ADVERTISEMENT

ർക്കാർ ജോലികളിൽ സ്വാതന്ത്ര്യസമര സേനാനികളുടെ കുടുംബക്കാർക്കുള്ള  സംവരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബംഗ്ലദേശിൽ വിദ്യാർഥികളും യുവാക്കളും പ്രക്ഷോഭത്തിനിറങ്ങിയത്. ഇപ്പോൾ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിയിൽ കലാശിച്ചത് 2018 ജനുവരിയിൽ നടന്ന പ്രക്ഷോഭത്തിന്റെ രണ്ടാം ഘട്ടമാണ്. 1971 ല്‍ ബംഗ്ലദേശിനെ പാക്കിസ്ഥാനില്‍നിന്നു സ്വതന്ത്രമാക്കിയ വിമോചനയുദ്ധത്തില്‍ പങ്കെടുത്ത സ്വാതന്ത്ര്യ സമരസേനാനികളുടെ മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും ഉള്‍പ്പെടെ രാജ്യത്തെ ഉന്നത സര്‍ക്കാര്‍ ജോലികളില്‍ സംവരണം നല്‍കിയിരുന്നതിനെതിരെയാണു പ്രക്ഷോഭം ആരംഭിച്ചത്. വിഷയം കോടതിയിലെത്തിയപ്പോൾ പ്രക്ഷോഭത്തിനു താൽക്കാലിക ശമനം വന്നു. പിന്നീട് കോടതി ഉത്തരവ് ഇങ്ങിയപ്പോൾ അടുത്ത ഘട്ടത്തിന് ആരംഭമായി. റോഡ് ഉപരോധവും മറ്റുമായി തുടങ്ങിയ പ്രക്ഷോഭം പിന്നീട് അക്രമാസക്തമാകുകയായിരുന്നു.

സർക്കാർ ജോലികളിൽ 56 ശതമാനമാണ് സംവരണം വഴി വിവിധ വിഭാഗങ്ങൾക്കായി നീക്കിവയ്ക്കപ്പെട്ടിരുന്നത്. സ്വാതന്ത്ര്യ സമര സേനാനികളുടെ പിന്തുടർച്ചക്കാർക്ക് 30%, സ്ത്രീകൾക്ക് 10%, ജനസംഖ്യാടിസ്ഥാനത്തിൽ ജില്ലകൾക്ക് 10%, വംശീയ ന്യൂനപക്ഷങ്ങൾക്ക് 5%, അംഗപരിമിതർക്ക് 1% എന്നിങ്ങനെയായിരുന്നു ഈ സംവരണം. അതുകൊണ്ട് തന്നെ 44% പേർ  മാത്രമായിരുന്നു മെറിറ്റ് അടിസ്ഥാനത്തിൽ ജോലിക്കു കയറുന്നത്. ഇതു വിദ്യാർഥികൾക്കിടയിൽ വൻ പ്രതിഷേധമുണ്ടാക്കി. 2013ലും 2008ലും വിഷയത്തിൽ പ്രതിഷേധം ഉണ്ടായെങ്കിലും കാര്യമായ മുന്നോട്ടുപോക്കുണ്ടായില്ല. 56 ശതമാനത്തിൽനിന്ന് സംവരണം 10 ശതമാനത്തിലേക്ക് താഴ്ത്തണമെന്നതായിരുന്നു പ്രക്ഷോഭകരുടെ ആവശ്യങ്ങളിലൊന്ന്. ഇതിൽ ഒഴിവുവന്നാൽ മെറിറ്റ് ലിസ്റ്റിൽനിന്ന് ആളെ എടുക്കണം. സംവരണക്കാർക്ക് പ്രത്യേക പരീക്ഷ പാടില്ല. എല്ലാവർക്കും പ്രായപരിധി ഒരുപോലെയായിരിക്കണം. ഒരു തവണയിൽക്കൂടുതൽ സംവരണം നേടാൻ ആരെയും അനുവദിക്കരുത് തുടങ്ങിയ ആവശ്യങ്ങളും ഇവർ ഉന്നയിച്ചിരുന്നു. ഇതു പരിഗണിക്കാൻ സർക്കാർ വിസമ്മതിച്ചതോടെ പ്രതിഷേധക്കാർ കോടതിയെ സമീപിക്കുകയായിരുന്നു.

