നാഹിദിനെ തല്ലിച്ചതച്ചെന്ന് വിദ്യാർഥികൾ ആരോപിക്കുന്നുണ്ട്. ജൂലൈ 19ന് 25 പേർ ചേർന്ന് തല്ലിച്ചതച്ച് പാലത്തിനടിയിൽ ഉപേക്ഷിച്ച നാഹിദിനെ 21ന് അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ധാക്ക മെട്രോപൊളിറ്റൻ പൊലീസാണ് മർദിച്ചതെന്നാണ് വിദ്യാർഥികൾ പറയുന്നത്. പൊലീസ് ഇത് നിഷേധിക്കുന്നു. അതേസമയം, നാഹിദിന് മർദനമേറ്റെന്നു പറയുന്ന സമയം പൊലീസ് വാഹനം ആ സ്ഥലത്തിന് സമീപത്തായി ഉണ്ടായിരുന്നെന്ന രേഖകൾ ബംഗ്ലദേശ് മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.

English Summary:

Bangladesh Protest: Dhaka University and Nahid Islam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com