ഷെയ്ഖ് ഹസീന ഇനി എങ്ങോട്ട്? അഭയം ലഭിക്കും വരെ ഇന്ത്യയിൽ തുടരും; രാഷ്ട്രീയം അവസാനിപ്പിച്ചെന്ന് മകൻ
Mail This Article
ധാക്ക∙ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചതിനു പിന്നാലെ ബംഗ്ലദേശിൽനിന്ന് പലായനം ചെയ്ത് ഇന്ത്യയിലെത്തിയ ഷെയ്ഖ് ഹസീന ഉടൻ ലണ്ടനിലേക്ക് പുറപ്പെടില്ലെന്ന് റിപ്പോർട്ട്. യുകെയിൽ അഭയം ലഭിക്കുന്നതുവരെ മൂന്നോ നാലോ ദിവസത്തേക്ക് അവർ ഇന്ത്യയിൽ തുടരുമെന്ന് ഹസീനയുടെ കുടുംബവുമായി അടുപ്പമുള്ള അവാമി ലീഗ് നേതാവ് ജമാൽ അഹമ്മദ് ഖാൻ ബംഗ്ലദേശ് മാധ്യമമായ ബംഗ്ലാ ട്രിബ്യൂണിനോട് സ്ഥിരീകരിച്ചു.
സഹോദരി ഷെയ്ഖ് രഹാനയ്ക്കൊപ്പം ഗാസിയാബാദിലെ വ്യോമസേനാത്താവളത്തിലാണ് ഹസീന ഇപ്പോഴുള്ളത്. ഇവിടെനിന്ന് ഉടൻ ലണ്ടനിലേക്ക് പോകുമെന്ന തരത്തിലായിരുന്നു ആദ്യം പുറത്തുവന്ന അഭ്യൂഹം. ഷെയ്ഖ് രഹാനയ്ക്ക് ബ്രിട്ടിഷ് പൗരത്വമുണ്ട്. രെഹാനയുടെ മകൾ ബ്രിട്ടിഷ് പാർലമെന്റ് അംഗവുമാണ്. മൂന്നോ നാലോ ദിവസം ഡൽഹിയിൽ കഴിഞ്ഞതിനുശേഷം ഇനി എങ്ങോട്ടുപോകണമെന്ന കാര്യത്തിൽ അന്തിമതീരുമാനമെടുക്കുമെന്നും ജമാൽ പറഞ്ഞു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഷെയ്ഖ് ഹസീനയുമായി കൂടിക്കാഴ്ച നടത്തി. ഗാസിയാബാദിലെ ഹിൻഡൻ വ്യോമസേനാത്താവളത്തിൽ വച്ചായിരുന്നു കൂടിക്കാഴ്ച. ഹസീനയെത്തിയതിനു പിന്നാലെ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് ബംഗ്ലദേശിലെ സ്ഥിതിഗതികൾ ധരിപ്പിച്ചു. അതേസമയം, ഹസീനയുമായി മോദി കൂടിക്കാഴ്ച നടത്തുമോയെന്നതിൽ വ്യക്തതയില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ സുരക്ഷാ കാബിനറ്റ് കമ്മിറ്റി യോഗം ചേർന്നു. ബംഗ്ലദേശിലെ സ്ഥിതിഗതികൾ വിലയിരുത്തി. വിദേശകാര്യമന്ത്രി എസ്.ജയഷങ്കർ, ധനമന്ത്രി നിർമല സീതാരാമൻ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ് എന്നിവവർ പങ്കെടുത്തു. ഹിൻഡൻ വ്യോമസേനാത്താവളത്തിൽനിന്ന് ഹസീന ലണ്ടനിലേക്ക് പോകുകയും അവിടെ അഭയം തേടുകയും ചെയ്യുെമന്നാണ് റിപ്പോർട്ട്.
∙ ഷെയ്ഖ് ഹസീന ഇനി രാഷ്ട്രീയത്തിലേക്കില്ലെന്ന് മകൻ
ഷെയ്ഖ് ഹസീന ഇനി രാഷ്ട്രീയത്തിലേക്ക് മടങ്ങിവരില്ലെന്നും കടുത്ത നിരാശയിലാണ് അവർ രാജ്യം വിട്ടതെന്നും മകൻ സജീബ് വാസെദ് ജോയി. ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് സജീബിന്റെ പ്രതികരണം. ബംഗ്ലദേശിനെ മാറ്റിയെടുക്കാൻ വളരെയേറെ ശ്രമിച്ചിട്ടും തനിക്കെതിരെയുണ്ടായ കലാപത്തിൽ അവർ നിരാശയാണെന്ന് സജീബ് പറഞ്ഞു. ഹസീനയുടെ ഉപദേഷ്ടാവായിരുന്നു സജീബ്.
‘‘ബംഗ്ലദേശിനെ അവർ മാറ്റിമറിച്ചു. അവർ അധികാരമേറ്റെടുക്കുമ്പോൾ ബംഗ്ലദേശിനെ പരാജയപ്പെട്ട രാജ്യമായിട്ടായിരുന്ന എല്ലാവരും കണ്ടിരുന്നത്. ഇതൊരു ദരിദ്ര രാജ്യമായിരുന്നു, എന്നാൽ പിന്നീടുമുതൽ ഇന്നുവരെ ഏഷ്യയിലെ ഉയർന്നുവരുന്ന രാജ്യങ്ങളിലൊന്നായി ബംഗ്ലദേശ് മാറി.’’–സജീബ് പറഞ്ഞു.