പ്രതിഷേധക്കാരെ നേരിടാൻ ബംഗ്ലദേശിൽ സൈന്യത്തെ വിന്യസിച്ചപ്പോൾ. തലസ്ഥാനമായ ധാക്കയിൽനിന്നുള്ള ചിത്രം. (Photo by Munir UZ ZAMAN / AFP)
പ്രതിഷേധക്കാരെ നേരിടാൻ ബംഗ്ലദേശിൽ സൈന്യത്തെ വിന്യസിച്ചപ്പോൾ. തലസ്ഥാനമായ ധാക്കയിൽനിന്നുള്ള ചിത്രം. (Photo by Munir UZ ZAMAN / AFP)

രണ്ടാം ഘട്ട പ്രതിഷേധത്തിന്റെ നാൾവഴികൾ:

ജൂലൈ 1: ധാക്ക സർവകലാശാലയിലും മറ്റ് സർവകലാശാലകളിലുമുള്ള വിദ്യാർഥികൾ പ്രതിഷേധ പ്രകടനങ്ങൾ നടത്തി. തങ്ങൾ മുന്നോട്ടു വച്ച കാര്യങ്ങൾ ജൂലൈ നാലിനകം  അംഗീകരിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.

ജൂലൈ 2: ഷാബാഗിൽ ഒരു മണിക്കൂർ റോഡിൽ ഗതാഗതം തടസ്സപ്പെടുത്തിയും ജഹാൻഗിർനഗർ സർവകലാശാല ക്യാംപസിനു മുന്നിലുള്ള ധാക്ക – അറിച്ച ദേശീയപാത 20 മിനിറ്റ് ഉപരോധിച്ചും പ്രതിഷേധം.

ജൂലൈ 3: ഷാബാഗിൽ ഒന്നരമണിക്കൂർ നീളുന്ന റോഡ് ഉപരോധം. ആറു സർവകലാശാലകളിലും പ്രതിഷേധം.

ജൂലൈ 7: ധാക്കയിലെ റോഡുകൾ മണിക്കൂറുകളോളം പ്രക്ഷോഭകാരികൾ ഉപരോധിച്ചു. കോളജുകളിലെയും സർവകലാശാലകളിലെയും പരീക്ഷകളും ക്ലാസുകളും ബഹിഷ്കരിക്കാൻ ആഹ്വാനം.

ജൂലൈ 8: ധാക്കയിൽ 11 ഇടത്ത് റോഡ് ഉപരോധം, ഒൻപത് സർവകലാശാലകളിൽ പ്രകടനങ്ങൾ, മൂന്നിടങ്ങളിൽ ട്രെയിൻ തടഞ്ഞു. ആറു ദേശീയ പാതകൾ തടസ്സപ്പെടുത്തി പ്രതിഷേധം.

ജൂലൈ 9: രാജ്യമെങ്ങും സ്തംഭിക്കുന്ന തരത്തിൽ ബംഗ്ല ബ്ലോക്കേഡിന് ആഹ്വാനം.

ജൂലൈ 10: സംവരണ വിഷയത്തിൽ നാലാഴ്ചത്തേക്കു തൽസ്ഥിതി തുടരണമെന്നു കോടതി. എല്ലാ തസ്തികകളിലേക്കുമുള്ള സംവരണ സംവിധാനം സർക്കാർ പരിഷ്കരിക്കണമെന്നും ആവശ്യം.

ജൂലൈ 11: പ്രതിഷേധക്കാർ പരിധിവിടുന്നുവെന്ന് ബംഗ്ലദേശ് ആഭ്യന്തരമന്ത്രി.

ജൂലൈ 13: സർക്കാർ ജോലിയിലെ എല്ലാ തസ്തികകളിലേക്കുമുള്ള ക്വോട്ട പരിഷ്കരിക്കണമെന്നു പ്രസിഡന്റിനു നിവേദനം നൽകാൻ വിദ്യാർഥികളുടെ തീരുമാനം.

ജൂലൈ 14: ‘‘സ്വാതന്ത്ര്യസമരസേനാനികളുടെ ചെറുമക്കൾക്കല്ലാതെ  റസാക്കറുടെ (രാജ്യദ്രോഹികൾ) ചെറുമക്കൾക്കാണോ ജോലി ലഭിക്കേണ്ടത്?’ എന്ന പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പ്രസ്താവന വൻ വിവാദമായി.

ജൂലൈ 16: രാജ്യമെങ്ങും വ്യാപക പ്രതിഷേധം. ഭരണകക്ഷിയിൽപ്പെട്ട പാർട്ടികളും പ്രതിഷേധക്കാരും തമ്മിൽ സംഘർഷം.

ജൂലൈ 18: അന്നുവരെ പ്രതിഷേധത്തിൽ 27 പേർ കൊല്ലപ്പെട്ടു. പ്രതിഷേധക്കാരെ നേരിടാൻ ബോർഡർ ഗാർഡ് ബംഗ്ലദേശ് (ബിജിബി) സേനയെ രാജ്യമെങ്ങും വിന്യസിച്ചു.

ജൂലൈ 19: തലസ്ഥാനമായ ധാക്കയിൽ മുൻപെങ്ങും കാണാത്തവിധത്തിലുള്ള പ്രതിഷേധം. ക്വോട്ട സംവിധാനം പൂർണമായി പിൻവലിക്കണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടു. രാജ്യമെങ്ങും പ്രതിഷേധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 103 ആയി. രാത്രിയിൽ കർഫ്യൂ പ്രഖ്യാപിച്ചു. സൈന്യത്തെയും വിന്യസിച്ചു. ഇന്റർനെറ്റ് വിച്ഛേദിച്ചു.

ജൂലൈ 20: അന്നുമാത്രം 26 പേരാണ് മരിച്ചത്. നാലു ദിവസം കൊണ്ട് മരണസംഖ്യ 148 ആയി. സമാധാനസ്ഥിതി തിരിച്ചുവരുന്നതുവരെ രാജ്യത്ത് കർഫ്യൂ തുടരുമെന്ന് ആഭ്യന്തരമന്ത്രി അസദുസ്സമാൻ ഖാൻ അറിയിച്ചു.

ജൂലൈ 21: സർക്കാർ ജോലികൾ 93% മെറിറ്റ് അടിസ്ഥാനത്തിലും സംവരണം വഴി വരുന്നവർക്ക് 7 ശതമാനവുമാക്കി കോടതി ഉത്തരവിട്ടു. ഈ ക്വോട്ടയിൽ 5% സ്വാതന്ത്ര്യ സമര സേനാനികളുടെ മക്കൾക്കും മറ്റുമായി നീക്കിവച്ചു. ഒരു ശതമാനം വംശീയ ന്യൂനപക്ഷത്തിനും ഒരു ശതമാനം അംഗപരിമിതർക്കും തേഡ് ജെൻഡറിനുമായി നീക്കി. ഇവയിൽ ആളില്ലാതെ വന്നാൽ മെറിറ്റ് പട്ടികയിൽനിന്ന് ആളെച്ചേർക്കാം. അഞ്ച് ദിവസത്തിനിടെ ആകെ മരണം 174 ആയി. അന്നുവരെ 550 പേരെയാണ് രാജ്യമാകെ അറസ്റ്റ് ചെയ്തത്.

ജൂലൈ 22: ക്വോട്ട സംവിധാനത്തിന്റെ പരിഷ്കരണം പ്രധാനമന്ത്രി അംഗീകരിച്ചത് വിജ്ഞാപനം ചെയ്തു. ആകെ മരണം 187 ആയി.

ജൂലൈ 25: ആകെ മരണം 204. വെള്ളി, ശനി ദിവസങ്ങളിൽ ഒൻപതു മണിക്കൂർ കർഫ്യൂ ഇളവു ചെയ്തു. പൊലീസ് മാരകായുധങ്ങൾ ഉപയോഗിച്ചാണു പ്രക്ഷോഭകാരികളെ നേരിട്ടതെന്ന് രാജ്യാന്തര സന്നദ്ധ സംഘടനയായ ആംനെസ്റ്റി അറിയിച്ചു.

ജൂലൈ 26: പ്രതിഷേധക്കാർക്കെതിരെ ശക്തമായ നടപടികൾ. 555 കേസുകൾ റജിസ്റ്റർ ചെയ്തു. 6,264 പേരെ അറസ്റ്റ് ചെയ്തു. ആകെ 209 പേർ മരിച്ചു.

ജൂലൈ 27: 11 ദിവസത്തിനിടെ 9,121 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.

ജൂലൈ 28: 10 ദിവസത്തിനുശേഷം ഇന്റർനെറ്റ് പുനഃസ്ഥാപിച്ചു.

ജൂലൈ 29: ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞവർ കൂടി മരിച്ചതോടെ ആകെ മരണം 211 ആയി.

ജൂലൈ 30: കൊല്ലപ്പെട്ടവർക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ചുവപ്പ് ബാൻഡ് കൊണ്ട് വായ മൂടിക്കെട്ടി പ്രതിഷേധം. സുതാര്യ അന്വേഷണം വേണമെന്ന് യുഎൻ സെക്രട്ടറി ജനറൽ ആവശ്യപ്പെട്ടു.

ഓഗസ്റ്റ് 5: പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ച് ഇന്ത്യയിലേക്കു കടന്നു.

English Summary:

Bangladesh Quota Reform Protests: A Timeline of Events Leading to Sheikh Hasina's Resignation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com